ഫ്ളോറിഡ: കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിക്കു മുന്നില്‍ ബ്രസീല്‍ തകര്‍ന്നടിഞ്ഞപ്പോള്‍ സ്കോര്‍ 1-7. പിന്നീട് ഏഴ് ഗോളിന്‍െറ കാര്യം പറഞ്ഞായിരുന്നു ബ്രസീലിനെ എതിരാളികള്‍ കളിയാക്കിയിരുന്നത്. ബെലോ ഹൊറിസോണ്ടയില്‍ അന്ന് ഹൃദയം തകര്‍ത്ത അതേ സ്കോറിന് കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റില്‍ ഹെയ്തിക്കെതിരെ മഞ്ഞപ്പടക്ക് തകര്‍പ്പന്‍ ജയം. ഫിലിപ്പെ കൗടിന്യോയുടെ ഹാട്രിക്കും റെനറ്റോ അഗസ്റ്റോയുടെ ഡബ്ളുമടക്കമാണ് ദുംഗയുടെ ശിഷ്യന്മാര്‍ നിറഞ്ഞാടിയത്. ‘പുതിയ നെയ്മര്‍’ എന്ന് വിളിപ്പേരുള്ള കൗമാരതാരം ഗബ്രിയേല്‍ ബാര്‍ബോസയും ലുകാസ് ലിമയുമാണ് മറ്റ് സ്കോറര്‍മാര്‍. ഒര്‍ലാന്‍േറായിലെ സിട്രസ് ബൗളില്‍ നടന്ന ഗ്രൂപ് ബി അങ്കത്തില്‍ ഹെയ്തിക്കുവേണ്ടി ജെയിംസ് മാഴ്സലിന്‍ കദനഭാരത്തിനിടയിലും ആശ്വാസഗോള്‍ നേടി. ഗ്രൂപ്പില്‍ ഒന്നുവീതം ജയവും സമനിലയുമായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലിനരികിലത്തെി. ഈ മാസം 13ന് പെറുവിനെതിരെയാണ് ബ്രസീലിന്‍െറ അവസാന ഗ്രൂപ് മത്സരം.
ആദ്യ കളിയില്‍ എക്വഡോറിനെതിരെ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയ ബ്രസീല്‍ അന്നത്തെ ടീമിനെ നിലനിര്‍ത്തിയാണ് കളത്തിലിറങ്ങിയത്. ദുര്‍ബലരായ ഹെയ്തിക്കെതിരെ ഒരോ മിനിറ്റിലും ഗോളിനായി ശ്രമിച്ചു. ഗോള്‍വല കണ്ടാല്‍ ഇടറിപ്പോകുന്നവരെന്ന ചിലരുടെ വിമര്‍ശം ബ്രസീല്‍ താരങ്ങളുടെ മനസ്സിലുണ്ടായിരിക്കാം. വിങ്ങുകളിലൂടെ കൗടിന്യോയും വില്യനും ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. മിഡ്ഫീല്‍ഡില്‍ കാസിമിറോ കാര്യങ്ങള്‍ നിയന്ത്രിച്ചതോടെ ബ്രസീലിന് തുടക്കംമുതല്‍ താളം നിലര്‍ത്താനായി.
