ന്യൂഡൽഹി: ലോധപാനൽ ശിപാർശകൾ നടപ്പിലാക്കാമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ സത്യവാങ്മൂലം സമർപ്പിക്കുന്നത് വരെ അവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകരുതെന്ന് സുപ്രീംകോടതി ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. ലോധ പാനൽ പരിഷ്കാരങ്ങൾക്കെതിരെ ബി.സി.സി.ഐ സമർപ്പിച്ച ഹരജിയിൽ വെള്ളിയാഴ്ച വാദംകേൾക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലോധ പാനൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും എന്നാൽ സംസ്ഥാന അസോസിയേഷനുകളുടെ എതിർപ്പാണുള്ളതെന്നും ബി.സി.സി.ഐ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതി സംസ്ഥാന അസോസിയേഷനുകൾക്ക് സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാൻ ഉത്തരവിട്ടത്. ലോധ കമ്മിറ്റിക്ക് ഒരു സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാമെന്നും അദ്ദേഹം ബോർഡിൻെറ സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്‌മപരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് രംഗത്തെ സാമ്പത്തിക ഇടപടലുകൾക്ക് നിയന്ത്രണം വന്നിരിക്കുകയാണ്.
ലോധപാനലിന് അനുസൃതമായി പ്രവർത്തിക്കുന്നത് വരെ സംസ്ഥാന അസോസിയേഷനുകൾക്ക് ഒരൊറ്റ ചില്ലിക്കാശ് പോലും ലഭിക്കുകയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ബി.സി.സി.ഐ അധ്യക്ഷൻ അനുരാഗ് താക്കൂർ ലോധ പാനൽ മുമ്പാകെ ഹാജരാകണമെന്നും പാനൽ ശിപാർശകളെ അനുസരിച്ച് പ്രവര്‍ത്തിക്കുവാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ രണ്ടാഴ്ചക്കുള്ളിൽ ഇക്കാര്യത്തിൽ സത്യവാങ്മൂലം ഫയൽ ചെയ്യാനും ബോർഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനയും സുപ്രീം കോടതി നിയോഗിച്ച സമിതിയും തമ്മിലുള്ള വാദം വെള്ളിയാഴ്ചയും തുടർന്നു. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക കേസ് പരിഗണിക്കുന്നത്. ലോധ പാനൽ നിർദേശിച്ച പരിഷ്കാരങ്ങൾ അംഗീകരിക്കാനാവില്ലെന്ന് നേരത്തേ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. യാതൊരു നിബന്ധനകളും കൂടാതെ കമ്മിറ്റിയുടെ പരിഷ്കാരങ്ങൾ സ്വീകരിക്കാൻ ബോർഡിന് പിന്നീട് കോടതി അന്ത്യശാസനം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.