തിരുവനന്തപുരം: തുടർച്ചയായ തോൽവികളിൽ നിന്ന് തിരിച്ചുവരവിനാഗ്രഹിച്ച് കളത്തി ലിറങ്ങിയ കേരളത്തിന് തുമ്പയിലും അടിതെറ്റി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളം 227 റൺസിന് പുറത്തായി. ഒരുഘട്ടത്തിൽ ആറിന് 89 റൺസ് എന്ന നിലയി ൽ തകർന്ന ആതിഥേയരെ, മധ്യനിര ബാറ്റ്സ്മാൻ സൽമാൻ നിസാറിെൻറ (91*) അർധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഏഴാം വിക്കറ്റിൽ സൽമാൻ-അക്ഷയ് ചന്ദ്രൻ സഖ്യം കൂട്ടിച്ചേർത്ത 79 റൺസാണ് 200 കടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെടുത്തിട്ടുണ്ട്.
ടോസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിലും നിറംമങ്ങിയ പി.രാഹുലിനെ കരക്കിരുത്തി പകരം വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീനെ ഓപണറാക്കി. എന്നാൽ വാട്ട്മോറിെൻറ പദ്ധതി ക്ലച്ച് പിടിച്ചില്ല. രണ്ടാം ഓവറിൽ ഓപണിങ് കൂട്ടുകെട്ട് പൊളിഞ്ഞു. ജലജ് സക്സേനയും (0), അസ്ഹറും (8), രോഹൻ പ്രേമും (2) ആറ് ഓവറിനുള്ളിൽ മടങ്ങി. കേരളം മൂന്നിന് 11.
എന്നാൽ, റോബിൻ ഉത്തപ്പയും ക്യാപ്റ്റൻ സച്ചിൻ ബേബിയും വിക്കറ്റ് വീഴ്ചക്ക് തടയിട്ടു. ഒമ്പത് റൺസേ നേടിയുള്ളൂവെങ്കിലും 45 പന്ത് നേരിട്ട് ശക്തമായ കൂട്ടുകെട്ടൊരുക്കി. നാലാമനായി ഉത്തപ്പയാണ് (48) മടങ്ങിയത്.
സച്ചിൻ ബേബിയും (ഒമ്പത്) വിഷ്ണു വിനോദും (20) ഉത്തപ്പയുടെ പിന്നാലെ വീണതോടെ കേരളം ആറിന് 89 എന്ന നിലയിലായി. തുടർന്നായിരുന്നു സൽമാൻ നിസാർ- അക്ഷയ് ചന്ദ്രൻ കൂട്ടിെൻറ (28) രക്ഷാപ്രവർത്തനം. 157 പന്തിൽ 10 ഫോറും നാലു സിക്സും സഹിതമാണ് സൽമാൻ 91 റൺസെടുത്തത്.
പഞ്ചാബിനായി സിദ്ധാർഥ് കൗൾ, ബൽതേജ് സിങ്, വിനയ് ചൗധരി എന്നിവർ മൂന്നും ഗുർക്രീത് മൻ ഒരുവിക്കറ്റും വീഴ്ത്തി. പഞ്ചാബിന് ഓപണർമാരായ റോഹൻ മർവാഹ(16), സൻവീർ സിങ് (ഒന്ന്) എന്നിവരെയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.