കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ റോസ്ബൗള്‍ സ്റ്റേഡിയത്തില്‍ 22 വര്‍ഷം മുമ്പത്തെ സുവര്‍ണ സ്മരണകളുമായി ബ്രസീല്‍ ഇറങ്ങുന്നു. 1994 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയെ കണ്ണീരിലാഴ്ത്തി കിരീടമണിഞ്ഞ അതേവേദിയില്‍ പ്രതാപം വീണ്ടെടുക്കാന്‍ മഞ്ഞപ്പടയിറക്കം. നെയ്മറും കക്കയുമില്ലാതെ കളത്തിലിറങ്ങുന്ന ബ്രസീലിന്‍െറ എതിരാളി എക്വഡോറാണ്. സ്വന്തം മണ്ണിലെ ലോകകപ്പ് ദുരന്തത്തിനും കഴിഞ്ഞ കോപ്പയിലെ നാണക്കേടിനും കണക്കുതീര്‍ക്കാനൊരുങ്ങുന്ന ബ്രസീല്‍ കരുതലോടെയാവും കളി തുടങ്ങുക. ഒളിമ്പിക്സ് ലക്ഷ്യമിട്ട് യുവനിരയുമായി കോപ അമേരിക്കക്കൊരുങ്ങുന്ന ബ്രസീല്‍ 2007ലാണ് അവസാനമായി തെക്കനമേരിക്കന്‍ അങ്കത്തില്‍ കിരീടമണിഞ്ഞത്. അടുത്ത രണ്ടുതവണയും ക്വാര്‍ട്ടറില്‍ മടങ്ങാനായിരുന്നു വിധി. വലിയ സ്വപ്നങ്ങള്‍ക്കിടയിലാണ് മഞ്ഞപ്പടയുടെ വരവെങ്കിലും അടിമുടി അനിശ്ചിതത്വമാണ്. നെയ്മറെ കോപയില്‍ കളിക്കാന്‍ ക്ളബ് വിട്ടുനല്‍കിയില്ല. ഡഗ്ളസ് കോസ്റ്റയും പകരംവന്ന കക്കയും പരിക്കുകാരണം ടീമിന് പുറത്തായി. ഇരുവര്‍ക്കും ബദലായത്തെിയ പൗലോ ഗന്‍സോ ദേശീയ ടീമിനായി ഒരു ഗോള്‍പോലും നേടിയിട്ടില്ല. സാവോപോളോ ക്ളബിനായി 101 കളിയില്‍ നേടിയത് ഒമ്പത് ഗോളും. 12 ഗോളടിച്ച ഹള്‍ക്കാണ് കോപ ടീമിലെ ടോപ് സ്കോറര്‍. യുവനിരയുമായിറങ്ങുന്ന എക്വഡോറിയന്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ കെല്‍പുള്ള ആരും ടീമിലുമില്ല.
അതേസമയം, തെക്കനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തുള്ള എക്വഡോര്‍ കരുത്തരാണ്. എന്നര്‍ വലന്‍സിയ, അന്‍േറാണിയോ വലന്‍സിയ, ജെഫേഴ്സന്‍ മൊന്‍റീറോ, വാള്‍ട്ടര്‍ അയോവി തുടങ്ങിയവരെല്ലാം പരിചയസമ്പന്നര്‍. മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍ ബ്രസീലിനാണ് മുന്‍തൂക്കം. 29ല്‍ 24 ജയം. പക്ഷേ, അത് അതിപ്രഗല്ഭരായ മുന്‍ഗാമികളുടെ കാലത്തായിരുന്നുവെന്നത് മറ്റൊരു കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.