രാജ്കോട്ട്: വിദേശമണ്ണിലെ തുടർപരാജയങ്ങളിൽനിന്ന് ആശ്വാസം തേടി ഇന്ത്യൻ ടെസ്റ്റ് ടീം സ്വന്തം മണ്ണിൽ ഇറങ്ങുന്നു. താരതമ്യേന ദുർബലരായ വെസ്റ്റിൻഡീസിനെതിരായ രണ്ടു മത്സര പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നുമുതൽ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെതിരെ അവരുടെ നാട്ടിൽ ടെസ്റ്റ് പരമ്പരകൾ അടിയറവെച്ചാണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീം നാട്ടിലെ കളിക്കിറങ്ങുന്നത്. അടുത്ത മാസം ആസ്ട്രേലിയക്കെതിരെ അവരുടെ തട്ടകത്തിൽ കളിക്കാൻ തയാറെടുക്കുന്ന ഇന്ത്യക്ക് അതിനനുയോജ്യമായ പരിശീലനമല്ല വിൻഡീസിനെതിരായ പരമ്പരയെങ്കിലും ജയത്തോടെ ഒരുങ്ങാനുള്ള ശ്രമത്തിലാവും ആതിഥേയർ.
ഒാപണിങ്ങിൽ മാറ്റവുമായി ടീം ഇന്ത്യ
ഇംഗ്ലണ്ടിനെതിരെ കളിച്ച പരമ്പരയിലെ ബാറ്റിങ്, ബൗളിങ് ഒാപണർമാരിൽ മാറ്റവുമായാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. കുറച്ചുകാലമായി ടീമിന് തുടക്കം നൽകിയിരുന്ന മുരളി വിജയും ശിഖർ ധവാനും ടീമിലില്ല. മോശം ഫോമാണ് ഇരുവർക്കും വിനയായത്. പ്രധാന പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഇശാന്ത് ശർമ എന്നിവരും ടീമിനൊപ്പമില്ല. ഇശാന്തിന് പരിക്കാണെങ്കിൽ ആസ്ട്രേലിയൻ പര്യടനം മുന്നിൽക്കണ്ട് വിശ്രമമനുവദിച്ചിരിക്കുകയാണ് ബുംറക്കും ഭുവനേശ്വറിനും.
രാഹുൽ–പൃഥ്വി ഒാപണിങ് ജോടി
പതിവിനു വിപരീതമായി ഇന്ത്യ ടെസ്റ്റിന് തലേന്നുതന്നെ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഒാപണർ മായങ്ക് അഗർവാൾ, മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി, പേസ് ബൗളർ മുഹമ്മദ് സിറാജ് എന്നിവരെയാണ് ഒഴിവാക്കിയത്. ഇതോടെ രാഹുലിനൊപ്പം ഒാപണിങ്ങിൽ 18കാരൻ പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കുമെന്നുറപ്പായി. അഞ്ച് ബാറ്റ്സ്മാന്മാർ, വിക്കറ്റ് കീപ്പർ, അഞ്ച് ബൗളർമാർ എന്നതായിരിക്കും ടീം കോമ്പിനേഷൻ. അഞ്ചാം ബൗളറായി സ്പിന്നറാണെങ്കിൽ കുൽദീപ് യാദവും പേസറാണെങ്കിൽ ശർദുൽ ഠാകൂറും കളിക്കും.
മോശം ഫോമിലുള്ള വിജയും ധവാനും പുറത്തായതാണ് ഷാക്ക് വഴിതുറന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയതുമുതൽ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന ഷാ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിൽ ഇടംപിടിച്ചെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അതേസമയം, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ കളിച്ച വിഹാരിക്ക് അഞ്ചു ബാറ്റ്സ്മാന്മാരെ മാത്രം കളിപ്പിക്കാനുള്ള തീരുമാനമാണ് തിരിച്ചടിയായത്. ഷാക്കൊപ്പം ഇന്നിങ്സിന് തുടക്കമിടുന്ന രാഹുലും ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. കുറച്ചുകാലമായി ടീമിന് അകത്തും പുറത്തുമായ രാഹുൽ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ സെഞ്ച്വറിയടിച്ചാണ് പിടിച്ചുനിന്നത്. വിൻഡീസിനെതിരെ തിളങ്ങിയാൽ ഇൗ ഒാപണിങ് ജോടി തന്നെയാവും ഒാസീസ് മണ്ണിലും ഇറങ്ങുക. ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ എന്നിവരടങ്ങുന്ന മധ്യനിരക്ക് കരുത്തേകാൻ ആറാം നമ്പറിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമെത്തും. പേസ് ബൗളിങ്ങിന് മുഹമ്മദ് ഷമി-ഉമേഷ് യാദവ് ജോടിയും സ്പിന്നിന് രവിചന്ദ്ര അശ്വിൻ-രവീന്ദ്ര ജദേജ സഖ്യവും നേതൃത്വം നൽകും.
റോച്ചില്ലാതെ വിൻഡീസ്
അഞ്ചു വർഷത്തിനുശേഷമാണ് വെസ്റ്റിൻഡീസ് ഇന്ത്യയിൽ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. അന്ന് കളത്തിലിറങ്ങിയവരിൽ അഞ്ചു പേർ മാത്രമേ ഇപ്പോൾ ടീമിനൊപ്പമുള്ളൂ. ബാറ്റ്സ്മാന്മാരായ ക്രെയ്ഗ് ബ്രാത്വെയ്റ്റ്, കീറൺ പൊവൽ, പേസർമാരായ കെമാർ റോച്ച്, സ്പിന്നർ ദേവേന്ദ്ര ബിഷൂ. ഇതിൽ റോച്ച് പരിക്കുമൂലം ആദ്യ കളിക്ക് ഇറങ്ങില്ല. ലോക ഒന്നാം നമ്പർ ടീമിനെതിരെ അവരുടെ നാട്ടിൽ ഇറങ്ങുേമ്പാൾ എട്ടാം നമ്പർ ടീമായ വിൻഡീസിന് കാര്യമായ സാധ്യത കൽപിക്കപ്പെടുന്നില്ല. എന്നാൽ, വമ്പന്മാരെ വീഴ്ത്താൻ കെൽപുള്ള കളിക്കാരുടെ സംഘമാണ് തങ്ങളെന്ന് വിൻഡീസ് കോച്ച് സ്റ്റുവാർട്ട് ലോ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.