കൊളംബോ: ശ്രീലങ്ക കണ്ടതിൽവെച്ച് ഏറ്റവും വലിയ ഭീകരാക്രമണത്തിൽനിന്ന് തലനാരിഴ ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ലങ്കൻ ക്രിക്കറ്റ് താരം ദസുൺ ഷനക. മനസ്സ് മരവിച് ചുപോകുന്ന രംഗങ്ങൾക്ക് സാക്ഷ്യംവഹിച്ചതിെൻറ നടുക്കത്തിൽനിന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും മുക്തനായിട്ടില്ല. ഇൗസ്റ്റർ ആഘോഷങ്ങൾക്കായി നാട്ടിലെത്തിയിട്ടും ദീർഘയാത്രയുടെ ക്ഷീണത്തിൽ രാവിലെ പള്ളിയിലേക്കുള്ള യാത്ര ഒഴിവാക്കിയതാണ് ഷനകയെ രക്ഷിച്ചത്. എന്നാൽ, അമ്മയും അമ്മൂമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ നെഗോേമ്പായിലെ സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിലെ പ്രാർഥനാശുശ്രൂഷകളിൽ പെങ്കടുത്തിരുന്നു. ബന്ധുക്കൾ പള്ളിയിലേക്കു പോയപ്പോൾ ഷനക വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് നെഗോേമ്പായിലെ പള്ളിയിലും ഭീകരാക്രമണമുണ്ടായ വാർത്ത കേൾക്കുന്നത്. ഉടൻ അവിടേക്കു കുതിച്ചു. അമ്മയും അമ്മൂമ്മയും മാത്രമായിരുന്നു ആ ഒാട്ടത്തിൽ മനസ്സുനിറയെ. പള്ളിയിലെത്തിയ ഷനക വിറങ്ങലിച്ചുപോയി.
‘‘‘പൊട്ടിത്തെറിയിൽ പള്ളി പൂർണമായും നശിച്ചുപോയിരിക്കുന്നു. ജീവനറ്റ ശരീരങ്ങൾ ആളുകൾ വലിച്ചിഴക്കുന്നു. ഇതിനിടയിൽ ഉറ്റവരെ പരതുകയായിരുന്നു ഞാൻ. പുറത്ത് ചെറുആൾക്കൂട്ടത്തിനു നടുവിലായി അമ്മയെ കണ്ടെത്തി. ഭയന്നുവിറച്ചുപോയ അവരെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റിനിർത്തി. അപ്പോഴും അമ്മൂമ്മയെ കണ്ടില്ല. പള്ളിയുടെ അകത്തുണ്ടായിരുന്നുവെന്ന് ആരോ പറയുന്നതു കേട്ടു. എനിക്ക് ആകെ പേടിയായി. അവിടെ ആരും ജീവനോടെ ഉണ്ടായിരുന്നില്ല. അമ്മൂമ്മ മരിച്ചിരിക്കാമെന്ന് ഉറപ്പിച്ചു. മൃതദേഹങ്ങൾക്കിടയിലും ഞാൻ അവർക്കായി പരതി. ഇതിനിടയിൽ തലയിൽനിന്നു ചോരവാർന്നൊഴുകി നിൽക്കുന്ന അമ്മൂമ്മയെ കണ്ടെത്തി. അവരുടെ ചുറ്റിലിരുന്നവർ മരിച്ചിരുന്നു. ഉടൻ ആശുപത്രിയിലേക്കു മാറ്റി. തലയിലെ മുറിവ് ആഴത്തിലുള്ളതാണ്. ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിട്ടുണ്ട്’’ -ഞായറാഴ്ചയിലെ ഭീകര നിമിഷങ്ങളെക്കുറിച്ച് വിറക്കുന്ന വാക്കുകളോടെ ഷനക പറയുന്നു.
321 പേർ മരിക്കുകയും 500ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിലാണ്. 100ഒാളം മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെടുത്തത്. 27കാരനായ ഷാൻക ലങ്കക്കായി മൂന്ന് ടെസ്റ്റ്, 20 ട്വൻറി20, 19 ഏകദിന മത്സരങ്ങളിൽ ജഴ്സിയണിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.