ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ പാരമ്പര്യമുള്ള മണ്ണാണ് സൗരാഷ്ട്രയുടേത്. ഗുജറാത്ത് ആസ്ഥാനമായുള്ള മൂന്നു ക്രിക്കറ്റ് മേഖലകളിൽ ഒന്ന്. ഗുജറാത്തും ബറോഡയുമാണ് ഇവിടെ നിന്നുള്ള മറ്റു രണ്ടു ക്രിക്കറ്റ് അസോസിയേഷനുകൾ. നവനഗർ, വെസ്റ്റേൺ ഇന്ത്യ തുടങ്ങി പല പേരുകളിൽ നൂറ്റാണ്ടിനടുത്ത് കാലമായി ആഭ്യന്തര ക്രിക്കറ്റിലുണ്ടെങ്കിലും സമീപകാലത്താണ് ഈ നാടിന് നല്ലകാലം തെളിയുന്നത്. 1950ൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ എന്ന പേരിൽ രഞ്ജി ട്രോഫിയിൽ മാറ്റുരച്ച് തുടങ്ങിയ സൗരാഷ്ട്രയുടെ ആദ്യ കിരീടനേട്ടമായിരുന്നു കഴിഞ്ഞ ആഴ്ചയിലേത്.
ജയദേവ് ഉനദ്കട് നായകനും, ചേതേശ്വർ പുജാര, രവീന്ദ്ര ജദേജ എന്നിവർ അംഗങ്ങളും ആയ ടീമിനെ തേടി ഒടുവിൽ അർഹിച്ച കിരീടമെത്തിയെന്ന് പറയുകയാണ് ആരാധക ലോകം. രാജ്കോട്ടിൽ നടന്ന 86ാമത് സീസണിെൻറ ഫൈനലിൽ ബംഗാളിനെ തോൽപിച്ചാണ് സൗരാഷ്ട്ര കന്നി കിരീടമണിഞ്ഞത്. എന്നാൽ, സൗരാഷ്ട്രയുടെ മുൻഗാമികളായ നവനഗറും വെസ്റ്റേൺ ഇന്ത്യയും ഓരോ തവണ കിരീടമണിഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് അറിയപ്പെട്ട നവനഗർ 1936-37 സീസണിലും വെസ്റ്റേൺ ഇന്ത്യ 1943-44 സീസണിലുമാണ് കിരീടത്തിൽ ഉമ്മവെച്ചത്.
പ്രതാപം വീണ്ടെടുക്കുന്ന സൗരാഷ്ട്ര
ദുലീപ് സിൻജി, എൽ. അമർസിങ്, റാംജി, വിനൂ മങ്കാദ്, സലിം ദുറാനി, ധീരജ് പ്രസന്ന, കാഴ്സൻ ഗാർവി എന്നിവരായിരുന്നു സൗരാഷ്ട്ര ക്രിക്കറ്റിലെ ആദ്യകാല സൂപ്പർ താരങ്ങൾ. പിന്നെ, എവിടെയോ അവരുടെ പ്രതാപം നഷ്ടമായി. ഇവിടെ വളർന്ന താരങ്ങളെല്ലാം മറ്റു സംസ്ഥാനങ്ങൾക്കായി കളിച്ചതുടങ്ങി. 30ടീമുകൾ പങ്കെടുക്കുന്ന രഞ്ജിയിൽ 28ഉം, 25ഉം സ്ഥാനത്തുമൊക്കെയായി. മുൻ ബി.സി.സി.ഐ സെക്രട്ടറി നിരഞ്ജൻ ഷായുടെ മകൻ ജയദേവ് നിരഞ്ജൻ ഷാ സൗരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തതോടെയാണ് അവരുടെ തിരിച്ചുവരവായി അടയാളപ്പെടുത്തുന്നത്.
12 വർഷം സൗരാഷ്ട്ര ക്യാപ്റ്റനായി തുടർന്ന ജയദേവ് ഇതരസംസ്ഥാനങ്ങളിലേക്ക് കൂടുമാറിയവരെ തിരികെയെത്തിച്ച് ടീമിനെ കെട്ടിപ്പടുത്തു. കളി മതിയാക്കിയശേഷം ക്രിക്കറ്റ് ഭരണ രംഗത്തേക്കിറങ്ങിയ ജയദേവ് ഷാ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായി സ്ഥാനമേറ്റതോടെ മാറ്റങ്ങൾക്ക് വേഗം കൂടി. ‘കളിക്കാരെ തെരഞ്ഞെടുക്കാൻ മികവു മാത്രമാണ് മാനദണ്ഡം. തെരഞ്ഞെടുപ്പിൽ ഒരു വിവേചനവുമില്ല. മികച്ച ടീമിനെ കെട്ടിപ്പടുത്ത് അവരെ പരിചയസമ്പത്തുള്ള നിരയാക്കിമാറ്റി. ചേതേശ്വർ പുജാര, ജദേജ, ഉനദ്കട് ഉൾപ്പെടെയുള്ള ഒരു കൂട്ടം സീനിയർ താരങ്ങളെയും നിലനിർത്താനായി. അടിസ്ഥാന സൗകര്യവും വികസിപ്പിച്ചതോടെ സൗരാഷ്ട്ര ഇന്ത്യയിലെ ഏറ്റവും മികച്ച ടീമായി മാറി’ - രഞ്ജി ചാമ്പ്യന്മാരായ ടീമിെൻറ പിറവിയെ കുറിച്ച് ജയദേവ് നിരഞ്ജൻ ഷാ പറയുന്നു.
2013ലും 2016ലും ഫൈനലിലെത്തിയ സൗരാഷ്ട്ര മുംബൈക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. 2018-19 സീസണിൽ മുംബൈയെ തോൽപിച്ച് ഫൈനലിലെത്തിയെങ്കിലും വിദർഭ കിരീട സ്വപ്നം അട്ടിമറിച്ചു. പുജാരയും ജദേജയും പലപ്പോഴും ദേശീയ ടീം ഡ്യൂട്ടിയിലാവുേമ്പാഴും മികച്ച ഓൾറൗണ്ട് നിരയുമായി സൗരാഷ്ട്ര ജൈത്രയാത്ര തുടർന്നു.18 ഇന്നിങ്സിൽനിന്ന് മൂന്നു സെഞ്ച്വറി ഉൾപ്പെടെ 809 റൺസടിച്ച ഷെൽഡൺ ജാക്സനാണ് റൺവേട്ടക്കാരിൽ ഒന്നാമതൻ. അർപിത് വാദവ (763 റൺസ്), ഹർവിക് ദേശായ് (597), ചേതേശ്വർ പുജാര (575)എന്നിവരെല്ലാം കൂടി വലിച്ചപ്പോൾ വിജയവും ശീലമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.