വിശാഖപട്ടണം: സെഞ്ച്വറിയോടെ കോഹ്ലിയുടെ റെക്കോഡ് ഇന്നിങ്സ്. മറുപടിയായി ഷിംറോൺ ഹെറ്റ്മയറും ഷായ് ഹോപ്പും നടത്തിയ വെടിക്കെട്ട് ബാറ്റിങ്. അവസാന ഒാവർ വരെ മാറിമറിഞ്ഞ സാധ്യതകൾ. നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനത്തിന് ആവേശ സമനില.
ആദ്യം ബാറ്റുചെയ്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്ത ഇന്ത്യക്കെതിരെ വിൻഡീസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. ഇതോടെ ഇരുടീമും സമനിലപാലിച്ച് കളംവിട്ടു. ജയം ഉറപ്പിച്ച വിൻഡീസിൽനിന്ന് അവസാന ഒാവറുകളിൽ റൺസ് പിടിച്ചുനിർത്തി പന്തെറിഞ്ഞ മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ് കളി തിരിച്ചുപിടിച്ചത്. എന്നാൽ, അവസാന പന്തിൽ ബൗണ്ടറി നേടി ഹോപ് കളി സമനിലയാക്കി.
129 പന്തിൽ 157 റൺസെടുത്ത് ഇന്ത്യയെ മുന്നിൽനിന്ന് നയിച്ച കോഹ്ലിക്ക് ഇരട്ടച്ചേങ്കാടെയായിരുന്നു വിൻഡീസിെൻറ മറുപടി. ഷിംറോൺ ഹെറ്റ്മെയറും (64 പന്തിൽ 94) ഷായ് ഹോപ്പും (134 പന്തിൽ 123 നോട്ടൗട്ട്) നടത്തിയ ധീരോദാത്ത പോരാട്ടത്തിൽ വിൻഡീസ് കളിയിലേക്ക് തിരിച്ചെത്തി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒാപണർമാരായ രോഹിത് ശർമയെയും (4) ശിഖർ ധവാനെയും (29) എളുപ്പം നഷ്ടമായെങ്കിലും കോഹ്ലിയുടെ ഇന്നിങ്സ് രക്ഷയായി. 129 പന്തിൽ 157 റൺസുമായി പുറത്താവാതെനിന്ന കോഹ്ലി അമ്പാട്ടി റായുഡു (73), എം.എസ്. ധോണി (20), ഋഷഭ് പന്ത് (17), രവീന്ദ്ര ജദേജ (13) എന്നിവരെ കൂട്ടുപിടിച്ച് സ്കോർ 300 കടത്തി. ആറു വിക്കറ്റ് നഷ്ടത്തിലായിരുന്നു മികച്ച ടോട്ടൽ.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് തുടക്കത്തിൽതന്നെ ഇന്ത്യൻ ബൗളിങ്ങിനുമേൽ ശൗര്യം പ്രകടിപ്പിച്ചു. കീറൺ പവലും (18) ചാന്ദർപോൾ ഹേമരാജും (32) കരുതലോടെ തുടങ്ങിയ ഇന്നിങ്സിൽ 36ലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ചന്ദർപോളും മർലോൺ സാമുവൽസും (13) പുറത്തായതിനു പിന്നാലെ േഹാപ്പും ഹെത്മെയറും ഒന്നിച്ചപ്പോൾ സ്കോറിങ്ങിന് വേഗമേറി.
കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പുതുമുഖമായ ഹെറ്റ്മെയർ സിക്സും ബൗണ്ടറിയുമായി ഇന്ത്യയെ വെള്ളംകുടിപ്പിച്ചു. മൂന്ന് സ്പിന്നറും രണ്ട് പേസും മാറിമാറി പരീക്ഷിച്ചിട്ടും ഇൗ വെടിക്കെട്ടിനെ തളർത്താനായില്ല. നാല് ബൗണ്ടറിയും ഏഴ് സിക്സുമാണ് ഹെറ്റ്മയർ അടിച്ചുകൂട്ടിയത്.
സ്കോർ 221ലെത്തിയപ്പോൾ സെഞ്ച്വറിയിൽനിന്ന് ആറ് റൺസ് അകലെ ഹെറ്റ്മയർ ചഹലിെൻറ പന്തിൽ കോഹ്ലിക്ക് പിടികൊടുത്ത് മടങ്ങി. പിന്നെ വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ച്വറിയും നേടി ഹോപ് കുതിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് വിൻഡീസിനെ തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.