ന്യൂഡൽഹി: പണവും പ്രശസ്തിയും വാരിക്കൂട്ടുന്ന ക്രിക്കറ്റ് താരങ്ങളെയാണ് ലോകമറിയുന്നത്. എന്നാൽ, പണം കായ്ക്കുന്ന ഐ.പി.എല്ലിനും മറ്റും മുമ്പ് ക്രിക്കറ്റിൽ വന്ന് ഒന്നുമാവാതെപോയ ഒരുപിടി താരങ്ങളുണ്ട്. കളിയിൽ എങ്ങുമെത്തിയില്ല, ജോലിയും പെൻഷനുമില്ലാതെ പട്ടിണിയിലായ മുൻകാല താരങ്ങൾ. ഈ ലോക്ഡൗൺ കാലത്ത് അവരെ തേടിയിറങ്ങുകയാണ് മുൻ ഇന്ത്യൻ നായകരായ സുനിൽ ഗവാസ്കർ, കപിൽ ദേവ്, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയവർ.
കളിക്കാരുടെ കൂട്ടായ്മയായ ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ (ഐ.സി.എ) നേതൃത്വത്തിൽ നടക്കുന്ന സഹായപദ്ധതിക്ക് പിന്തുണയും സാമ്പത്തിക സഹായവുമായി ഇവർ കളത്തിലിറങ്ങി. ഫസ്റ്റ്ക്ലാസിലും ദേശീയ ടീമിലുമായി കുറഞ്ഞ മത്സരം മാത്രം കളിച്ച താരങ്ങൾക്ക് ബി.സി.സി.ഐയുടെ പെൻഷനും മറ്റ് സഹായവുമില്ല. കോവിഡ് കാരണം രാജ്യം ലോക്ഡൗണിലായതോടെ ഇവരുടെ സാമ്പത്തികനില കൂടുതൽ പരുങ്ങലിലായി. കടുത്ത പ്രതിസന്ധിയിലായ 30 മുൻകാല താരങ്ങളെ കണ്ടെത്തി, അവർക്കായി ഫണ്ട് ശേഖരണം നടുത്തുകയാണ് ഇവർ. ഇതുവരെ 39 ലക്ഷം രൂപ സംഘടിപ്പിച്ചു.
10 ലക്ഷം നൽകി മുഹമ്മദ് അസ്ഹറുദ്ദീനാണ് ജീവകാരുണ്യ പ്രവർത്തനത്തിന് ആദ്യ പിന്തുണ നൽകിയത്. പിന്നാലെ സുനിൽ ഗവാസ്കർ, കപിൽ ദേവ്, അൻഷുമൻ ഗെയ്ക്വാദ്, ശാന്തരംഗസ്വാമി, ഗൗതം ഗംഭീർ, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരും സംഭാവന നൽകി. ഐ.സി.എ 10 ലക്ഷവും നൽകി. ഒരുവർഷം മുമ്പ് ആരംഭിച്ച ക്രിക്കറ്റേഴ്സ് അസോസിയേഷനിൽ 1750 താരങ്ങളാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടനക്ക് ബി.സി.സി.ഐ രണ്ടുകോടി ഗ്രാൻറും അനുവദിച്ചിരുന്നു. 25ൽ കൂടുതൽ ഫസ്റ്റ്ക്ലാസ് മത്സരം കളിച്ചവർക്ക് മാത്രമാണ് ബി.സി.സി.ഐ പെൻഷൻ നൽകുന്നത്. 10 മത്സരം കളിച്ചവരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ഐ.സി.എ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.