മെസ്സി വന്നു; എല്ലാം ശരിയായി

ഷികാഗോ: ഭാഗ്യനക്ഷത്രം പ്ളെയിങ് ഇലവനില്‍ കാണാതെപോയതിന്‍െറ സങ്കടം 61ാം മിനിറ്റില്‍ അവസാനിച്ചു. അഗസ്റ്റോ ഫെര്‍ണാണ്ടസിനെ തിരികെവിളിച്ച് കോച്ച്ജെറാര്‍ഡോ മാര്‍ട്ടിനോ പത്താം നമ്പറിലെ മാന്ത്രികനെ അവതരിപ്പിക്കുമ്പോള്‍ കാത്തിരുന്ന മുഹൂര്‍ത്തംപോലെ സോള്‍ജിയര്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ അരലക്ഷത്തിലേറെ വരുന്ന ആരാധകര്‍ എഴുന്നേറ്റുനിന്നു ആരവംമുഴക്കി വരവേറ്റു. സ്വര്‍ണത്താടിയും മീശയുമായി പുതിയ ഭാവത്തില്‍ ലോകതാരം ലയണല്‍ മെസ്സി കളത്തില്‍. പിന്നെ കണ്ടതെല്ലാം ഒരു ഇന്ദ്രജാലക്കാരന്‍െറ പ്രകടനംപോലെ. വെറും 19 മിനിറ്റില്‍ കളി മാറി, അര്‍ജന്‍റീനയും. ഹാട്രിക് ഗോളുമായി അര്‍ജന്‍റീനയെ മുന്നില്‍നിന്ന് നയിച്ച പടനായകന്‍, എതിരാളിയായ പാനമയെ മറുപടിയില്ലാത്ത അഞ്ചുഗോളിന് മുക്കി. കളിയുടെ 68, 78, 87 മിനിറ്റുകളിലായിരുന്നു അഞ്ചുതവണ ലോകതാരമായ മെസ്സിയുടെ ബൂട്ടില്‍നിന്ന് പാനമയുടെ വല തുളച്ചുകയറിയത്. ഏഴാം മിനിറ്റില്‍ നികളസ് ഒടമെന്‍ഡിയും 90ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും ഹെഡറിലൂടെ നേടിയ ഗോളുകള്‍കൂടി ചേര്‍ന്നതോടെ പാനമ വധം സമ്പൂര്‍ണമായി. അഗ്യൂറോ ഗോളിലേക്ക് വഴിയൊരുക്കിയതും മെസ്സിയുടെ നീക്കമായിരുന്നു.ഇതോടെ, തുടര്‍ച്ചയായ രണ്ടാം ജയവുമായി അര്‍ജന്‍റീന കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ് ക്വാര്‍ട്ടറിലേക്ക് അനായാസം ഇടംനേടുകയും ചെയ്തു. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ 2-1ന് തോല്‍പിച്ചിരുന്നു.

