കൊൽക്കത്ത: ഇൗഡൻ ഗാർഡൻസിൽ ആതിഥേയരെ കാഴ്ചക്കാരാക്കി കേരള എക്സ്ബിഷൻ. രഞ്ജി ട്രോഫി ഗ്രൂപ് ‘ബി’യിലെ മത്സരത്തിൽ ഇന്ത്യൻ താരം മുഹമ്മദ് ഷമി നയിച്ച ബംഗാൾ ബൗളിങ്ങിനെ തരിപ്പണമാക്കി കേരളത്തിന് ലീഡ്. തുടർച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ അതിഥി താരം ജലജ് സക്സേനയുടെ മികവിൽ (143) കേരളം ഒന്നാം ഇന്നിങ്സിൽ 291 റൺസെടുത്ത് പുറത്തായി.
ബംഗാളിെൻറ ഒന്നാം ഇന്നിങ്സ് 147ന് അവസാനിപ്പിച്ച കേരളത്തിന് 144 റൺസ് ലീഡ്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗാൾ ബുധനാഴ്ച കളി അവസാനിക്കുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ് എന്ന നിലയിലാണ്. കൗശിക് ഘോഷിെന (1) സന്ദീപ് വാര്യരാണ് പുറത്താക്കിയത്. അഭിഷേക് കുമാറാണ് (0) ക്രീസിലുള്ളത്.
ആദ്യ ദിനം ബംഗാളിനെ വീഴ്ത്തി ഒന്നിന് 35 റൺസ് എന്ന നിലയിൽ പിരിഞ്ഞ കേരളം ആത്മവിശ്വാസത്തോടെയാണ് ഇന്നലെ ക്രീസിലെത്തിയത്. ഒാപണിങ് സെഷനിൽ തന്നെ എതിരാളിയുെട സ്കോർ മറികടന്ന് ലീഡ് പിടിച്ചു. ഇതിനിടെ രോഹൻ പ്രേം (18), സഞ്ജു സാംസൺ(0), സചിൻ ബേബി (23), സൽമാൻ നിസാർ (5) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായിരുന്നു. ക്ലാസിക്കൽ ഇന്നിങ്സ് കാഴ്ചവെച്ച ജലജിനൊപ്പം വി.എ. ജഗദീഷ് സ്ട്രൈക്ക് നൽകി പിടിച്ചുനിന്നു. 103പന്ത് നേരിട്ട ജഗദീഷ് 39 റൺസെടുത്താണ് മടങ്ങിയത്. പിന്നാലെയെത്തിയ അക്ഷയ് ചന്ദ്രനും (32 നോട്ടൗട്ട്) ജലജിന് ശക്തമായ പിന്തുണ നൽകി.
മധ്യപ്രദേശിൽനിന്ന് വന്നു രണ്ടു സീസണുകളിലായി കേരളത്തിനായി ബാറ്റേന്തുന്ന ജലജിെൻറ കയറിലെ 14ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി കൂടിയാണ് പിറന്നത്്. 190 പന്തിൽ 21 ബൗണ്ടറിയും രണ്ട് സിക്സറും പറത്തിയാണ് ജലജിെൻറ മാസ്മരിക ഇന്നിങ്സ്.
ഇന്നിങ്സിൽ 15-17 ഒാവർ മാത്രമേ എറിയാവൂ എന്ന് ഷമിക്ക് ബി.സി.സി.െഎ നിർദേശമുണ്ടെങ്കിലും അദ്ദേഹം പരിധി വിട്ടു. നിലയുറപ്പിച്ച കേരള ബാറ്റിങ്ങിനെ വീഴ്ത്താൻ ബംഗാൾ ക്യാപ്റ്റൻ മനോജ് തിവാരി പല സ്പെല്ലുകളിലായി ഷമിയെ വിളിച്ചു. ഒടുവിൽ 26 ഒാവറാണ് ഷമി എറിഞ്ഞത്. മൂന്ന് വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഇഷാൻ പൊറൽ നാലു വിക്കറ്റ് വീഴ്ത്തി.
മധ്യനിരയിൽ ജലജ് മൂന്ന് അർധസെഞ്ച്വറി കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ജഗദീഷിനൊപ്പം 119 റൺസും, രോഹൻ പ്രേം, സചിൻ ബേബി എന്നിവർക്കൊപ്പം 50 ന് മുകളിൽ റൺസും നേടി. ഇന്നിങ്സിനിടെ അശോക് ദിൻഡയുടെ ഒരു അപ്പീലിൽ ഭയന്നതല്ലാതെ സധൈര്യമായിരുന്നു ജലജിെൻറ പോരാട്ടം. വ്യാഴാഴ്ച ബൗളർമാർ തങ്ങളുടെ റോൾ ഭംഗിയാക്കിയാൽ കേരളത്തിന് രണ്ടാം ജയം ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.