ന്യൂഡൽഹി: ഓപ്പണിങ് ബാറ്റ്സ്മാനായി കളിക്കാൻ താൻ ടീം അധികൃതരോട് യാചിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് ബാറ്റിങ ് ഇതിഹാസം സചിൻ തെണ്ടുൽക്കർ. സമൂഹമാധ്യമ വെബ്സൈറ്റായ ലിങ്ക്ഡ് ഇന്നിൽ വീഡിയോ പങ്കുവെച്ചാണ് സചിൻ പഴയകാല അനുഭവം ഓർ ത്തെടുത്തത്.
1994ൽ ന്യൂസിലാൻഡിനെതിരെ ഓക് ലൻഡിൽ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുന്ന രീതിയായിരുന്നു അന്ന് എല്ലാ ടീമുകളും പ്രയോഗിച്ചിരുന്നത്. എന്നാൽ, ആക്രമിച്ച് മുന്നേറി കളിക്കുകയായിരുന്നു തന്‍റെ രീതി.
ഇന്നിങ്സ് ഓപ്പൺ ചെയ്യാനായി അനുവദിക്കണമെന്ന് താൻ അപേക്ഷിച്ചു. പരാജയപ്പെടുകയാണെങ്കിൽ പിന്നീട് ഈ ആവശ്യവുമായി വരില്ലെന്നും താൻ പറഞ്ഞു. അങ്ങനെ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ 49 പന്തിൽ നിന്ന് 82 റൺസ് അടിച്ചെടുത്തു. പിന്നീട് തനിക്ക് യാചിക്കേണ്ടി വന്നില്ല -സചിൻ പറയുന്നു.
പരാജയം നേരിടുമോയെന്ന് ഭയന്ന് പിന്മാറരുതെന്ന് ആരാധകരെ ഉപദേശിച്ചുകൊണ്ടാണ് സചിൻ വീഡിയോ പോസ്റ്റ് ചെയ്തത്. ഓപ്പണറായി ഇറങ്ങിയ ആദ്യ അഞ്ച് മത്സരങ്ങളിൽ 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സചിന്‍റെ പ്രകടനം.
ഏകദിനത്തിൽ 49 സെഞ്ച്വറി പൂർത്തിയാക്കിയ സചിന് പക്ഷേ തന്‍റെ ആദ്യ സെഞ്ച്വറി നേടാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1994ൽ ഓസ്ട്രേലിയക്കെതിരെയാണ് സചിൻ തന്‍റെ ആദ്യ ഏകദിന സെഞ്ച്വറി നേടുന്നത്.
463 ഏകദിനങ്ങളിൽ നിന്ന് 18,426 റൺസെടുത്ത് എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനായാണ് സചിൻ ക്രിക്കറ്റിനോട് വിടപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.