ബാഴ്സലോണ: മെസ്സി-സുവാറസ്-നെയ്മർ കൂട്ടുകെട്ട് വീണ്ടും ഗോളുകൾക്ക് മത്സരിച്ച കളിയിൽ ബാഴ്സലോണക്ക് സ്പാനിഷ് ലീഗിൽ തകർപ്പൻ ജയം. റയൽ സൊസീഡാഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിയോ മെസ്സിയും സംഘവും തോൽപ്പിച്ചത്. നെയ്മർ കളിയിൽ ഇരട്ടഗോൾ നേടി. മെസ്സിയും ലൂയി സുവാറസുമാണ് മറ്റ് ഗോളുകൾ നേടിയത്.
22ാം മിനിറ്റിലാണ് ബാഴ്സയുടെ ആദ്യ ഗോൾ പിറന്നത്. ഡാനി ആൽവസ് നൽകിയ ക്രോസിൽ നിന്നായിരുന്നു നെയ്മറിൻെറ സ്കോറിങ്. 41ാം മിനിറ്റിൽ ഗോൾ നേടിയത് ലൂയി സുവാറസ്. ഡാനി ആൽവസ് തന്നെയായിരുന്നു പാസ് നൽകിയത്. ആൽവസിൻെറ പാസ് മികച്ചൊരു അക്രോബാറ്റിക് കിക്കിലൂടെയാണ് സുവാറസ് ഗോളാക്കി മാറ്റിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് യൂറഗ്വായ് താരം നേടുന്ന 11ാമത്തെ ഗോളാണിത്. 53ാം മിനിറ്റിൽ നെയ്മർ ജൂനിയർ തൻെറ രണ്ടാം ഗോളും ടീമിൻെറ മൂന്നാം ഗോളും നേടി. ഇഞ്ചുറി ടൈമിലായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ മെസ്സി, സുവാറസ്, നെയ്മർ ത്രയം നേടിയ ഗോളുകളുടെ എണ്ണം 125 ആയി. ലാലിഗയിൽ മറ്റൊരു മത്സരത്തിൽ അത് ലറ്റികോ മഡ്രിഡ് എസ്പാന്യോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു.
ലാലിഗയിൽ 13 കളികളിൽ നിന്ന് 33 പോയിൻറാണ് ബാഴ്സക്കുള്ളത്. 29 പോയിൻറുള്ള അത് ലറ്റികോ മഡ്രിഡ് ആണ് പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 12 കളികളിൽ നിന്ന് 26 പോയിൻറുമായി റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്തും 24 പോയിൻറുമായി സെൽറ്റ വിഗ നാലാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.