സൂറത്ത്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. നാലു ദിവസത്തെ കളിയിൽ രണ്ടര ദിവസംകൊണ്ട് കീഴടങ്ങി രഞ്ജി ട്രോഫിയിൽ കേരളത്തിെൻറ രണ്ടാം തോൽവി. ഗുജറാത്ത് മുന്നോട്ടുവെച്ച വിജയലക്ഷ്യമായ 267 റൺസ് പിന്തുടർന്ന കേരളം രണ്ടാം ഇന്നിങ്സിൽ 177ന് പുറത്തായി. ആതിഥേയർക്ക് 90 റൺസിെൻറ മിന്നും ജയം. കഴിഞ്ഞ കളിയിൽ ബംഗാളിനോടും തോറ്റ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി.
ആദ്യ ദിനം ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ പിച്ച് രണ്ടാം ദിനം സൗഹൃദ ഭാവം കാട്ടിയെങ്കിലും കേരള താരങ്ങൾക്ക് അവസരം മുതലാക്കാനായില്ല. ഓപണർമാരായ വിഷ്ണു വിനോദും (23), ജലജ് സക്സേനയും (29) കരുതലോടെ തുടങ്ങി. പക്ഷേ, കെ.എസ്. മോനിഷും (7), റോബിൻ ഉത്തപ്പയും (7) എളുപ്പം മടങ്ങിയതോടെ തകർച്ച മുന്നിൽ കണ്ടു.
മധ്യനിരയിൽ സഞ്ജു സാംസൺ (78) ഒറ്റയാനായി ചെറുത്തുനിന്നെങ്കിലും കൂട്ടുനിൽക്കാൻ ആരുമുണ്ടായില്ല. സചിൻ ബേബി (11), പി. രാഹുൽ (5), മുഹമ്മദ് അസ്ഹറുദ്ദീൻ (11), ബേസിൽ തമ്പി (0), കെ.എം ആസിഫ് (0) എന്നിവർ എളുപ്പത്തിൽ മടങ്ങി.
ഇന്ത്യൻ താരം അക്സർ പട്ടേൽ നാലും ചിന്തൻ ഗജ നാലും വിക്കറ്റ് വീഴ്ത്തി. 50 റൺസും രണ്ട് ഇന്നിങ്സിലുമായി ആറ് വിക്കറ്റും വീഴ്ത്തിയ ഗജയാണ് കളിയിലെ കേമൻ. ജനുവരി മൂന്നു മുതൽ ഹൈദരാബാദിനെതിരെയാണ് കേരളത്തിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.