അതേസമയം, ലോക റാങ്കിങ്ങില്‍ 74ാമതായ കരീബിയന്‍ കുഞ്ഞന്മാര്‍ക്ക് 14 മിനിറ്റ് നേരം പിടിച്ചുനില്‍ക്കാനായി. ലിവര്‍പൂള്‍ താരം കൗടിന്യോയുടെ ഹാട്രിക്കിലേക്കുള്ള ആദ്യചുവടായി ആ ഗോള്‍. പെനാല്‍റ്റി ഏരിയയുടെ പുറത്തുനിന്ന് പന്ത് സ്വീകരിച്ച താരം ഹെയ്തി ഗോള്‍കീപ്പര്‍ ജോണി പ്ളാസിഡിനെ കബളിപ്പിച്ച് ആദ്യ ഗോള്‍ നേടി. കളിയുടെ നിയന്ത്രണത്തിനിടയിലും ചില നേരങ്ങളില്‍ പന്ത് കൈവശംവെക്കുന്നതില്‍ ബ്രസീല്‍ വീഴ്ച കാട്ടി. എന്നാല്‍, കൗടിന്യോക്കും ബ്രസീലിനും ലീഡുയര്‍ത്താന്‍ ഇതൊന്നും പോരായ്മയായില്ല. ഇടതുഭാഗത്തുനിന്ന് ഡാനി ആല്‍വസിന്‍െറ ക്രോസ് സ്വീകരിച്ച ജൊനാസ് ഒളിവേര ഗോളിയടക്കം രണ്ട് എതിരാളികളെ കബളിപ്പിച്ച് പന്ത് കൗടിന്യോക്ക് തള്ളിക്കൊടുത്തു. ഗോളി സ്ഥാനം തെറ്റിനിന്നതോടെ കൗടിന്യോ എളുപ്പം വലകുലുക്കി. കോപ അമേരിക്കയുടെ ചരിത്രത്തില്‍ ബ്രസീലിന്‍െറ 400ാം ഗോളായിരുന്നു അത്. 1999ല്‍ റിവാള്‍ഡോക്കുശേഷം കോപ അമേരിക്കയില്‍ ഒരു ബ്രസീല്‍ താരം ആദ്യമായാണ് ആദ്യ അരമണിക്കൂറിനകം ഇരട്ട ഗോള്‍ നേടുന്നത്.
രണ്ട് ഗോളിന്‍െറ ലീഡ് നേടിയ ബ്രസീല്‍ 35ാം മിനിറ്റില്‍ അടുത്ത ഗോളും സ്വന്തമാക്കി. ഹെയ്തി ഗോളിയില്‍നിന്ന് പന്തുകിട്ടിയ പ്രതിരോധഭടന്‍ ഡാനി ആല്‍വസിന്‍െറ ഗംഭീര ക്രോസില്‍നിന്നാണ് ഗോള്‍ പിറന്നത്. തകര്‍പ്പന്‍ ഹെഡറിലൂടെ റെനറ്റോ അഗസ്റ്റോ പന്ത് ലക്ഷ്യത്തിലത്തെിച്ചു. മൂന്നു ഗോളിന്‍െറ ലീഡുമായി ദുംഗയുടെ കുട്ടികള്‍ വിശ്രമത്തിനായി പോയി.
ഒളിവേരക്ക് പകരമത്തെിയ കൗമാരതാരം ഗബ്രിയേല്‍ ബാര്‍ബോസയുടെ വകയായിരുന്നു അടുത്ത ഗോള്‍. മറ്റൊരു പകരക്കാരനായ ലിമയും വലകുലുക്കിയതോടെ ബ്രസീല്‍ 5-0ത്തിന് മുന്നിലായി. ജെയിംസ് മാഴ്സല്‍ 70ാം മിനിറ്റില്‍ ഹെയ്തിയുടെ ആശ്വാസഗോള്‍ നേടി. ലൂകാസ് ലിമയും കൗടിന്യോയും വില്യനും തുടര്‍ന്ന് പലവട്ടം ഹെയ്തിയെ വിറപ്പിച്ചു. ആല്‍വസിന്‍െറ ക്രോസുകളും ഹെയ്തി ഗോള്‍മുഖത്ത് ഭീതിപരത്തി. മികച്ച ബാള്‍ പൊസെഷനുമായി മഞ്ഞക്കിളികള്‍ കളംനിറഞ്ഞ് കളിച്ച അവസാന പത്തുമിനിറ്റില്‍ രണ്ട് ഗോളുകള്‍ പിറന്നു. 86ാം മിനിറ്റില്‍ അഗസ്റ്റോയുടെ രണ്ടാം ഗോള്‍. ഇഞ്ച്വറിസമയത്ത് കൗടിന്യോയുടെ ഹാട്രിക്കും കൂടിയായതോടെ ഹെയ്തിവധം പൂര്‍ത്തിയായി. ലോങ്റേഞ്ചറിലൂടെയായിരുന്നു ഹാട്രിക് ഗോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.