സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2018ൽ നടന്ന ടെസ്റ്റ് മത്സരത്തിൽ പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് മുൻ ഒാസീസ് നായകൻ സ്റ്റീവ് സ്മിത്തിന് ഏർപ്പെടുത്തിയ ക്യാപ്റ്റൻസി വിലക്ക് അവസാനിച്ചു. അന്നത്തെ ആസ്ട്രേലിയൻ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെയും സഹതാരവും ഉപനായകനുമായ ഡേവിഡ് വാർണറെയുമാണ് ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കിയത്.
രണ്ട് വർഷത്തേക്കായിരുന്നുആസ്ട്രേലിയൻ ടീമിെൻറ നായകസ്ഥാനത്ത് നിന്നും സ്മിത്തിന് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ കളിക്കളത്തിൽ നിന്നുള്ള വിലക്ക് മാറിയ സ്മിത്തിന്‍റെ രണ്ട് വർഷത്തെ ക്യാപ്റ്റൻസി വിലക്കും ഇപ്പോൾ അവസാനിച്ചിരിക്കുന്നു. അതേസമയം, ഡേവിഡ് വാർണറെ ഏത് ഫോർമാറ്റിലെയും നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്നും ആജീവനാന്തമാണ് വിലക്കിയിരിക്കുന്നത്.
വിലക്ക് അവസാനിച്ചതോടെ ഇനി എപ്പോൾ വേണമെങ്കിലും സ്മിത്തിന് ടീമിന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്താമെങ്കിലും താരം ഏറ്റെടുക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ടിം പെയ്നിന് പകരം ഒാസീസ് ടീമിെൻറ ടെസ്റ്റ് നായക സ്ഥാനം ഏറ്റെടുക്കാൻ സ്മിത്തിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോച്ച് ജസ്റ്റിൻ ലാംഗർ ടിം പെയ്നിെൻറ നായകത്വത്തെ ഗംഭീരമെന്ന് നേരത്തെ വിശേഷിപ്പിച്ചിരുന്നു.
സ്വന്തം ബാറ്റിങ്ങിലുള്ള സമ്മർദ്ദത്തിെൻറ കൂടെ സ്മിത്തിന് നായകസ്ഥാനമെന്ന ഭാരം കൂടി ഏറ്റെടുക്കാൻ താൽപര്യം കാണില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിൽ ആരോൺ ഫിഞ്ചാണ് ടി20, ഏകദിന ഫോർമാറ്റുകളിൽ ടീമിനെ നയിക്കുന്നത്.
ദേശീയ ടീമിൽ വിലക്ക് തുടരുന്ന സമയത്തുതന്നെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ സ്മിത്ത് നയിച്ചിരുന്നു. രാജസ്ഥാൻ നായകനായിരുന്ന അജിങ്ക്യ രഹാനെ കഴിഞ്ഞ വർഷം പാതിവഴിയിൽ നായക സ്ഥാനം ഉപേക്ഷിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇത്തവണത്തെ ടീമിനെ നയിക്കുക സ്മിത്തായിരിക്കുമെന്ന് നേരത്തെ രാജസ്ഥാൻ റോയൽസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.