??????????? ??????????? ??????????????

കോപ അമേരിക്ക: ആദ്യം അമേരിക്ക x കൊളംബിയ പോരാട്ടം

1916 ജൂലൈ രണ്ട്. അര്‍ജന്‍റീനയുടെ സ്വാതന്ത്ര്യലബ്ധിയുടെ 100ാം വാര്‍ഷികം ആഘോഷമാക്കാന്‍ തെക്കനമേരിക്കയിലെ നാല് ഫുട്ബാള്‍ രാജ്യങ്ങള്‍ ഒത്തുകൂടി ലോകത്തിന്‍െറ ഉന്മാദത്തിന് കിക്കോഫ് കുറിച്ച ദിനം. ബ്വേനസ് എയ്റിസിലെ ജിനേഷ്യ സ്റ്റേഡിയത്തില്‍ ഉറുഗ്വായ്യും ചിലിയും തമ്മിലായിരുന്നു ആദ്യ പോരാട്ടം. 44ാം മിനിറ്റില്‍ ചിലിയുടെ വലകുലുക്കിയ ജോസ് പിയന്‍ഡിബെനിയെന്ന ഉറുഗ്വായ് താരം അങ്ങനെ ആദ്യ ഗോളടിക്കാരനായി. ബ്രസീലും അര്‍ജന്‍റീനയും കൂടി പങ്കാളികളായ ലോക ഫുട്ബാളിലെ ആദ്യ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ ഉറുഗ്വായ് കിരീടമുയര്‍ത്തി. തെക്കനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പും പിന്നീട് കോപ അമേരിക്കയുമായി മാറിയ ഫുട്ബാള്‍ ആവേശം.
2016 ജൂണ്‍ മൂന്ന്. അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയിലെ സാന്‍റകാര്‍ലയിലെ ലെവിസ് ഫുട്ബാള്‍ സ്റ്റേഡിയം. ഇന്ത്യന്‍ സമയം ശനിയാഴ്ച (ജൂണ്‍ നാല്) രാവിലെ ഏഴ്. അമേരിക്കയും കൊളംബിയയും കിക്കോഫ് കുറിച്ച് മറ്റൊരു ചരിത്രത്തിന്‍െറ 100ാം പിറന്നാള്‍ ആഘോഷിക്കുന്നു.
ലോക ഫുട്ബാളിന്‍െറ തലവര മാറ്റിയെഴുതിയ മണ്ണിന്‍െറ ഫുട്ബാള്‍ ലഹരിയുടെ ആഘോഷം. തുകല്‍പന്തില്‍ വിസ്മയംതീര്‍ത്ത് ഇതിഹാസപുരുഷന്മാരായ പെലെയും മറഡോണയും ആല്‍ഫ്രെഡോ ഡിസ്റ്റിഫാനോയും സീക്കോയും ഗരീഞ്ചയും സോക്രട്ടീസും ഷിലാവര്‍ട്ടും തുടങ്ങി പുതുതലമുറയിലെ പരിചിതരായ റൊണാള്‍ഡോയും മെസ്സിയും നെയ്മറും സുവാരസും വരെയുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ജന്മംനല്‍കിയ മണ്ണിന്‍െറ അപൂര്‍വ ആഘോഷത്തിന് ശനിയാഴ്ച കിക്കോഫ്.

