എട്ടുവർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2011 ഏപ്രിൽ രണ്ടാം തീയതി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളാരുംതന്നെ മറന്നുകാണില്ല. പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോയ ലോകകപ്പ് കിരീടം സ്വന്തം മണ്ണിൽ വീറോടെ പോരാടി അവരുടെ പാജിക്കായി നേടിക്കൊടുത്ത സുവർണദിനം.
അതിെൻറ എട്ടാം വാർഷികദിനത്തിൽ ഇൗ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനായി തയാറെടുക്കുന്ന വിരാട് കോഹ്ലിക്കും സംഘത്തിനും ആശംസ നേരുകയാണ് സചിൻ ടെണ്ടുൽകർ.
‘‘സത്യസന്ധമായി പറഞ്ഞാൽ എവിടെത്തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ എനിക്കറിയില്ല. എെൻറ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമായിരുന്നു അത്. സുദീർഘമായ കരിയറിൽ അത്രയും വലിയ ഒരു ദിനത്തിന് ഞാൻ സാക്ഷ്യംവഹിച്ചിട്ടില്ല. നാലുവർഷം കൂടുേമ്പാഴാണ് ഒാരോ ലോകകപ്പും വിരുന്നെത്തുന്നത്. ഇതിപ്പോൾ എട്ടു വർഷമാകുന്നു. അടുത്ത ലോകകപ്പ് പടിവാതിലിലെത്തി. നമ്മുടെ ടീം പ്രഖ്യാപിച്ചില്ലെങ്കിലും ആരൊക്കെയാണോ ഇംഗ്ലണ്ടിലേക്കു പോകുന്നത് അതാണ് നമ്മുടെ ടീം’’ മേയ് 30ാം തീയതി മുതൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് ലോകകപ്പ് മാമാങ്കം കൊടിയേറാൻ പോകുന്നത്. ഇന്ത്യൻ ജഴ്സി സൂക്ഷിച്ചുനോക്കിയാൽ ബി.സി.സി.െഎ ചിഹ്നത്തിനു മുകളിലായി മൂന്നു നക്ഷത്രങ്ങൾ ആലേഖനം ചെയ്തത് കാണാം. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങൾ (1983ലെയും 2011ലെയും ഏകദിന ലോകകപ്പ്, 2007 ട്വൻറി20 ലോകകപ്പ് ) സൂചിപ്പിക്കുന്നതാണവ. ജഴ്സിയിലെ മൂന്നു നക്ഷത്രങ്ങളുടെ എണ്ണം നാലാക്കിമാറ്റാനാണ് സചിൻ ടീം അംഗങ്ങളോട് ആവശ്യപ്പെടുന്നത്. അതിനായി ഏവരുടെയും പിന്തുണയും സചിൻ അഭ്യർഥിക്കുന്നുണ്ട്.
വാംഖഡെയെ കോരിത്തരിപ്പിച്ച ആ ദിനം ലോകകപ്പ് കിരീടം ഏറ്റുവാങ്ങാൻ 22 വർഷമാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സചിൻ കാത്തിരുന്നത്. എം.എസ്. ധോണിയുടെ ‘മെൻ ഇൻ ബ്ലൂ’വായിരുന്നു 28 വർഷങ്ങൾക്കുശേഷം ലോകകപ്പ് കിരീടം ഇന്ത്യയുടെ ഷോകേസിലെത്തിച്ചത്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയലക്ഷ്യം ഒാപണർ ഗൗതം ഗംഭീറിെൻറയും (97) ക്യാപ്റ്റൻ ധോണിയുടെയും (91നോട്ടൗട്ട്) മികവിൽ മറികടന്ന ഇന്ത്യ രണ്ടാം ലോകകപ്പ് നേട്ടം സ്വന്തമാക്കി.
പരമ്പരയിലെ താരമായ യുവരാജ് സിങ്ങിനെ സാക്ഷിനിർത്തി ധോണി കുലശേഖരയുടെ പന്ത് വാംഖഡെയുടെ ഗാലറിയിലെത്തിച്ചപ്പോൾ കോടിക്കണക്കിനാളുകളാണ് ആനന്ദനൃത്തമാടിയത്. പിന്നാലെ പ്രിയതാരം സചിനെ തോളിലേറ്റി ടീം അംഗങ്ങൾ ഗ്രൗണ്ടിനെ വലംവെച്ച കാഴ്ചയും ചേതോഹരമായി. അവസാന ലോകകപ്പ് കളിച്ച സചിൻ 482 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തെത്തി. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഏപ്രിൽ 20ന് മുമ്പായി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.