അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി 17കാരന്‍

രാജ്കോട്ട്: 17കാരന്‍ പൃഥ്വി ഷാ അരങ്ങേറ്റ മത്സരത്തില്‍ നേടിയ സെഞ്ച്വറിയില്‍ തമിഴ്നാടിനെ തോല്‍പിച്ച് 46ാം തവണയും രഞ്ജി ട്രോഫി കലാശക്കൊട്ടിന് മുംബൈ ടിക്കറ്റ് നേടി. തമിഴ്നാടിനെ ആറുവിക്കറ്റിന് തോല്‍പിച്ചാണ് 41തവണ രഞ്ജി ചാമ്പ്യന്മാരായ മുംബൈ ഫൈനലിലേക്ക് കുതിച്ചത്. ഝാര്‍ഖണ്ഡിനെ തോല്‍പിച്ച് ഫൈനല്‍ പ്രവേശനം നേടിയ ഗുജറാത്തുമായി ഈമാസം 10നാണ് മുംബൈയുടെ ഫൈനല്‍ പോരാട്ടം. സ്കോര്‍ തമിഴ്നാട് 305, 356/6 ഡി. മുംബൈ 411,251/4.

രണ്ടാം ഇന്നിങ്സില്‍ 251 റണ്‍സിന്‍െറ വിജയ ലക്ഷ്യമുയര്‍ത്തിയ തമിഴ്നാടിന്‍െറ സ്കോറിനെതിരെ ഓപണര്‍ പൃഥ്വി  ഷാ (120) സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം അരങ്ങേറ്റത്തില്‍ സെഞ്ച്വറി കുറിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ മുംബൈ താരമായി പൃഥ്വി  മാറി. 13 ബൗണ്ടറിയും ഒരു സിക്സുമടങ്ങിയ ഇന്നിങ്സ് കഴിഞ്ഞ് താരം മടങ്ങിയപ്പോഴേക്കും വെറും പത്തുറണ്‍സ് മാത്രമാണ് മുംബൈക്ക് വേണ്ടിയിരുന്നത്. കളിയിലെ താരവും പൃഥ്വിതന്നെയാണ്. പൃഥ്വിക്ക് പ്രഫുല്‍ വഗേല (36) ശ്രേയാസ് അയ്യര്‍ (40) സൂര്യകുമാര്‍ യാദവ് (34) എന്നിവര്‍ പിന്തുണ നല്‍കി. ക്യാപ്റ്റന്‍ ആദിത്യ താരെയും (4) സിദ്ധേഷ് ലാഡും (1) പുറത്താകാതെ നിന്നു. 

14ാം വയസ്സില്‍  546 റണ്‍സുമായി ഇന്ത്യന്‍ മൈനര്‍ ക്രിക്കറ്റിലെ വമ്പന്‍ സ്കോര്‍ നേടി വരവറിയിച്ചിരുന്ന പൃഥ്വി ഷാക്ക് സെമിഫൈനലിന് തൊട്ടുമുമ്പാണ് ടീമിലേക്ക് വിളി വന്നത്. കെവിന്‍ അല്‍മെയ്ഡക്ക് പകരം കിട്ടിയ അവസരം പൃഥ്വി  മനോഹരമായി മുതലാക്കുകയായിരുന്നു. കഴിഞ്ഞമാസം ശ്രീലങ്കയില്‍ യൂത്ത് ഏഷ്യ കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്‍െറ ഓപണറായിരുന്ന ഈ വലങ്കയ്യന്‍ ബാറ്റ്സ്മാന്‍ അഞ്ചു കളികളില്‍നിന്ന് 191 റണ്‍സ് നേടിയിരുന്നു. 
 

Tags:    
News Summary - Prithvi Shaw, 17, hits hundred on Ranji Trophy debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.