അമേരിക്ക x കൊളംബിയ
പ്രഗല്ഭരായ പരിശീലകര്‍, പ്രതിഭാധനരായ താരങ്ങള്‍. കൊണ്ടും കൊടുത്തും ശീലിച്ച പാരമ്പര്യം. കോപ അമേരിക്ക ശതാബ്ദി പോരാട്ടത്തിലെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ അമേരിക്കയും കൊളംബിയയും ഏറ്റുമുട്ടുമ്പോള്‍ തെക്കനമേരിക്കന്‍ ഫുട്ബാളിലെ 100ാം പിറന്നാള്‍ ആഘോഷത്തിന് പ്രൗഢഗംഭീര തുടക്കമാവും. ഏതുനിമഷവും കളി സ്വന്തമാക്കാന്‍ കരുത്തുള്ള ഹാമിഷ് റോഡ്രിഗസും യുവാന്‍ ക്വഡ്രാഡോയും അടങ്ങിയ കൊളംബിയന്‍ നിര അട്ടിമറിക്ക് കരുത്തുള്ള കിരീടഫേവറിറ്റുകളായാണ് കോപയില്‍ കിക്കോഫ് കുറിക്കുന്നത്. ഫിഫ റാങ്കിങ്ങിലും താരത്തിളക്കത്തിലും എതിരാളികളായ അമേരിക്കയേക്കാള്‍ ഏറെ മുന്നില്‍. ഏറ്റവും പുതിയ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കൊളംബിയ. അമേരിക്കയേക്കാള്‍ 28 സ്ഥാനം മുന്നില്‍. പരിശീലകകുപ്പായത്തില്‍ തന്ത്രങ്ങളുടെ തമ്പുരാനായ ജോസ് പെക്കര്‍മാനും. അപ്രവചനീയമായ കുതിപ്പും അട്ടിമറിക്കാനുള്ള ശേഷിയുമായി ലോകകപ്പിലും കഴിഞ്ഞ കോപയിയും മിന്നിത്തിളങ്ങിയ കൊളംബിയയില്‍ തന്നെയാണ് ആരാധകമനസ്സ് ഏറെയും.

കാര്‍ലോസ് ബാകയാവും ആക്രമണം നയിക്കുക. റയലിലെ പരിചയവുമായി റോഡ്രിഗസുമത്തെുന്നതോടെ കൊളംബിയ അതിശക്തം. ‘റോഡ്രിഗസ് ഏറെ മെച്ചപ്പെടുകയാണ്. ബുദ്ധിശാലിയായ കളിക്കാരനും ലീഡറുമാണ്’ -കോച്ച് പെക്കര്‍മാന്‍െറ വാക്കുകള്‍ ഇങ്ങനെ.
അതേസമയം, ഈ കോപക്കായി പ്രത്യേകമൊരുങ്ങിയാണ് അമേരിക്കയിറങ്ങുന്നതെന്ന് നായകന്‍ മൈക്കല്‍ ബ്രാഡ്ലി തന്നെ പ്രഖ്യാപിക്കുന്നു. കോച്ച് ക്ളിന്‍സ്മാന്‍െറ തന്ത്രങ്ങള്‍ കൂടി ഒത്തുചേരുമ്പോള്‍ അമേരിക്കന്‍ അട്ടിമറിക്കുള്ള കിക്കോഫ് കൂടിയാവും. 100ലേറെ മത്സരപരിചയമുള്ള ബ്രാഡ്ലിലും ക്ളിന്‍റ് ഡെംപ്സിയുമാണ് പ്രധാന താരങ്ങള്‍. ഗോള്‍വലക്കുകീഴില്‍ ടിംഹൊവാര്‍ഡും.

കോസ്റ്ററീക x പരഗ്വേ
(മത്സരം രാത്രി 2.30)
-കോപയില്‍ ഇരുവരും ഏറ്റുമുട്ടുന്നത് രണ്ടാം തവണ മാത്രം. 2004ല്‍ പെറു വേദിയായ ചാമ്പ്യന്‍ഷിപ്പിലായിരുന്നു മുമ്പത്തെ മത്സരം. ജൂലിയോ ഡോസ് സാന്‍േറാസിന്‍െറ ഏക ഗോളില്‍ അന്ന് കോസ്റ്ററീക 1-0ത്തിന് ജയിച്ചു.
- 2015 മാര്‍ച്ചില്‍ സൗഹൃദമത്സരത്തില്‍ കളിച്ചപ്പോള്‍ ഗോള്‍രഹിത സമനില.
-2004ല്‍ കോപയില്‍ പരഗ്വേക്കായി കളിച്ചവരില്‍ രണ്ടുപേര്‍ മാത്രമാണ് ടീമിലുള്ളത്. ഡീഗോ ബരെറ്റോയും നെല്‍സണ്‍ വാല്‍ഡസും. കോസ്റ്ററീക നിരയില്‍ അല്‍വാരോ സബോറിയോ മാത്രം.
-കോപയില്‍ കോസ്റ്ററീക കളിച്ച നാലില്‍ മൂന്നിലും തോറ്റു. 2001ല്‍ ഹോണ്ടുറസിനെതിരെ മാത്രം ജയം (1-0)
-ആദ്യ മത്സരത്തില്‍ പരഗ്വേ തോറ്റത് 1975ല്‍ മാത്രം. ശേഷം എട്ടു ജയവും ആറ് സമനിലയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.