കൃഷ്ണഗിരി (വയനാട്): കാലങ്ങളായി കേരളം കാത്തിരുന്ന കളിയെത്തുന്നു. അതിവേഗപിച്ചിൽ പ ുതുയുഗപ്പിറവിയിലേക്ക് ചാട്ടുളി എയ്ത പേസർമാരെ മുൻനിർത്തി തങ്ങളുടെ ക്രിക്കറ്റ് ചരിത്രം ഇതുവരെ ദർശിച്ച സമുന്നത പോരാട്ടത്തിന് മലയാളക്കര ക്രീസിലിറങ്ങുകയാണ്. വ്യാഴാഴ്ച മുതൽ കൃഷ്ണഗിരി നിലമൊരുക്കുന്ന വമ്പൻ പോരിൽ ജയിച്ചുകയറിയാൽ, കേരള ത്തെ കാത്തിരിക്കുന്നത് രാജ്യത്ത് കളിയുടെ ചക്രവർത്തിപദം നിശ്ചയിക്കുന്ന രഞ്ജി ട്ര ോഫി ഫൈനലിെൻറ അഭിമാനപോരാട്ടത്തിലിടം. കിരീടജേതാക്കളെന്ന പകിട്ടുമായി വയനാട്ടിലെത്തിയ വിദർഭക്കെതിരെ തങ്ങളുടെ കന്നി സെമിഫൈനൽ പോരിന് ആതിഥേയർ കോപ്പുകൂട്ടുേമ്പാൾ ദേശീയ ക്രിക്കറ്റിെൻറ ശ്രദ്ധ കൃഷ്ണഗിരിയിലേക്ക് തിരിയുകയാണ്.
വേഗപ്പിച്ചിൽനിന്ന് സ്പോർട്ടിങ് വിക്കറ്റിലേക്ക്
കൃഷ്ണഗിരിയിൽ പേസ് ബൗളിങ്ങിനെ സർവാത്മനാ പിന്തുണച്ച പിച്ചിലായിരുന്നു ഗുജറാത്ത്-കേരളം ക്വാർട്ടർ ഫൈനൽ. രണ്ടര ദിവസംകൊണ്ട് മത്സരം എറിഞ്ഞുതീരും വരെ മുഴുവൻ സെഷനുകളിലും അതിവേഗക്കാരെ പിച്ച് വാരിപ്പുണർന്നു. കളി തോറ്റശേഷം ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പേട്ടൽ പിച്ചിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ബി.സി.സി.െഎ ദക്ഷിണമേഖല ക്യുറേറ്റർ ശ്രീറാം കസ്തൂരിരംഗനായിരുന്നു അന്ന് പിച്ചൊരുക്കുന്നതിെൻറ ചുമതല. സെമിഫൈനലിന് കിഴക്കൻ മേഖല ക്യുറേറ്റർ ആശിഷ് ഭൗമിക്കാണ് പിച്ചൊരുക്കുന്നത്. ഇത്തവണ പുല്ലുകുറഞ്ഞ പിച്ച് ബൗളർമാരുടെ പറുദീസയാവില്ലെന്നാണ് സൂചന. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും തുണക്കുന്ന സ്പോർട്ടിങ് വിക്കറ്റായിരിക്കുമെന്ന് ഭൗമിക് പറയുന്നു. മഞ്ഞുവീഴ്ചയുള്ള ആദ്യ സെഷനിൽ പേസർമാർക്ക് മുൻതൂക്കം ലഭിക്കും. തുടർന്ന് നിലയുറപ്പിച്ചു കളിച്ചാൽ ബാറ്റ്സ്മാന്മാർക്കും തിളങ്ങാം. മഞ്ഞുവീഴ്ച കുറഞ്ഞതും പിച്ചിെൻറ ഗതിയെ സ്വാധീനിക്കും. ടോസ് നിർണായകമാവുന്ന കളിയിൽ ഭാഗ്യം തുണക്കുന്നവർ എതിരാളികളെ ബാറ്റിങ്ങിനയക്കാനാണ് സാധ്യത.
