അരങ്ങേറ്റത്തിൽ സ്വെഞ്ചറി നേടി കീറ്റോൺ ജെന്നിങ്​സ്; ഇഗ്ലണ്ട് 288/5

മുംബൈ: ലക്കി ഗ്രൗണ്ടില്‍ ഇംഗ്ളണ്ടിന് തുടക്കം മോശമായില്ല. ഇന്ത്യക്കെതിരെ ഏകപക്ഷീയമായി പിന്നിലായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചുവരവിന് കിണഞ്ഞിറങ്ങിയ ഇംഗ്ളണ്ട് നാലാം ടെസ്റ്റിന്‍െറ ആദ്യ ദിവസം സ്വന്തം വരുതിയിലാക്കി. അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിങ്സിന്‍െറ ഉജ്ജ്വലമായ സെഞ്ചറിയുടെ കരുത്തില്‍ ആദ്യ ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. 

വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ കൊമ്പുകോര്‍ത്ത ഒടുവിലത്തെ രണ്ടു ടെസ്റ്റിലും ഇംഗ്ളണ്ടിനായിരുന്നു വിജയം. 2006ല്‍ 212 റണ്‍സിനായിരുന്നു ജയമെങ്കില്‍ 2012ല്‍ 10 വിക്കറ്റിനായിരുന്നു ഇംഗ്ളണ്ട് വിജയം രുചിച്ചത്. ഭാഗ്യമൈതാനത്ത് ടോസിന്‍െറ പിന്‍ബലം കൂടിയായപ്പോള്‍ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ ഇംഗ്ളണ്ടിന് രണ്ടാമതാലോചിക്കേണ്ടിവന്നില്ല. തീരുമാനം തെറ്റിയില്ളെന്ന് ക്യാപ്റ്റര്‍ അലിസ്റ്റര്‍ കുക്കിന്‍െറ നേതൃത്വത്തിലെ ഓപണിങ് തെളിയിക്കുകയും ചെയ്തു. കഴിഞ്ഞ കളിയില്‍ കുക്കിന് കൂട്ടായിറങ്ങിയ ഹസീബ് ഹമീദ് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ ടീമിലിടം കിട്ടിയ ഇടങ്കൈയന്‍ ബാറ്റ്സ്മാന്‍ കീറ്റണ്‍ ജെന്നിങ്സിന്‍െറ ദിവസമായിരുന്നു വ്യാഴാഴ്ച. ആദ്യ മത്സരത്തിനിറങ്ങിയ ജെന്നിങ്സ് പതര്‍ച്ചയില്ലാതെ ഇന്ത്യന്‍ ബൗളിങ്ങിനെ നേരിട്ടു. കഴിഞ്ഞ കളികളില്‍ ഓപണിങ് സ്പെല്ലില്‍ ഇന്ത്യക്ക് നിര്‍ണായക വിക്കറ്റുകള്‍ നേടിക്കൊടുത്ത മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തിരുന്നത് തിരിച്ചടിയുമായി. പകരമത്തെിയ ഭുവനേശ്വര്‍ കുമാറിന് എതിരാളികള്‍ക്കു മുന്നില്‍ ഭീഷണിയുയര്‍ത്താനുമായില്ല. 
 


99 റണ്‍സിലത്തെിയ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ കോഹ്ലിക്ക് ഒടുവില്‍ സ്പിന്നര്‍മാരുടെ സഹായം വേണ്ടിവന്നു. 26ാമത്തെ ഓവറില്‍ രവീന്ദ്ര ജദേജയെ കോഹ്ലി പന്തേല്‍പിച്ചത് വഴിത്തിരിവായി. ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ ജദേജ കുക്കിനെ കരക്കത്തെിച്ചു. ജദേജയെ സിക്സറിന് പറത്താനുള്ള ശ്രമത്തില്‍ താളംതെറ്റിയ അലിസ്റ്റര്‍ കുക്കിനെ പാര്‍ഥിവ് പട്ടേല്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. 60 പന്തില്‍ 46 റണ്‍സായിരുന്നു കുക്കിന്‍െറ സംഭാവന. 89 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ജെന്നിങ്സ് മറുവശത്ത് ഉറച്ചുനിന്നു. അടുത്ത ഊഴം അശ്വിന്‍േറതായിരുന്നു. 41 പന്തില്‍ 21 റണ്‍സെടുത്ത റൂട്ടിനെ അശ്വിന്‍െറ വെട്ടിത്തിരിഞ്ഞ പന്ത് ചതിച്ചു. സ്ളിപ്പില്‍ കോഹ്ലി മനോഹരമായി പിടിയിലൊതുക്കി. 

