സ്പിന്നില്‍ തളച്ചു; ഇന്ത്യക്ക് 246 റൺസ് വിജയം

വിശാഖപട്ടണം: ഇന്ത്യ കരുതിവെച്ച സ്പിന്‍ വാരിക്കുഴിയില്‍ ഇംഗ്ളണ്ടിനെ കറക്കിവീഴ്ത്തി വിശാഖപട്ടണത്ത് കോഹ്ലിപ്പടയുടെ വിജയാഘോഷം. സമനില വഴങ്ങിയ രാജ്കോട്ടിലെ  ആദ്യ ടെസ്റ്റിനു പിന്നാലെ അലസ്റ്റര്‍ കുക്കിനെയും കൂട്ടരെയും രണ്ടാം ടെസ്റ്റില്‍ 246 റണ്‍സിന് കീഴടക്കി അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ മേധാവിത്വം നേടി (1-0).  ആദ്യ ഇന്നിങ്സില്‍ 167ഉം രണ്ടാമിന്നിങ്സില്‍ 81 റണ്‍സും അടിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് കളിയിലെ താരം.
സ്കോര്‍: ഇന്ത്യ 455, 204, ഇംഗ്ളണ്ട് 255,158.

ജോ റൂട്ടിനെ പുറത്താക്കിയ മുഹമ്മദ് ഷമിയുടെ ആഹ്ലാദം.
 
അവസാന ദിനം രണ്ടിന് 87 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ളണ്ട് 71 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ തലകറങ്ങിവീണു. മത്സരം അവസാനിക്കാന്‍ പകുതി ദിവസം കൂടിയുണ്ടായിട്ടും രവിചന്ദ്ര അശ്വിന്‍െറ നേതൃത്വത്തില്‍ തീര്‍ത്ത വാരിക്കുഴിയില്‍ പിടഞ്ഞുതീരാനായിരുന്നു ഇംഗ്ളീഷുകാരുടെ നിയോഗം. സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ പിച്ചില്‍ രവിചന്ദ്ര അശ്വിന്‍ രണ്ട് ഇന്നിങ്സുകളിലായി എട്ടു വിക്കറ്റുകള്‍ പിഴുതപ്പോള്‍ അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവ് നാലു വിക്കറ്റ് വീഴ്ത്തി.
 
ലെഗ് സ്ലിപ്പിൽ ക്യാച്ച് നഷ്ടപ്പെട്ട നിരാശയിൽ കോഹ്ലി
 
കറങ്ങിത്തിരിയുന്ന പന്തുകളെ തട്ടിയും മുട്ടിയും നാലാം ദിനം വൈകുവോളം പ്രതിരോധിച്ച അലിസ്റ്റര്‍ കുക്കിനും (54) ഹസീബ് ഹമീദിനും (25) അഞ്ചാം ദിനത്തില്‍ പിന്‍ഗാമികളുണ്ടായിരുന്നില്ല. ഞായറാഴ്ച അവസാന പന്തില്‍ കുക്ക് പുറത്തായതോടെ അനായാസ വിജയം സ്വപ്നംകണ്ട ഇന്ത്യയുടെ വഴിയിലായിരുന്നു അവസാന ദിനത്തിലെ കളി. ബെന്‍ ഡക്കറ്റിനെ (പൂജ്യം) അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ മടക്കിയയച്ച് അശ്വിന്‍ തന്നെയാണ് തിങ്കളാഴ്ച വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെയത്തെിയ മുഈന്‍ അലിയെ (രണ്ട്) കോഹ്ലിയുടെ കൈകളിലത്തെിച്ച് രവീന്ദ്ര ജദേജ മടക്കിയയച്ചു. ചെറുത്തുനില്‍ക്കാനുറച്ച് ക്രീസില്‍ നിലയുറപ്പിച്ച ജോ റൂട്ടിനൊപ്പം, ഫോം തുടരുന്ന ബെന്‍ സ്റ്റോക് ചേരുന്നതോടെ കളി മാറുമെന്ന പ്രതീക്ഷയിലായി പിന്നെ ഇംഗ്ളണ്ട്. എന്നാല്‍, മൈതാനത്ത് കൃത്യമായ ടേണ്‍ കണ്ടത്തെിയ സ്പിന്‍ ബാള്‍ കറങ്ങിത്തിരിഞ്ഞ് ഇംഗ്ളണ്ടിന്‍െറ പ്രതീക്ഷകളിലേക്ക് കയറാന്‍ അധികം സമയം വേണ്ടിവന്നില്ല.
 
ഇരുവരും ചേര്‍ന്ന് 14 റണ്‍സ് നേടുന്നതിനിടെ ജയന്ത് യാദവിന്‍െറ പന്തില്‍ ക്ളീന്‍ബൗള്‍ഡായി സ്റ്റോക്കും (ആറ്) പവിലിയനിലേക്ക്. 115 റണ്‍സുമായി ചലനമറ്റുകിടന്ന സ്കോര്‍ബോര്‍ഡ് ജീവന്‍ വെക്കുന്നതിനിടെ മുഹമ്മദ് ഷമി വിക്കറ്റുകള്‍ക്കു മുന്നില്‍ കുരുക്കി ജോ റൂട്ടിനെ (25) പറഞ്ഞയച്ചതോടെ സന്ദര്‍ശക പ്രതീക്ഷകളെല്ലാം ആശങ്കയില്‍ കുരുങ്ങി. 290 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ നില്‍ക്കെ പരാജയമുറപ്പിച്ച ഇംഗ്ളണ്ടിന് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോവിലായിരുന്നു അവസാന പ്രതീക്ഷ. ക്രീസിലത്തെിയവരെയെല്ലാം കൂട്ടുപിടിച്ച് ബെയര്‍സ്റ്റോ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനും തോല്‍വി തടയാനായില്ല. 38 ഓവറിനുള്ളില്‍ എട്ട് വിക്കറ്റും കളഞ്ഞ് ഇംഗ്ളണ്ട് 158ല്‍ അവസാനിച്ചു. വാലറ്റത്തെ ആദില്‍ റാഷിദിനെ (നാല്) മുഹമ്മദ് ഷമിയും സഫര്‍ അന്‍സാരിയെ (0) അശ്വിനും മടക്കി അയച്ചു. സ്റ്റുവര്‍ട്ട് ബ്രോഡ് (5), ജെയിംസ് ആന്‍ഡേഴ്സന്‍ (0) എന്നിവരെ ജയന്ത് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കി. വിക്കറ്റ് വീഴ്ചക്കിടയിലും ചെറുത്തുനിന്ന ജോണി ബെയര്‍സ്റ്റോ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
26 മുതല്‍ ചണ്ഡിഗഢിലാണ് മൂന്നാം ടെസ്റ്റ്.


 

Tags:    
News Summary - Spinners wrap up India's 246-run victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.