തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ അനന്തപുരിയുടെ പച്ചപ്പാടത്ത് വെടിക്കെട്ടി ന് തിരികൊളുത്താൻ ആശാന്മാർ എത്തി. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് അവസാന അങ്കത്തിന് മുംബൈയിൽനിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിൽ ഇന്ത്യ, വെസ്റ്റിൻഡീസ് ടീം അംഗങ്ങൾ എത്തിയത്. താരങ്ങളെ ഒരുനോക്ക് കാണാൻ രാവിലെ 11മുതൽ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം നൂറുകണക്കിന് ആരാധകരാണ് ശംഖുംമുഖത്തെ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ‘ക്യാപ്റ്റൻ കൂൾ’ ധോണിക്കും സചിൻ ടെണ്ടുൽകറിനും വരെ ദേശീയപതാക ചുഴറ്റി ആരാധകർ ജയ് വിളിച്ചപ്പോൾ പൊലീസും നന്നേ വിയർത്തു. ആവേശം അതിരുവിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ട്രോളികൾ ബാരിക്കേഡാക്കി ഉപയോഗിക്കേണ്ടിവന്നു.
ആവേശം അണപൊട്ടി
ആരാധകരെ ആവേശത്തിലാക്കി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയാണ് ആദ്യം പുറത്തിറങ്ങിയത്. ചെറുപുഞ്ചിരിയുമായി നേരെ ബസിലേക്ക്. തൊട്ടുപിറകെയാണ് നായകൻ കോഹ്ലി എത്തിയത്. കനത്ത പൊലീസ് വലയത്തിൽ കോഹ്ലിയും ബസിലേക്ക്. ബസിെൻറ മുൻ വശത്ത് രവിശാസ്ത്രിക്കൊപ്പം വലത് ഭാഗത്ത് ഇരിപ്പിടം കണ്ടെത്തിയ ഇന്ത്യൻ നായകൻ ആരാധകരുടെ ആവേശം കണ്ടുകൊണ്ടിരുന്നു. ആറാമതായാണ് മുൻ നായകൻ എം.എസ് ധോണി എത്തിയത്. വെസ്റ്റിൻഡീസ് നിരയിൽ നായകൻ ജാസൺ ഹോഡറാണ് ആദ്യം വന്നത്. കരീബിയൻ നിരക്കും ആവേശകരമായ സ്വീകരണമാണ് കാണികൾ ഒരുക്കിയത്. വെസ്റ്റിൻഡിയൻ യുവതാരം ഹേറ്റ്മെയർക്കായിരുന്നു കൈയടി കൂടുതൽ.
കോവളത്തെ ഹോട്ടൽ ലീല റാവിസിലെത്തിയ താരങ്ങളെ ചെണ്ടമേളവും തലപ്പൊലിയുമായാണ് വരവേറ്റത്. ഹോട്ടലിൽ െവച്ച് ഇരുടീമും പരസ്പരം കാണില്ല. രണ്ട് ബ്ലോക്കുകളിലായാണ് താമസ സൗകര്യമെന്ന് ഹോട്ടൽ ഡയറക്ടർ ഓഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ആർ. ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ ടീമിന് ബീച്ച് വ്യൂ സൈഡും വെസ്റ്റിൻഡീസ് ടീമിന് ഗാർഡൻ വ്യൂ സൈഡുമാണ് നൽകിയിരിക്കുന്നത്.
ക്രിക്കറ്റ് വേണ്ട, ബീച്ച് വോളി മതി
ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങും. ഉച്ചക്ക് 12വരെയാണ് പരിശീലനം. അതേസമയം, വെസ്റ്റിൻഡീസ് പരിശീലനം വേണ്ടെന്നുെവച്ചു. പകരം ബീച്ച് വോളിക്കാണ് ക്യാപ്റ്റൻ ജാസൺ ഹോൾഡർ താൽപര്യം പ്രകടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.