ലണ്ടന്‍: എല്ലാവരും കൈവിട്ട രണ്ടുപേരുടേതായിരുന്നു ഞായറാഴ്ച രാത്രിയിലെ വെംബ്ളി. മിന്നുന്ന പ്രകടനത്തിനിടയിലും അറേബ്യന്‍ മുതലാളിമാര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് മാനുവല്‍ പെല്ലഗ്രിനിയുടെയും കിട്ടിയ അവസരങ്ങളില്‍ അപമാനിതനാവാന്‍ വിധിക്കപ്പെട്ട ഗോള്‍കീപ്പര്‍ വില്ലി കബല്ളെറോയുടെയും ദിനം. കലാശപ്പോരാട്ടത്തില്‍ കരുത്തരായ ലിവര്‍പൂളിനെതിരെ ഇറങ്ങുമ്പോള്‍ എഫ്.എ കപ്പില്‍ സിറ്റിയുടെ പുറത്താവലിന് വഴിവെച്ച അഞ്ചുഗോള്‍ വഴങ്ങിയ കബല്ളെറോയെതന്നെ പരീക്ഷിക്കാനായിരുന്നു പെല്ലഗ്രിനിയുടെ തീരുമാനം. നിരാശരായ രണ്ടുപേരുടെ അനുകമ്പ. പക്ഷേ, വെംബ്ളിയില്‍ ഇവരുടെ ദിനമായിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനിലയില്‍ പിരിഞ്ഞ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ ലിവര്‍പൂളിന്‍െറ സൂപ്പര്‍താരങ്ങള്‍ തൊടുത്ത മൂന്നു ഷോട്ടുകള്‍ തടുത്തിട്ട് സിറ്റിക്ക് ലീഗ് കപ്പ് സമ്മാനിച്ചത് കബല്ളെറോയുടെ ഒറ്റ മിടുക്ക്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 49ാം മിനിറ്റില്‍ ഫെര്‍ണാണ്ടിന്യോ സിറ്റിക്കുവേണ്ടിയും 83ാം മിനിറ്റില്‍ ഫിലിപ് കൗടീന്യോ ലിവര്‍പൂളിനുവേണ്ടിയും വലകുലുക്കിയതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്.
വിധിനിര്‍ണായക നിമിഷത്തില്‍, ലൂകാസ് ലീവ, ഫിലിപ് കൗടീന്യോ, ആഡം ലലാന എന്നിവരുടെ പോയന്‍റ് ബ്ളാങ്ക് ഷോട്ടുകളെ മുഴുനീള ഡൈവിങ്ങിലൂടെ തട്ടിയകറ്റിയാണ് കബല്ളെറോ സിറ്റിക്ക് കിരീടം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ ആദ്യ അവസരം ലഭിച്ച ലിവര്‍പൂള്‍ എംറെ കാനിലൂടെ വലകുലുക്കി മുന്‍തൂക്കം നേടി. സിറ്റിക്കായി ഷോട്ടെടുത്ത ഫെര്‍ണാണ്ടോ ലൂയിസ് റോസക്ക് പിഴക്കുകയും ചെയ്തപ്പോള്‍ സമ്മര്‍ദങ്ങള്‍ക്കു നടുവിലായി പെല്ലഗ്രിനിയുടെ കുട്ടികള്‍. പക്ഷേ, പിന്നീട് കണ്ടത് കബല്ളെറോയുടെ ഒറ്റയാള്‍ പ്രകടനം. ലൂകാസ്, കൗടീന്യോ, ലലാന മൂവരുടെയും ഷോട്ടുകളെ വീറോടെ കബല്ളെറോ തട്ടിയകറ്റിയപ്പോള്‍ സിറ്റിക്കുവേണ്ടി ജീസസ് നവസും അഗ്യൂറോയും യായ ടുറെയും വലകുലുക്കി.
2014ല്‍ മലാഗയില്‍നിന്നും സിറ്റിയിലത്തെിയെങ്കിലും ജോ ഹാര്‍ട്ട് നിറഞ്ഞുനിന്ന വലക്കുകീഴെ പകരക്കാരുടെ ബെഞ്ചിലായിരുന്നു അര്‍ജന്‍റീനക്കാരന്‍െറ സ്ഥാനം. നേരത്തെ മൂന്നുതവണ അവസരങ്ങളത്തെിയപ്പോഴും കബല്ളെറോക്ക് തിളങ്ങാനായില്ല. പക്ഷേ, മലാഗയില്‍ തന്‍െറ വിശ്വസ്തനായ അര്‍ജന്‍റീനക്കാരന് ഒരിക്കല്‍കൂടി പരീക്ഷിക്കാനുള്ള പെല്ലഗ്രിനിയുടെ തീരുമാനവും പിഴച്ചില്ല. ‘അവിശ്വസനീയമായിരുന്നു. മൂന്ന് പെനാല്‍റ്റി സേവും, കിരീടവും. പ്ളെയിങ് ഇലവനില്‍ അവസരംനല്‍കിയ കോച്ചിനുള്ള നന്ദികൂടിയാണിത്’ -കബല്ളെറോ പഞ്ഞു.
‘ഷൂട്ടൗട്ടിന് മുമ്പേ ജയം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. കബല്ളെറോയില്‍ വിശ്വാസമുണ്ടായിരുന്നു. എഫ്.എ കപ്പില്‍ തോല്‍വികാരണം അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിച്ചിരുന്നില്ല. ജോ ഹാര്‍ട്ടിന് വിശ്രമം വേണം. എന്നെ വിമര്‍ശിക്കാന്‍ കാത്തിരുന്നവര്‍ക്കുള്ള മറുപടിയാണ് കബല്ളെറോ നല്‍കിയത്’ -പെല്ലഗ്രിനി പറഞ്ഞു. സീസണില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും ലക്ഷ്യമിടുന്ന പെല്ലഗ്രിനിക്കും സിറ്റിക്കും ആത്മവിശ്വാസം വേണ്ടുവോളം നല്‍കുന്നതാണ് ലീഗ് കപ്പിലെ കിരീടനേട്ടം. സിറ്റിയുടെ നാലാമത്തെ ലീഗ് കപ്പാണിത്. രണ്ടും പെല്ലഗ്രിനിയുടെ കൈകളിലൂടെയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.