പരാഗ്വയെ കീഴ്പ്പെടുത്തി; കൊളംബിയ ക്വാർട്ടർ ഫൈനലിൽ

കാലിഫോർണിയ: കോപാ അമേരിക്ക ഫുട്ബാളിൽ കൊളംബിയ ക്വാർട്ടർ ഫൈനലിലെത്തി. ശക്തരായ പരാഗ്വയെ 2-1ന് തോൽപിച്ചാണ് കൊളംബിയ ക്വാർട്ടറിലേക്ക് മുന്നേറിയത്. 12ാം മിനിറ്റിൽ കാർലോസ് ബക്കയും 30ാം മിനിറ്റിൽ സൂപ്പർ താരം ജെയിംസ് റോഡ്രിഗസുമാണ് ഗോൾ നേടിയത്. രണ്ട് മത്സരങ്ങളിലെ തുടർച്ചയായ ജയത്തോടെയാണ് കൊളംബിയ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.

Full View

ജെയിംസ് റോഡ്രിഗസിൻെറ പാസിൽ നിന്നാണ് കാർലോസ് ബക്ക ആദ്യ ഗോൾ നേടിയത്. തുടക്കത്തിൽ തന്നെ കൊളംബിയൻ മുന്നേറ്റ നിര ഉണർന്നിരുന്നു. നിരവധി തവണ പരാഗ്വയുടെ ഗോൾ പോസ്റ്റിന് മുന്നിൽ കൊളംബിയൻ മുന്നേറ്റ നിര വന്നും പോയുമിരുന്നു. 16ാം മിനിറ്റിൽ റോഡ്രിഗസിൻെറ കിടിലൻ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. പരാഗ്വൻ ഗോൾകീപ്പർ നിരവധി തവണ പരീക്ഷിക്കപ്പെട്ടു. 34ാം മിനിറ്റൽ പരാഗ്വേൻ താരം ഡാ സിൽവ ഗോൾ നേടിയെങ്കിലും റഫറി ഒാഫ്സൈഡ് വിളിച്ചു.

വ്യക്തമായ മേധാവിത്വം പുലർത്തിയാണ് കൊളംബിയ ആദ്യപകുതി പൂർത്തീകരിച്ചത്. അതേസമയം, മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും പരാഗ്വക്ക് ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ പരാഗ്വേക്ക് ഒരു പെനാൽട്ടി നഷ്ടപ്പെട്ടു. ആദ്യം അനുവദിച്ച പെനാൽട്ടി പിന്നീട് റഫറി തിരുത്തുകയായിരുന്നു. 71ാം മിനിറ്റിൽ വിക്ടർ അയാല പരഗ്വേയുടെ മറുപടി ഗോൾ നേടി. അയാലയുടെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. ഇതിനിടെ പരാഗ്വേ താരം റൊമാരോ രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തായി. മത്സരം അവസാനിക്കാനിരിക്കെ അവസരങ്ങൾ പരാഗ്വേയെ തേടിയെത്തിയെങ്കിലും ഗോൾ നേടാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.