ധർമശാല: തകർപ്പൻ ജയത്തോടെ കേരളം വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷ വർണാഭമാക്കി. കഴിഞ്ഞ കളിയിൽ കരുത്തരായ ഡൽഹിയെ മലർത്തിയടിച്ചിരുന്ന കേരളം അഞ്ചാം മത്സരത്തിൽ ഉത്തർപ്രദേശിനെ 120 റൺസിനാണ് തകർത്തുവിട്ടത്. ഇതോടെ ഗ്രൂപ് ബിയിൽ 14 പോയൻറുമായി േകരളം രണ്ടാം സ്ഥാനത്തേക്കുയർന്നു.
ആദ്യം ബാറ്റുചെയ്ത് 50 ഒാവറിൽ ഒമ്പത് വിക്കറ്റിന് 261 റൺസടിച്ച കേരളം, ബൗളർമാരുടെ മികവിൽ യു.പിയുടെ ഇന്നിങ്സ് 39.2 ഒാവറിൽ 141 റൺസിലൊതുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പേസർ സന്ദീപ് വാര്യരും ഇടൈങ്കയൻ സ്പിന്നർ കെ.സി. അക്ഷയുമാണ് യു.പിയെ തകർത്തത്. ഒാഫ് സ്പിന്നുമായി രണ്ട് പേരെ മടക്കിയ ക്യാപ്റ്റൻ സചിൻ ബേബിയും ഒാരോ വിക്കറ്റ് വീതമെടുത്ത പേസർമാരായ എം.ഡി. നിതീഷും ഫാസിൽ ഫാനൂസും മികച്ച പിന്തുണ നൽകി.
നേരത്തേ, പിടിച്ചുനിന്ന് കളിച്ച രോഹൻ പ്രേമും (95 പന്തിൽ ഏഴ് ഫോറടക്കം 66) തകർത്തടിച്ച അരുൺ കാർത്തികും (36 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 54) നേടിയ അർധ സെഞ്ച്വറികളാണ് കേരളത്തിെൻറ ഇന്നിങ്സിന് കരുത്തുപകർന്നത്. ജലജ് സക്സേന (37), സചിൻ ബേബി (38) എന്നിവരും തിളങ്ങി. യു.പിക്കായി മുഹ്സിൻ ഖാൻ നാല് വിക്കറ്റ് വീഴ്ത്തി.
കേരളത്തിെൻറ സാധ്യതകൾ
ക്വാർട്ടർ പ്രവേശനം യാഥാർഥ്യമാകണമെങ്കിൽ ശനിയാഴ്ച നടക്കുന്ന അവസാന കളിയിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് വിജയം അനിവാര്യം. ഏഴ് ടീമുകളുള്ള നാല് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് അവസാന എട്ടിലേക്ക് മുന്നേറുക. ആറു മത്സരങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞ ഡൽഹിയാണ് 16 പോയൻറുമായി മുന്നിൽ. അഞ്ച് കളികൾ വീതം കളിച്ച കേരളം, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് ടീമുകൾ 14 പോയൻറുമായി തുല്യതയിലാണ്.
ഹിമാചലിന് ദുർബലരായ ബംഗാളാണ് അവസാന റൗണ്ടിൽ എതിരാളികൾ. അതിൽ ജയിച്ചാൽ ഹിമാചൽ 18 പോയൻറുമായി ഡൽഹിയെ പിന്തള്ളും. കേരളം-മഹാരാഷ്ട്ര മത്സര വിജയികൾക്കും 18 പോയേൻറാടെ മുന്നേറാം. തുല്യ പോയൻറുള്ള ടീമുകളിൽ കേരളത്തിനാണ് റൺറേറ്റ് മുൻതൂക്കമെന്നതിനാൽ കേരളം-മഹാരാഷ്ട്ര കളി നടക്കാതിരിക്കുകയോ ടൈ ആവുകയോ ചെയ്യുകയും ഹിമാചൽ തോൽക്കുകയും ചെയ്താൽ കേരളത്തിന് മുന്നേറാം. അതേസമയം, കേരളം തോറ്റാൽ മഹാരാഷ്ട്രയും ഡൽഹി, ഹിമാചൽ ടീമുകളിലൊന്നും ക്വാർട്ടറിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.