കടലാസിൽ മുൻതൂക്കം വിദർഭക്ക്
സീസണിൽ വമ്പന്മാർക്കുമുന്നിൽ മുട്ടുവിറക്കാത്ത വീറുമായി സെമിഫൈനലിലെത്തിയ ആത്മവിശ്വാസത്തിലാണ് കേരളം. എന്നാൽ, ഇക്കുറി കൃഷ്ണഗിരിയുടെ ക്രീസിൽ മറുതലക്കൽ ഗാർഡെടുക്കുന്നത് ചില്ലറക്കാരല്ല. കടലാസിൽ നിലവിലെ ചാമ്പ്യന്മാർക്കുതന്നെയാണ് പ്രകടമായ മുൻതൂക്കം. വസീം ജാഫർ, സഞ്ജയ് രാമസ്വാമി, ക്യാപ്റ്റൻ ഫൈസ് ഫസൽ എന്നിവർ നയിക്കുന്ന വിദർഭ ബാറ്റിങ്ങിെൻറ ആഴം ചില്ലറയല്ല. കർണാടകയിൽനിന്ന് കൂടുമാറിയെത്തിയ ഗണേഷ് സതീഷ്, മോഹിത് കാലെ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അക്ഷയ് വാദ്കർ, ഒാൾറൗണ്ടർ ആദിത്യ സർവാതെ എന്നിവരും ചേരുേമ്പാൾ വിദർഭയെ എറിഞ്ഞുടക്കാൻ കേരളം നന്നായി വിയർക്കേണ്ടിവരും.
ക്വാർട്ടറിൽ ഉത്തരാഖണ്ഡിനെതിരെ ഇന്നിങ്സ് ജയം നേടിയ മത്സരത്തിൽ ജാഫർ ഇരട്ട സെഞ്ച്വറിയും രാമസ്വാമി, സർവാതെ എന്നിവർ സെഞ്ച്വറിയും വാദ്കർ 98 റൺസും നേടിയിരുന്നു. ക്യാപ്റ്റൻ സചിൻ ബേബി, ജലജ് സക്സേന, സിജോമോൻ തുടങ്ങിയവരിലാണ് കേരളത്തിെൻറ ബാറ്റിങ് മോഹങ്ങൾ. പരിക്കേറ്റ സഞ്ജു സാംസണിെൻറ അഭാവം ആതിഥേയർക്ക് തിരിച്ചടിയാകും. പകരം വി.എ. ജഗദീേഷാ അരുൺ കാർത്തിക്കോ കേരളത്തിനുവേണ്ടി പാഡണിയും.
കേരളത്തിന് പേസ്, വിദർഭക്ക് ഉമേഷ്
സന്ദീപ് വാര്യർ-ബേസിൽ തമ്പി-എം.ഡി. നിധീഷ് ത്രയത്തിെൻറ പൊള്ളുന്ന വേഗമാണ് സെമിയിലും ആതിഥേയ പ്രതീക്ഷകളുടെ കേന്ദ്രബിന്ദു. ഇൗ സീസണിൽ സന്ദീപും ബേസിലും ചേർന്ന് 72 വിക്കറ്റുകളെടുത്തിട്ടുണ്ട്. ക്വാർട്ടറിൽ രണ്ടുപേരും ചേർന്ന് വീഴ്ത്തിയത് 16 വിക്കറ്റ്. എന്നാൽ, ബൗളിങ് ഡിപ്പാർട്െമൻറിൽ വിദർഭയും ഒട്ടും മോശക്കാരല്ല. ഇന്ത്യൻ താരം ഉമേഷ് യാദവ് വേഗവും തന്ത്രവും സമന്വയിപ്പിച്ചെറിയുന്ന ബൗളറാണ്. ക്വാർട്ടറിൽ ബാറ്റിങ്ങിനെ തുണച്ച വിക്കറ്റിൽ ഉേമഷ് എറിഞ്ഞിട്ടത് ഒമ്പതു വിക്കറ്റുകൾ. സീസണിൽ വിക്കറ്റ് വേട്ട നടത്തുന്ന സർവാതെ ബൗളിങ്ങിലും മിന്നുംഫോമിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.