നൗകാംപ്: തുടർച്ചയായി തോൽക്കുന്നു എന്ന പരാതി മാറ്റി ബാഴ്സലോണ തിരിച്ചുവന്നു. ഒന്നോ രണ്ടോ ഗോളടിച്ചല്ല തിരിച്ചവരവ്; എതിരില്ലാത്ത എട്ട് ഗോളുകളാണ് ഡിപോർട്ടിവോ ലെ കൊരുനയുടെ വലയിൽ ബാഴ്സ നിക്ഷേപിച്ചത്. നാല് ഗോളുകൾ നേടിയ ലൂയി സുവാറസാണ് മത്സരത്തിലെ ടോപ് സ്കോറർ.
ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ബാഴ്സ, ലാലിഗയിലും മോശം പ്രകടനമാണ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ കാഴ്ചവെച്ചത്. എന്നാൽ ഈ പ്രകടനത്തെ തുടർന്നുണ്ടായ എല്ലാ വിമർശങ്ങൾക്കുമുള്ള മറുപടിയാണ് ഇന്നലെ ബാഴ്സ നൽകിയത്. മത്സരത്തിലെ ആറ് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.
സുവാറസിന് പുറമെ ഇവാൻ റാകിറ്റിച്, ലിയോ മെസ്സി, മാർ ബാത്ര, നെയ്മർ എന്നിവരാണ് ബാഴ്സയുടെ പട്ടിക തികച്ചത്. നാലു ഗോൾ നേട്ടത്തോടെ ലാലിഗയിൽ ഈ സീസണിൽ സുവാറസിൻെറ ഗോൾ നേട്ടം 30 ആയി. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 31 ഗോളുകളാണുള്ളത്.
11ാം മിനിറ്റിൽ സുവാറസാണ് ഗോൾ വേട്ട ആരംഭിച്ചത്. പിന്നീട് 24, 53, 64 മിനിറ്റുകളിൽ യൂറഗ്വായ് സ്ട്രൈക്കർ ഗോളുകൾ നേടി. രണ്ടാം പകുതിയിൽ റാകിറ്റിചാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്, 47ാം മിനിറ്റിൽ. മെസ്സി 73ാം മിനിറ്റിലും ബാത്ര 79ാം മിനിറ്റിലും വല കുലുക്കി. 81ാം മിനിറ്റിൽ നെയ്മർ പട്ടിക പൂർത്തിയാക്കി.
മറ്റു മത്സരങ്ങളിൽ റയൽ മഡ്രിഡ് വിയ്യാറയലിനെയും അത് ലറ്റികോ മഡ്രിഡ് അത് ലറ്റികോ ബിൽബാവോയെയും തോൽപ്പിച്ചു. എതിരില്ലാത്തെ മൂന്നു ഗോളുകൾക്കായിരുന്നു റയലിൻെറ ജയം. ബെൻസെമ, വാസ്ക്വസ്, ലൂക മോദ്രിച് എന്നിവരാണ് ഗോൾ നേടിയത്. ഫെർണാണ്ടോ ടോറസ് നേടിയ ഏകഗോളിനാണ് അത് ലറ്റ്കോ മഡ്രിഡിൻെറ ജയം.
അത് ലറ്റികോ മഡ്രിഡിനും ബാഴ്സക്കും തുല്യ പോയിൻറാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ളതിനാൽ ബാഴ്സ പട്ടികയിൽ തലപ്പത്താണ്. അത് ലറ്റികോ രണ്ടാം സ്ഥാനത്തും റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. വിയ്യാറയൽ നാലാം സ്ഥാനത്തും ബിൽബാവോ അഞ്ചാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.