തിരുവനന്തപുരം: വിഷ്ണു വിനോദ് പുറത്താകാതെ നേടിയ സെഞ്ച്വറിക്കും ബൗളർമാരുടെ പ്രകടനങ്ങൾക്കും അത്ഭുതം സൃഷ്ടിക്കാനായില്ല. ഫലമോ രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിൽ കേരളത്തിന് ആദ്യ തോൽവി. തുമ്പ സെൻറ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ നടന്ന ഹോം മത്സരത്തിൽ മധ്യപ്രദേശിന് മുന്നിൽ അഞ്ച് വിക്കറ്റിനാണ് കേരളം അടിയറവുപറഞ്ഞത്. 191 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 62 ഒാവറിൽ സന്ദർശകർ കീഴടക്കി. ആദ്യ ഇന്നിങ്സിലെ ദയനീയ പ്രകടനമാണ് ആതിഥേയരെ തോൽവിയിലേക്ക് നയിച്ചത്. കളിക്കാരുടെ കായികക്ഷമതയും പ്രതികൂലമായി. ഒടുവിൽ പൊരുതിത്തോെറ്റന്ന് മാത്രം ആശ്വസിക്കാം. സ്കോർ: കേരളം 63, 455; മധ്യപ്രദേശ് 328, 194/5
രണ്ടാം ഇന്നിങ്സ് എട്ടിന് 390 എന്ന നിലയിൽ അവസാനദിനം ഇറങ്ങിയ വിഷ്ണു വിനോദും ബേസിൽ തമ്പിയും കരുതലോടെയായിരുന്നു ബാറ്റ് ചെയ്തത്. എന്നാൽ, സ്കോർ 451ൽ എത്തിയപ്പോൾ അർധശതകം നേടിയ ബേസിലിനെ(57) സ്വന്തം പന്തിൽ പിടിച്ച് ശുഭം ശർമ മധ്യപ്രദേശിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അവസാനക്കാരനായിറങ്ങിയ സന്ദീപ് വാര്യർ നേരിട്ട ആദ്യപന്തിൽ തന്നെ ശുഭം ശർമക്ക് മുന്നിൽ കീഴടങ്ങി. കേരളം 455 റൺസുമായി തിരിച്ചുകയറിയപ്പോൾ ഇരട്ടസെഞ്ച്വറി കൈയകലെ നഷ്ടമായ വിഷ്ണു വിനോദിന് 193 റൺസുമായി കാഴ്ചക്കാരനാകാനേ സാധിച്ചുള്ളൂ.
മധ്യപ്രദേശിനുവേണ്ടി കുൽദീപ് സെൻ മൂന്നും ആവേഷ് ഖാൻ, ശുഭംശർമ എന്നിവർ രണ്ട് വീതവും മിഹിർ ഹിർവാനി, ശരൻഷ് ജെയിൻ എന്നിവർ ഒാരോ വിക്കറ്റും നേടി. 191 റൺസിെൻറ ലക്ഷ്യവുമായിറങ്ങിയ മധ്യപ്രദേശിനെ ഒാപണർമാർ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന അവസ്ഥയിൽ അര്യമൻ വിക്രംബിർലയെ(23) റണ്ണൗട്ടാക്കി ജലജ് സക്സേന കേരളത്തിന് പ്രതീക്ഷയേകി. വൈകാതെ, മോഹ്നിഷ് മിശ്രയെ(12) ജലജ് സക്സേനയുടെ കൈയിലെത്തിച്ച് കെ.സി. അക്ഷയ് പ്രതീക്ഷയുയർത്തി. എന്നാൽ, ആദ്യ ഇന്നിങ്സിലെ പോലെ അർധശതകം നേടിയ രജിത് പടിദർ (77), യാഷ് ദുബെ (19) എന്നിവർ സ്കോർ മുന്നോട്ട് നീക്കി. യാഷ് ദുബെയെയും പിന്നാലെ നായകൻ നമൻ ഒാജയെയും(നാല്) പുറത്താക്കി അക്ഷയ്ചന്ദ്രൻ പ്രതീക്ഷയായെങ്കിലും ബാറ്റിങ്ങിലും മികവ് പ്രകടിപ്പിച്ച ശുഭം ശർമ (48), ശരൻഷിനൊപ്പം (11) പുറത്താകാതെ മധ്യപ്രദേശിനെ വിജയത്തിലേക്ക് നയിച്ചു.
കേരളത്തിനായി അക്ഷയ് ചന്ദ്രൻ രണ്ടും ജലജ് സക്സേന, കെ.സി. അക്ഷയ് എന്നിവർ ഒാരോ വിക്കറ്റുകൾ വീതവും നേടി. പുറത്താകാതെ 193 റൺസ് നേടിയ വിഷ്ണു വിനോദാണ് കളിയിലെ താരം. ക്വാർട്ടർഫൈനൽ സാധ്യതകൾ നിലനിർത്തുന്നതിന് തുടർന്നുള്ള മത്സരങ്ങളിൽ കേരളത്തിന് വിജയം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.