19 മിനിറ്റ്, ഹാട്രിക്
മെസ്സിയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയായിരുന്നു കോച്ച് മാര്‍ട്ടിനോ അര്‍ജന്‍റീന പ്ളെയിങ് ഇലവനെ തീരുമാനിച്ചത്. മെസ്സിയില്ലാതെ കരുത്തരായ ചിലിയെ തോല്‍പിച്ചതിന്‍െറ അത്മവിശ്വാസം. ഗോണ്‍സാലോ ഹിഗ്വെ്നെ സ്ട്രൈക്കറായി നിയോഗിച്ച് 4-5-1 ചിലിക്കെതിരെ ഉപയോഗിച്ച അതേ ഫോര്‍മേഷനും അതേ ടീമും. എയ്ഞ്ചലോ ഡി മരിയയും എവര്‍ ബനേഗയും ഗെയ്റ്റാനും ചേര്‍ന്ന് കളിമെനഞ്ഞെങ്കിലും ഒടമെന്‍ഡിയുടെ ഗോളല്ലാതെ ആദ്യ പകുതിയില്‍ കാര്യമായ മികവൊന്നും കണ്ടില്ല. ആദ്യ മത്സരത്തിലെ ഹീറോ ഡി മരിയ തൊടുത്തുവിട്ട ഫ്രീകിക്കിന് തലവെച്ചായിരുന്നു ഒടമെന്‍ഡി ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. അടുത്ത 20 മിനിറ്റില്‍ കണ്ടത് പരുക്കനടവുകളും ഫൗളുമായി മഞ്ഞക്കാര്‍ഡുകളുടെ പെരുമഴ. മഷറാനോയും അഗേസ്റ്റോയും അടക്കം അഞ്ചുതവണ റഫറി കാര്‍ഡുവീശി. രണ്ടാം മഞ്ഞക്കാര്‍ഡുമായി പാനമയുടെ സെസിസ് ഗോഡോയ് കളംവിട്ടതോടെ അംഗബലം പത്തിലേക്ക് ചുരുങ്ങി. ആദ്യ പകുതി പിരിയുംമുമ്പേ ഡിമരിയയെ പിന്‍വലിച്ച് എറിക് ലമേല ഇറങ്ങി. 61ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന് പകരക്കാരനായി മെസ്സി അവതരിച്ചതോടെ കളിയുടെ മട്ടും ഭാവവും മാറി.
68ാം മിനിറ്റില്‍ മധ്യവര കടന്നതിനു പിന്നാലെ മെസ്സി തുടങ്ങിയ നീക്കം. പന്ത്, അടിച്ചകറ്റാനുള്ള  പാനമ പ്രതിരോധനിരക്കാരുടെ ശ്രമം ഗോണ്‍സാലോ ഹിഗ്വെ്ന്‍െറ ചുമലില്‍തട്ടി വഴിമാറി. ബോക്സിനകത്ത് കയറിയ മെസ്സിയുടെ ബൂട്ടിന് പാകമായ പന്ത് വലയിലേക്ക്. പരിക്കും നികുതിവെട്ടിപ്പ് കേസ് വിവാദവുംകഴിഞ്ഞ് ടീമില്‍ തിരിച്ചത്തെിയ മെസ്സിക്ക് ഗംഭീരതുടക്കം.

പത്ത് മിനിറ്റിനകം രണ്ടാം ഗോള്‍. പോസ്റ്റിന് ഇടതുമൂലയില്‍ 25 വാര അകലെനിന്നും മെസ്സി കിക്കെടുക്കുനോള്‍ ഉയര്‍ന്നുചാടിയ പ്രതിരോധനിരക്കും മുകളിലൂടെ വലയിലേക്ക്. ഒരു ഗോളിക്കും തടയാനാവാത്ത കരുത്തിന് മരിവില്ലഴക്. 87ാം മിനിറ്റില്‍, നിനച്ചിരിക്കാതെ വീണ്ടും മെസ്സി വലകുലുക്കി. ബോക്സിനകത്തു കണ്ടത് വിസ്മയിപ്പിക്കുന്ന ഫുട്വര്‍ക്ക്. റോഹോ നല്‍കിയ പാസില്‍നിന്നെടുത്ത പന്ത് തടയാനത്തെിയ മൂന്ന് പാനമ താരങ്ങളെ വകഞ്ഞുമാറ്റി ഹാട്രിക് ഗോള്‍.
90ാം മിനിറ്റില്‍ മെസ്സി-റോഹോ കൂട്ടിലത്തെിയ പന്ത് ഹെഡറിലൂടെ അഗ്യൂറോ വലയിലാക്കി. ബോക്സിന് വാരകള്‍ അകലെനിന്നും മെസ്സി നല്‍കിയ ലോങ്റേഞ്ച് ക്രോസ്, പോസ്റ്റിനരികില്‍നിന്നും റോഹോ ഹെഡറിലൂടെ അഗ്യൂറോക്ക് മറിച്ചുനല്‍കി. ബൊളീവിയക്കെതിരെ ബുധനാഴ്ചയാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.