 


തുടര്‍ന്ന് ക്രീസിലത്തെിയ മൊയീന്‍ അലി, ജെന്നിങ്സിന് മികച്ച പങ്കാളിയായി. ഇരുവരും ചേര്‍ന്ന് ഇംഗ്ളീഷ് പ്രതീക്ഷകള്‍ കെട്ടിപ്പൊക്കിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ നെഞ്ചിടിപ്പേറി. ജയന്ത് യാദവും അശ്വിനും ജദേജയും മാറിമാറി എറിഞ്ഞിട്ടും വിക്കറ്റ് മാത്രം ഇളകിയില്ല. അതിനിടയില്‍ ജയന്ത് യാദവിനെ ബൗണ്ടറി കടത്തി ജെന്നിങ്സ് അരങ്ങേറ്റത്തില്‍ സെഞ്ച്വറിയും കുറിച്ചു. വാംഖഡെ ആദരപൂര്‍ം കൈയടിച്ച നിമിഷം. 

104 പന്തില്‍ 50 റണ്‍സ് അടിച്ച മൊയീന്‍ കരിയറിലെ ഒമ്പതാമത്തെ അര്‍ധസെഞ്ച്വറി തികച്ച ഉടന്‍ അശ്വിന് കീഴടങ്ങി. ജയന്ത് യാദവിനെ മാറ്റി അശ്വിനെ വിളിച്ചതിന്‍െറ ഫലമായിരുന്നു മൊയീന്‍െറ വിക്കറ്റ്. അശ്വിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്ത് കരുണ്‍ നായരുടെ കൈപ്പിടിയില്‍ ഒതുങ്ങി. മൂന്നാം വിക്കറ്റില്‍ വിലപ്പെട്ട 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തത്. അതേ ഓവറിലെ നാലാമത്തെ പന്തില്‍ ജെന്നിങ്സിനെ വീഴ്ത്തി അശ്വിന്‍ ഇരട്ട അടി നല്‍കി. അശ്വിനെ ഡ്രൈവ് ചെയ്യാനുള്ള ജെന്നിങ്സിന്‍െറ ശ്രമം സ്ളിപ്പില്‍ ചേതേശ്വര്‍ പുജാര സമര്‍ഥമായി പിടിച്ചു. 219 പന്തില്‍ 13 ബൗണ്ടറി സഹിതം 112 റണ്‍സാണ് ജെന്നിങ്സ് അടിച്ചുകൂട്ടിയത്. വീണ്ടും അശ്വിന്‍ തിരിച്ചടിച്ചപ്പോള്‍ ജോണി ബെയര്‍സ്റ്റോവും വീണു. സ്വീപ് ഷോട്ട് പിഴച്ചപ്പോള്‍ മിഡ്വിക്കറ്റില്‍ ഉമേഷ് യാദവ് അനായാസം പിടിയിലാക്കി. 
 


ഒടുവില്‍ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ളണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. 25 റണ്‍സുമായി ബെന്‍ സ്റ്റോക്സും 18 റണ്‍സുമായി ജോസ് ബട്ലറുമാണ് ക്രീസില്‍. ആദ്യ ദിനം വീണ അഞ്ചില്‍ നാലും സ്വന്തമാക്കി അശ്വിന്‍ വീണ്ടും വീറുകാട്ടി.


 

Tags:    
News Summary - Jennings debut ton gives England edge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.