ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനയെ അഞ്ചുവിക്കറ്റിന് തോല്‍പിച്ച് ഝാര്‍ഖണ്ഡ് സെമി ഫൈനലില്‍. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍െറ ബാറ്റിങ് കരുത്തിലാണ് (61 പന്തില്‍ 86) ഹരിയാനയെ ഝാര്‍ഖണ്ഡ് കീഴടക്കിയത്. 176 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ധോണിയുടെ നാട്ടുകാര്‍ 30.2 ഓവറില്‍ വിജയം അടിച്ചെടുക്കുകയായിരുന്നു. ഷഹബാസ് നദീമും (4) സമര്‍ ഖാദിരിയും (3) ചേര്‍ന്ന് ഹരിയാനയുടെ രണ്ടാം ഇന്നിങ്സ് 268 റണ്‍സിന് അവസാനിപ്പിച്ചിരുന്നു. സ്കോര്‍ ഹരിയാന: 258, 262. ഝാര്‍ഖണ്ഡ്: 345,178/5.
നേരത്തെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കി രണ്ടാം ഇന്നിങ്സില്‍ ലീഡുയര്‍ത്താന്‍ തയാറായ ഹരിയാനയുടെ മധ്യനിര തകര്‍ന്നടിഞ്ഞു. നിധിന്‍ സൈനി (41), ശുഭം റോഹില (43), ശിവം ചൗഹാന്‍ (43), ചൈതന്യ ഭിഷ്ണോയ് (52) എന്നിവര്‍ തിളങ്ങിയെങ്കിലും പിന്നീടുവന്നവര്‍ക്ക് കാര്യമായി സ്കോര്‍ ചെയ്യാനായില്ല. ഝാര്‍ഖണ്ഡിനായി ഷഹബാസ് നദീം ഇരു ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തി. മറ്റൊരു മത്സരത്തില്‍, ഇരട്ടശതകവുമായി പുറത്താകാതെ കുതിക്കുന്ന സമിത് ഗോഹലിന്‍െറ ബാറ്റിങ് കരുത്തില്‍ (261) ഒഡിഷക്കെതിരെ ഗുജറാത്തിന് കൂറ്റന്‍ സ്കോര്‍. രണ്ടാം ഇന്നിങ്സില്‍ ഡിക്ളര്‍ ചെയ്യാതെ ബാറ്റിങ് തുടര്‍ന്ന ഗുജറാത്ത് 514 റണ്‍സെടുത്തു. ഇതോടെ ആദ്യ ഇന്നിങ്സിലും ലീഡുണ്ടായിരുന്ന ഗുജറാത്തിന് 578 റണ്‍സിന്‍െറ കൂറ്റന്‍ ലീഡായി.
ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിലെ കന്നി ഇരട്ടശതകം കുറിച്ച ഗോഹലിനുപുറമെ പ്രിയങ്ക് പാഞ്ചാല്‍ (81), പാര്‍ഥിവ് പട്ടേല്‍ (40) എന്നിവരും തിളങ്ങി. ഗോഹലിനൊപ്പം 111 റണ്‍സുമായി ഹര്‍ദിക് പട്ടേലാണ് ക്രീസില്‍. ഒഡിഷക്കായി ധീരജ് സിങ് രണ്ടാം ഇന്നിങ്സില്‍ അഞ്ചുവിക്കറ്റ് നേടി. അതേസമയം, മുംബൈക്കെതിരായ മത്സരത്തില്‍ ഹൈദരാബാദ് തോല്‍വിയിലേക്ക്. മൂന്നു വിക്കറ്റ് കൈയിലിരിക്കെ അവസാനദിവസത്തില്‍ ഹൈദരാബാദിന് ജയിക്കാനായി 111 റണ്‍സ് വേണം. അവസാന ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ (4) വിക്കറ്റ് നഷ്ടമായതോടെ വിജയ് ഗോഹലാണ് ക്രീസില്‍ (0). സ്കോര്‍ മുംബൈ 294, 217. ഹൈദരാബാദ് 280,121/7.
മികച്ച പ്രകടനം നടത്തുന്ന അഭിഷേക് നായരുടെയും വിജയ് ഗോഹലിന്‍െറയും ബൗളിങ്ങിനുമുന്നില്‍ അവസാനദിനം ഹൈദരാബാദ് പിടിച്ചുനില്‍ക്കാന്‍ സാധ്യത കുറവാണ്.ഹൈദരാബാദിനായി രണ്ടാം ഇന്നിങ്സില്‍ ബാലചന്ദ്ര അനിരുദ്ധ് (25), തന്മയ് അഗര്‍വാള്‍ (29), ഭവനക സന്ദീപ്(25) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.