മെക്സികോയെ വിറപ്പിച്ച് വെനിസ്വേല (1-1)

ഹ്യൂസ്റ്റന്‍: കോപ അമേരിക്ക ഗ്രൂപ് ‘സി’യില്‍ ക്വാര്‍ട്ടര്‍ഫൈനലുറപ്പിച്ച ടീമുകളുടെ പോരാട്ടം സമനിലയില്‍. തുടര്‍വിജയങ്ങളുമായിറങ്ങിയ മെക്സികോയെ തെക്കനമേരിക്കയിലെ ദുര്‍ബലരായ വെനിസ്വേല 10ാം മിനിറ്റില്‍തന്നെ ഞെട്ടിച്ചെങ്കിലും അവസാന മിനിറ്റില്‍ തിരിച്ചടിച്ച് സമനില (1-1) പിടിച്ചു. 22 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായി കളത്തിലിറങ്ങിയ മെക്സികോയുടെ പ്ളെയിങ് ഇലവനില്‍ സ്റ്റാര്‍സ്ട്രൈക്കര്‍ ഹാവിയര്‍ ഹെര്‍ണാണ്ടസ്, റൗള്‍ ജിമിനെസ് എന്നിവര്‍ക്കിടമില്ലായിരുന്നു. ജമൈക്കയെ നേരിട്ട ടീമില്‍  കോച്ച് യുവാര്‍ കാര്‍ലോസ് ഒസോറിയോ വരുത്തിയത് ഒമ്പത് മാറ്റങ്ങള്‍. ലോക റാങ്കിങ്ങില്‍ 72ാം സ്ഥാനത്തുള്ള വെനിസ്വേലയെ അനായാസം മറികടക്കാമെന്നായിരുന്നു മെക്സികോയുടെ ‘ഭാഗ്യ’പരിശീലകന്‍െറ വിശ്വാസം. പക്ഷേ, പന്തുരുണ്ടുതുടങ്ങി 10ാം മിനിറ്റില്‍ എല്ലാം അടിതെറ്റി. ഇടതുവിങ്ങില്‍നിന്നത്തെിയ ഫ്രീകിക്ക് പെനാല്‍റ്റി ബോക്സിനുള്ളില്‍ ക്രിസ്റ്റ്യന്‍ സാന്‍േറാസ് ഹെഡറിലൂടെ മറിച്ചുനല്‍കിയപ്പോള്‍ മാര്‍ക് ചെയ്യാതെ കിടന്ന പ്രതിരോധനിരക്കാരന്‍ ജോസ് മാനുവല്‍ വെലക്വസിന് പാകമായി. ഞൊടിയിടയില്‍ 90 ഡിഗ്രിയില്‍ മറിഞ്ഞ വെലക്വസ് ഫുള്‍വോളിയിലൂടെ പന്ത് വലയിലാക്കി ഗാലറിയില്‍ പരന്നൊഴുകിയെ മെക്സികന്‍ കടലിനെ ഒരു നിമിഷം നിശ്ശബ്ദമാക്കി. അപ്രതീക്ഷിതമായ ഷോട്ടിനു മുന്നില്‍ ഗോള്‍കീപ്പര്‍ ജീസസ് കൊറോണയും വെറും കാഴ്ചക്കാരനായി.

കളമുണരുംമുമ്പേ വഴങ്ങിയ ക്ളാസിക്കല്‍ ഗോളാണ് മെക്സികോയെ ഉണര്‍ത്തിയത്. ഇടതുവിങ്ങര്‍ യാവിയര്‍ അക്വിനോക്ക് പരിക്കേറ്റതോടെ ജീസസ്  മാനുവല്‍ കൊറോണ 18ാം മിനിറ്റില്‍ കളത്തിലത്തെി. മുന്നേറ്റനിരയിലെ താരം ഹെര്‍വിങ് ലൊസാനോക്കൊപ്പം കൊറോണ വെനിസ്വേലന്‍ പകുതിയിലേക്ക് നിരന്തരം പന്തത്തെിച്ചെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ കോച്ച് ഒസോറിയോ ഫോര്‍മേഷന്‍ 4-3-3ല്‍നിന്ന് 4-4-2ലേക്ക് മാറ്റം വരുത്തി. 68ാം മിനിറ്റില്‍ ഹെര്‍ണാണ്ടസിനെക്കൂടി കളത്തിലത്തെിച്ചതോടെ സമനില ഗോളിനായുള്ള പോരാട്ടത്തിന് വേഗവും കൂടി. കൊറോണ-ഹെര്‍ണാണ്ടസ് കൂട്ട് നിരന്തരം ആക്രമിച്ചെങ്കിലും ഫിനിഷിങ്ങില്‍ പന്ത് വഴിമാറിപ്പോയി. 70ാം മിനിറ്റില്‍ ഹെര്‍ണാണ്ടസിന്‍െറ ഫ്രീകിക്ക് വെനിസ്വേല ഗോളി ഡാനി ഹെര്‍ണാണ്ടസ് പാടുപെട്ടാണ് തട്ടിയകറ്റിയത്. പക്ഷേ, 80ാം മിനിറ്റില്‍ ഗോള്‍ശ്രമം ലക്ഷ്യംകണ്ടു. ബോക്സിനു മുന്നിലെ ബഹളത്തിനിടയില്‍ പന്ത് മനോഹരമായി ഡ്രിബ്ള്‍ ചെയ്ത് കയറിയ കൊറോണ ഉജ്ജ്വല പ്ളേസിങ്ങിലൂടെ എതിര്‍വല കുലുക്കി (1-1). അപരാജിത യാത്രക്ക് തുടര്‍ച്ചയും, ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കലുമായി.

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ മെക്സികോക്ക്, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രൂപ് ‘ഡി’ രണ്ടാം സ്ഥാനക്കാരാവുന്ന ചിലിയോ ബൊളീവിയയോ ആവും എതിരാളികള്‍. അതേസമയം, ‘സി’ രണ്ടാം സ്ഥാനക്കാരായ വെനിസ്വേലക്ക് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുമാകും എതിരാളി.

Full ViewFull View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.