ബ്രസീലിനെ എക്വഡോർ ഗോൾരഹിത സമനിലയിൽ തളച്ചു- വിഡിയോ

കാലിഫോര്‍ണിയ:  22 വര്‍ഷം മുമ്പത്തെ ലോകകപ്പ് ഫൈനലിൻെറ സുവര്‍ണ സ്മരണകളുമായി റോസ്ബൗള്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ ബ്രസീലിനെ കരുത്തരായ എക്വഡോർ ഗോൾരഹിത സമനിലയിൽ തളച്ചു. സ്വന്തം മണ്ണിലെ ലോകകപ്പ് ദുരന്തത്തിനും കഴിഞ്ഞ കോപ്പയിലെ നാണക്കേടിനും കണക്കുതീര്‍ക്കാനൊരുങ്ങുന്ന ബ്രസീൽ നിരാശപ്പെടുത്തി. മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശപ്പെടുത്തിയെങ്കിലും ഫലവത്തായ മുന്നേറ്റങ്ങളുണ്ടാക്കാൻ ബ്രസീലിനായില്ല. നെയ്മറുടെയും കക്കയുടെയും അഭാവം ബ്രസീൽ നിരയിൽ പ്രകടമായിരുന്നു. എക്വഡോറിയന്‍ പ്രതിരോധത്തെ കീറിമുറിക്കാന്‍ കെല്‍പുള്ള ആരും ടീമിലില്ലെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. 65ാം മിനിറ്റിൽ എക്വഡോർ താരം എന്നർ വലൻസിയ ക്രോസിലൂടെ അസാധ്യമായി വല കുലുക്കിയെങ്കിലും റഫറി അനുവദിച്ചില്ല. 

Full View

ഒളിമ്പിക്സ് ലക്ഷ്യമിട്ട് യുവനിരയുമായി കോപ അമേരിക്കക്കൊരുങ്ങുന്ന ബ്രസീല്‍ 2007ലാണ് അവസാനമായി തെക്കനമേരിക്കന്‍ അങ്കത്തില്‍ കിരീടമണിഞ്ഞത്. അടുത്ത രണ്ടുതവണയും ക്വാര്‍ട്ടറില്‍ മടങ്ങാനായിരുന്നു വിധി.  വലിയ സ്വപ്നങ്ങള്‍ക്കിടയിലാണ് മഞ്ഞപ്പടയുടെ വരവെങ്കിലും അടിമുടി അനിശ്ചിതത്വത്തിലാണ് ബ്രസീൽ ടീം. നെയ്മറെ കോപയില്‍ കളിക്കാന്‍ ബാഴ്സലോണ വിട്ടുനൽകാത്തതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ഡഗ്ളസ് കോസ്റ്റയും പകരംവന്ന കക്കയും പരിക്കുകാരണം ടീമിന് പുറത്തായി. ഇരുവര്‍ക്കും ബദലായത്തെിയ പൗലോ ഗന്‍സോ ദേശീയ ടീമിനായി ഒരു ഗോള്‍പോലും നേടാൻ കഴിയാത്ത കളിക്കാരനാണ്. 12 ഗോളടിച്ച ഹള്‍ക്കാണ് കോപ ടീമിലെ ടോപ് സ്കോറര്‍. 1994 ലോകകപ്പിൽ ഇറ്റലിയെ വീഴ്ത്തി കിരീടമണിഞ്ഞ അതേവേദിയിലാണ് മഞ്ഞപ്പട ഇന്നിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.