അർജൻറീന കണക്കു തീർത്തു

സാന്‍റകാര്‍ല: ബെഞ്ചില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയെ സാക്ഷിയാക്കി അര്‍ജന്‍റീനക്ക് തകര്‍പ്പന്‍ ജയം. ഒരുവര്‍ഷം മുമ്പ് സാന്‍റിയാഗോയില്‍ വീണ കണ്ണീരിന് ചിലിയോട് രണ്ട് ഗോളില്‍ കണക്കു തീര്‍ത്ത് കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ സ്വപ്നത്തുടക്കം.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു എയ്ഞ്ചല്‍ ഡി മരിയ-എവര്‍ ബനേഗ കൂട്ടിലൂടെ അര്‍ജന്‍റീനയുടെ രണ്ട് ഗോളുകളും പിറന്നത്. 51ാം മിനിറ്റില്‍ സമനിലക്കുരുക്ക് പൊട്ടിച്ച് ഡി മരിയ അര്‍ജന്‍റീനക്ക് ആദ്യ ലീഡ് നല്‍കി. മധ്യനിരയില്‍ നിന്നും റാഞ്ചിയെടുത്ത പന്തുമായി കുതിച്ച എവര്‍ബനേഗയായിരുന്നു ഗോളിന് പിന്നില്‍.

59ാം മിനിറ്റില്‍ ആദ്യ ഗോളിന്‍െറ പകര്‍ന്നാട്ടം വീണ്ടും കണ്ടു. ഇടതുവിങ്ങിലൂടെ വീണ്ടും ഗോള്‍വല കുലുങ്ങിയപ്പോള്‍ പന്തത്തെിച്ചത് ഡി മരിയയും സ്കോര്‍ ചെയ്തത് എവര്‍ ബനേഗയും. തോല്‍വി ഉറപ്പിച്ച ചിലി തിരിച്ചടിക്കാനുള്ള കൂട്ടശ്രമത്തിനിടെ ഇഞ്ചുറി ടൈമില്‍ ആശ്വാസ ഗോള്‍ നേടി. ഫ്രീകിക്കിലൂടെയത്തെിയ പന്ത് കുത്തിയകറ്റാനായി അര്‍ജന്‍റീന ഗോളി സെര്‍ജിയോ റൊമീറോ മുന്നോട്ട് ചാടിക്കയറിയപ്പോള്‍ ഒഴിഞ്ഞവലയിലേക്ക് ജോസ് പെഡ്രോ ഫ്യുവെന്‍സാലിഡ ഹെഡ്ഡറിലൂടെ നിറയൊഴിച്ചു. നിലവിലെ കോപ ചാമ്പ്യന്മാര്‍ക്ക് തോല്‍വിയില്‍ ആശ്വാസമായി ഏക ഗോള്‍.

ഞായറാഴ്ച പരിശീലനത്തിനിറങ്ങിയ മെസ്സി ‘കോപ 2015 ഫൈനല്‍’ റീമാച്ചില്‍ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അര്‍ജന്‍റീന ക്യാമ്പ്. എന്നാല്‍, പരിക്ക് മാറിയെങ്കിലും റിസ്കെടുക്കാന്‍ കോച്ച് ജെറാര്‍ഡോ മാര്‍ടിനോ തയാറായില്ല. മെസ്സിക്ക് പകരം നികോള ഗെയ്റ്റാനും ലൂകാസ് ബിഗ്ളിയക്കും എറിക് ലമേലക്കും പകരക്കാരായി ബനേഗയും അഗസ്റ്റോ ഫെര്‍ണാണ്ടസും  പ്ളെയിങ് ഇലവനിലത്തെി. ഗോണ്‍സാലോ ഹിഗ്വെ്നും എയ്ഞ്ചല്‍ ഡി മരിയയുമായിരുന്നു മുന്നേറ്റത്തില്‍.
അതേസമയം, പരിചയ സമ്പന്നരായ അലക്സിസ് സാഞ്ചസ്, എഡ്വേര്‍ഡോ വര്‍ഗാസ്, അര്‍തുറോ വിദാല്‍, അരാഗ്വിസ് എന്നിവരുമായിറങ്ങിയ ചിലിയും അതിശക്തം. പക്ഷേ, കനലൊടുങ്ങാത്ത പകയുമായി കിക്കോഫ് കുറിച്ച അര്‍ജന്‍റീന ആദ്യ മിനിറ്റ് മുതല്‍ ക്ളോഡിയോ ബ്രാവോ കാത്ത വലക്കുമുന്നിലേക്ക് കുതിപ്പ് തുടങ്ങി. രണ്ടം മിനിറ്റില്‍ നികോളസ് ഗെയ്റ്റാന്‍െറ ഹെഡ്ഡറിലൂടെ ആദ്യ റെയ്ഡ്. 17ാം മിനിറ്റില്‍ റോഹോയുടെ ഉജ്ജ്വലഷോട്ട് ബ്രാവോ തട്ടിയകറ്റി.
മറുപകുതിയില്‍ വിദാലും സാഞ്ചസും നടത്തിയ മുന്നേറ്റങ്ങളെ പെനാല്‍റ്റി ബോക്സിലത്തെും മുമ്പേ തട്ടിത്തകര്‍ക്കാനുള്ള ജോലി മഷറാനോയും ഒടമെന്‍ഡിയും ഭംഗിയാക്കി. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തുമ്പോഴെല്ലാം റൊമീറോയുടെ കൈകള്‍ രക്ഷയായി.

രണ്ടാം പകുതിയില്‍ ചിലിയുടെ മുന്നേറ്റത്തോടെയാണ് കളമുണര്‍ന്നതെങ്കിലും അഞ്ചു മിനിറ്റിനകം അര്‍ജന്‍റീന സ്കോര്‍ ചെയ്തു. അര്‍ജന്‍റീന പകുതിയില്‍ ചിലിയന്‍ മധ്യനിര താരത്തില്‍ നിന്നും റാഞ്ചിയെടുത്ത പന്തുമായാണ് ബനേഗ കുതിച്ചത്. വിങ്ങിനോട് ചേര്‍ന്ന് ഡി മരിയക്ക് ക്രോസ് ചെയ്തപ്പോള്‍, സുന്ദരമായ ഫിനിഷിങ്. എട്ടു മിനിറ്റേ വേണ്ടിവന്നുള്ളൂ അടുത്ത ഗോളിന്. ഇക്കുറി ഡി മരിയയാണ് പ്ളേമേക്കറുടെ റോള്‍ എടുത്തത്. കോര്‍ണറില്‍ പന്ത് സ്വീകരിച്ച ബനേഗ നീട്ടിയടിച്ചപ്പോള്‍ തടുക്കാനാഞ്ഞ ഡിഫന്‍ഡര്‍ക്കും സ്ഥാനം തെറ്റിയ ഗോളിക്കുമിടയിലൂടെ വലയിലേക്ക് 2-0. ഗോള്‍ വഴങ്ങിയതിനു പിന്നാലെ തുടര്‍ച്ചയായി സബ്സ്റ്റിറ്റ്യൂഷന്‍ നടത്തിയെങ്കിലും ചിലിക്ക് രക്ഷയില്ലായിരുന്നു. ഇഞ്ചുറി ടൈമില്‍ ഫ്യൂവന്‍സാലിഡ ആശ്വാസഗോള്‍ നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.