വിവാദ ഗോളിൽ പെറുവിനോട് തോറ്റ് ബ്രസീൽ പുറത്ത്

മസാചൂസറ്റ്സ്: പെറുവിന് ‘ദൈവസ്പര്‍ശമുള്ള’ ഗോളാവാം. പക്ഷേ, ബ്രസീലിനും ലോകമെങ്ങുമുള്ള ആരാധകര്‍ക്കും ചെകുത്താന്‍െറ കരസ്പര്‍ശമേറ്റ നിമിഷങ്ങളായിരുന്നു. കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ പ്രവേശത്തിന് സമനില മതിയെന്ന നിലയില്‍ പെറുവിനെതിരെ ഇറങ്ങിയ ബ്രസീല്‍ ഹാന്‍ഡ്ബാള്‍ ഗോളില്‍ പുറത്ത്. രണ്ടുവര്‍ഷം മുമ്പ് സ്വന്തം മണ്ണിലെ ലോകകപ്പില്‍ ജര്‍മനിയോട് 7-1ന് തകര്‍ന്ന ദുരന്തത്തിനു ശേഷം ബ്രസീല്‍ ഫുട്ബാളിനെ ഏറെ വേദനിപ്പിച്ച മറ്റൊരു കണ്ണീര്‍ദിനം.

കളിയുടെ മുഴുസമയവും ഗബ്രിയേലും ഫിലിപ് കുടീന്യോയും വില്യനും നയിച്ച മഞ്ഞപ്പടക്കായിരുന്നു മുന്‍തൂക്കമെങ്കിലും 75ാം മിനിറ്റിലെ ചെറുപിഴവിന് നല്‍കിയ വില എക്കാലവും വേട്ടയാടുന്ന കണ്ണീരായി. വലതു വിങ്ങില്‍നിന്നും പെറു മിഡ്ഫീല്‍ഡര്‍ ആന്‍ഡിപോളോ നല്‍കിയ ക്രോസ് പോസ്റ്റിനു മുന്നില്‍ ഡാനി ആല്‍വ്സിനെയും ഗോളി അലിസനെയും കാഴ്ചക്കാരനാക്കി പകരക്കാരന്‍ റൗള്‍ റുയിഡിയസ് വലതുകൈകൊണ്ട് തട്ടി വലക്കകത്താക്കി. ബ്രസീല്‍ താരങ്ങള്‍ ഒന്നടങ്കം ഹാന്‍ഡ്ബാള്‍ അപ്പീലുമായി ഉറുഗ്വായ് റഫറി ആന്ദ്രെ കുന്‍ഹയെ വളഞ്ഞതോടെ നാടകീയ മുഹൂര്‍ത്തമായി. ആഘോഷം തുടങ്ങിയ പെറു താരങ്ങളും ഗാലറിയും നിശ്ശബ്ദം. അനിശ്ചിതത്വത്തിന്‍െറ നാലു മിനിറ്റ്.  ടെലിവിഷന്‍ റീപ്ളേയിലൂടെ ലോകം മുഴുവന്‍ ‘ഹാന്‍ഡ്’ ഗോളെന്ന് ഉറപ്പിച്ചു. പക്ഷേ, ലൈന്‍ റഫറിയുമായി സംസാരിച്ച് ഫീല്‍ഡ് റഫറി ഗോള്‍ വിധിച്ചതോടെ ഒരിക്കല്‍ കൂടി വിധിയെ മാത്രം പഴിക്കാനായി യോഗം. കളിയുടെ കാവ്യനീതിക്ക് എതിരായി പിറന്ന ഗോളില്‍ അമ്പരന്നുപോയ ബ്രസീലുകാര്‍ ശേഷിച്ച 15 മിനിറ്റിലേറെ സമയം സമനിലക്കായി പൊരുതിയെങ്കിലും പ്രതിരോധത്തിലേക്ക് വലിഞ്ഞ് കോട്ടകെട്ടിയ പെറുവിന്‍െറ ഗോള്‍വല കുലുക്കാനായില്ല. നിര്‍ഭാഗ്യത്തിനൊപ്പം, എതിര്‍ ടീം ഗോളി പെഡ്രോ ഗാല്ളെസിന്‍െറ മിന്നുന്ന