കോപയില്‍ ഡ്രൈഡേ

കാലിഫോര്‍ണിയ: മൂന്ന് കളികള്‍, നാലര മണിക്കൂര്‍ പോരാട്ടം. പക്ഷേ, പിറന്നത് ഒരു ഗോള്‍ മാത്രം. അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലും പോരാട്ടവീര്യം ഒട്ടും കുറവില്ലാത്ത എക്വഡോറും പരഗ്വേയുമെല്ലാം ഇറങ്ങിയുടെ കോപ അമേരിക്ക ശതാബ്ദി പോരാട്ടത്തിന്‍െറ രണ്ടാം ദിനത്തില്‍ ഗോള്‍വല കുലുങ്ങാന്‍ മടിച്ചു. എട്ടുതവണ കോപ ചാമ്പ്യന്മാരായ ബ്രസീലിനെ എക്വഡോറും കോസ്റ്ററീകയെ പരഗ്വേയും ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഹെയ്തി-പെറു (0-1) മത്സരം മാത്രമേ ഫലം സമ്മാനിച്ചുള്ളൂ.

ദയനീയം ബ്രസീല്‍
മൈതാനത്ത് പകരാനാവാതെ പോയ ഊര്‍ജവുമായി ഗാലറിയില്‍ നെയ്മറുണ്ടായിരുന്നു. ഒപ്പം പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറും നടന്‍ ജാമി ഫോക്സും. പക്ഷേ, ആരാധകക്കൂട്ടങ്ങളുടെ പിന്തുണയുണ്ടായിട്ടും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിടികൂടിയ ഉള്‍ക്കിടിലം വിട്ടുമാറാത്തതുപോലെയായിരുന്നു ബ്രസീല്‍. പതിവ് മഞ്ഞക്കുപ്പായം എതിരാളികളായ എക്വഡോറിനെ അണിയിച്ച്, നീലയും വെള്ളയും നിറത്തിലായിരുന്ന കാനറികള്‍ കളത്തിലിറങ്ങിയത്. മൈതാനത്തിറങ്ങിയ താരങ്ങളേക്കാള്‍, ചിലരുടെ അസാന്നിധ്യമായിരുന്നു ശ്രദ്ധേയമായത്. റയല്‍ മഡ്രിഡ് താരം കാസ്മിറോ പ്ളേമേക്കറായും വില്യന്‍, ഫിലിപ് കൗടീന്യോ എന്നിവര്‍ വിങ്ങിലും ജൊനാസ് ഒലിവേര ആക്രമണത്തിലുമായി പുതിയ കൂട്ടൊരുക്കിയെങ്കിലും നെയ്മറും ഡഗ്ളസ് കോസ്റ്റയും കക്കയും ലൂയി ഗുസ്താവോയും സൃഷ്ടിച്ച വിടവ് നികത്താനുള്ള കോപ്പൊന്നുമില്ലാതെ പോയി. ആദ്യ പകുതിയില്‍ വില്യനും ജൊനാസും ചേര്‍ന്ന് ചില മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചപ്പോഴെല്ലാം എക്വഡോറിന്‍െറ പ്രതിരോധനിര കൂട്ടം ചേര്‍ന്ന് തട്ടിയകറ്റി. രണ്ടാം പകുതിയില്‍ ഏറെ മുന്‍തൂക്കവും എക്വഡോറിനായിരുന്നു.

മധ്യനിരയില്‍ കറങ്ങിത്തിരിഞ്ഞ പന്ത് അവസരം കിട്ടുമ്പോഴൊക്കെ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചു. ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിന്‍െറ ചടുലതയും പ്രതിരോധനിരയിലെ പരിചയസമ്പന്നന്‍ ഡാനി ആല്‍വസിന്‍െറയും ഫിലിപ് ലൂയിസിന്‍െറയും കരുത്തും ചേര്‍ന്ന് തട്ടിയകറ്റിയതോടെ ബ്രസീല്‍ രക്ഷപ്പെട്ടു.രണ്ടാം പകുതിയുടെ 20ാം മിനിറ്റില്‍ എക്വഡോര്‍ സ്ട്രൈക്കര്‍ മിലര്‍ ബൊലാനസിന്‍െറ ഗോള്‍ റഫറി നിഷേധിച്ചത് മഞ്ഞപ്പടയുടെ രക്ഷയായി. അധികം വൈകുംമുമ്പ് അന്‍േറാണിയോ വലന്‍സിയോ തൊടുത്ത ലോങ്റേഞ്ച് ക്രോസ്ബാറില്‍ തട്ടി അകലുകയും ചെയ്തു. ലോങ് വിസിലിന് അഞ്ചു മിനിറ്റ് ബാക്കിനില്‍ക്കെ ലൂകാസ് മൗറ തൊടുത്ത ഉഗ്രന്‍ ഹെഡര്‍ തലനാരിഴ വ്യത്യാസത്തിലാണ് വലതൊടാതെ പുറത്തേക്ക് പറന്നത്. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഒരു പോയന്‍റ് നേടിയെങ്കിലും ബ്രസീലിന് ആശ്വസിക്കാന്‍ വകയില്ല. ഗ്രൂപ് കടന്നാല്‍ ശരാശരി ടീമുമായി ദുംഗ എവിടംവരെയത്തെുമെന്ന് കാത്തിരുന്ന് കാണാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.