അംതർ (ഹിമാചൽ പ്രദേശ്): സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തോൽവികളുടെ കടംവീട്ടാൻ കേരള ക്രിക്കറ്റ് ടീം ഇന്നിറങ്ങുന്നു. വിജയ് ഹസാരെ ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് ബംഗാളിനെ നേരിടും. ഹിമാചൽ പ്രദേശ് അംതറിലെ എ.ബി. വാജ്പേയി ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് മത്സരം.
ആഭ്യന്തര ക്രിക്കറ്റിലെ ശക്തികളായ ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയവരടങ്ങിയ ബി ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്. ഏഴ് ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകൾക്ക് മാത്രമെ ക്വാർട്ടറിലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ എന്നതിനാൽ ഒാരോ മത്സരവും നിർണായകമാണ്. ത്രിപുരയും ഹിമാചൽ പ്രദേശും മാത്രമാണ് ഗ്രൂപ്പിലെ ദുർബലർ.
ആരെയും തോൽപിക്കാൻ കെൽപുള്ളവരാണ് സചിൻ ബേബിയുടെ സംഘം.
സഞ്ജു സാംസണും ജലജ് സക്സേനയും രോഹൻ പ്രേമും അടങ്ങിയ കേരള ടീം രഞ്ജി ട്രോഫിയിൽ വമ്പന്മാരെ പോലും ഞെട്ടിച്ചിരുന്നു. എന്നാൽ, ഇതിെൻറ ആത്മവിശ്വാസത്തിൽ മുഷ്താഖ് അലി ട്രോഫി ട്വൻറി20 മത്സരത്തിനിറങ്ങിയെങ്കിലും അഞ്ചിൽ നാലിലും തോൽക്കാനായിരുന്നു വിധി. വിജയ് ഹസാരെ ട്രോഫിയിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ മഹാരാഷ്ട്രയോട് ഏഴ് വിക്കറ്റിന് തോറ്റതിെൻറ ക്ഷീണത്തിലാണ് ബംഗാൾ കേരളത്തെ നേരിടുന്നത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ ഉത്തർപ്രദേശിനെ ഡൽഹിയും ത്രിപുരയെ ഹിമാചൽ പ്രദേശും തോൽപിച്ചു.
കേരള ടീം: സചിൻ ബേബി (നായകൻ), വിഷ്ണു വിനോദ്, സഞ്ജു സാംസൺ, അരുൺ കാർത്തിക്, രോഹൻ പ്രേം, മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, കെ.സി. അക്ഷയ്, സന്ദീപ് വാര്യർ, എം.ഡി. നിധീഷ്, അഭിഷേക് മോഹൻ, കെ.എം. ആസിഫ്, വിനോദ് കുമാർ, ജലജ് സക്സേന, എസ്.എം. വിനൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.