ഫോമും കൂടി ചേര്‍ന്നതോടെ 1987ന് ശേഷം ഇതാദ്യമായി മഞ്ഞപ്പട കോപയില്‍ നോക്കൗട്ട് കാണാതെ മടങ്ങി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ എക്വഡോറിനോട് ഗോള്‍ രഹിത സമനില വഴങ്ങിയ ബ്രസീല്‍, രണ്ടാം അങ്കത്തില്‍ ഹെയ്തിയെ 7-1ന് തകര്‍ത്തുകൊണ്ടായിരുന്നു തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഹാട്രിക് നേടിയ ഫിലിപ് കുടീന്യോയുടെ മികവും അന്നുണ്ടായിരുന്നു. നാലുപോയന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി പെറുവിനെതിരെ ഇറങ്ങിയവര്‍ക്ക് ഒരു പോയന്‍റ് മാത്രം മതിയായിരുന്നു നോക്കൗട്ടുറപ്പിക്കാന്‍. ജൊനാസിനും സസ്പെന്‍ഷനിലായ കാസ്മിറോക്കും പകരക്കാരായി കൗമാരതാരം ഗബ്രിയേലും ലൂകാസ് ലിമയും ദുംഗയുടെ പ്ളെയിങ് ഇലവനില്‍ തന്നെ ഇടം നേടി. പൂര്‍വാധികം കരുത്തോടെ മിറാന്‍ഡയുമത്തെി. ആദ്യ മിനിറ്റില്‍ തന്നെ ഗോളടിച്ച് കളി കൈപ്പിടിയിലൊതുക്കുകയെന്നതായിരുന്നു തന്ത്രം. 4-5-1 ഫോര്‍മേഷനില്‍ കളിച്ച മഞ്ഞപ്പടയെ, സ്റ്റാര്‍സ്ട്രൈക്കര്‍ പൗലോ ഗരീറോയെ മുന്നില്‍ നിര്‍ത്തി പെറുവും നിയന്ത്രിച്ചു. പക്ഷേ, കളി മുഴുവന്‍ ബ്രസീലിന്‍െറ പക്ഷത്തായിരുന്നു. 24ാം മിനിറ്റില്‍ ബ്രസീലിന്‍െറ പെനാല്‍റ്റി അപ്പീല്‍ നിഷേധിച്ച റഫറി കുന്‍ഹ 62ാം മിനിറ്റിലും പെറുവിന്‍െറ ഹാന്‍ഡ്ബാള്‍ കണ്ടില്ളെന്ന് നടിച്ചു. ഗബ്രിയേല്‍, വില്യന്‍, ആല്‍വ്സ്, കുടീന്യോ എന്നിവര്‍ പലതവണ പെറു ഗോള്‍മുഖത്ത് മിന്നല്‍ ആക്രമണം നടത്തിയെങ്കിലും വലമാത്രം കുലുങ്ങിയില്ല. ഹാന്‍ഡ്ഗോളില്‍ പിന്നിലായപ്പോഴും ബ്രസീല്‍ തിരിച്ചുവരവിന് ശ്രമിച്ചു. ഇഞ്ചുറി ടൈമില്‍ മിറാന്‍ഡയും വില്യനും നടത്തിയ അറ്റകൈപ്രയോഗങ്ങളും ഫലംകാണാതായതോടെ, വിധിയെ കുറ്റപ്പെടുത്തി മഞ്ഞപ്പട തലയും താഴ്ത്തി കൂടാരം കയറി.  കുറെ നാളുകളായി പിന്തുടരുന്ന ഭാഗ്യക്കേടിന്‍െറ അവസാനത്തെ ഒരധ്യായം മാത്രം.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.