ഇക്വഡോറിനെ തകർത്ത് യു.എസ്.എ സെമിയിൽ

കാലിഫോര്‍ണിയ: എക്വഡോറിന്‍െറ പരന്ന കളിയെ ചടുലനീക്കങ്ങളിലൂടെ ചുരുട്ടിക്കെട്ടി ക്ളിന്‍സ്മാന്‍െറ അമേരിക്ക കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്‍െറ സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരത്തില്‍ എക്വഡോറിനെ 2-1ന് പിടിച്ചുകെട്ടിയ അമേരിക്കക്ക് സെമിബര്‍ത്തുറപ്പിച്ചതാവട്ടെ ചാമ്പ്യന്‍ഷിപ്പിലുടനീളം കളംനിറഞ്ഞുകളിക്കുന്ന ക്ളിന്‍റ് ഡെംസിയും. കളിയുടെ 22ാം മിനിറ്റില്‍ എക്വഡോര്‍ വലകുലുക്കിയ ഡെംസി, 65ാം മിനിറ്റില്‍ ഗ്യാസി സാര്‍ഡസ് നേടിയ ഗോളിലേക്ക് അവസരമൊരുക്കുയും ചെയ്തു. ഇതോടെ, കോപയില്‍ അമേരിക്കന്‍ താരത്തിന്‍െറ ഗോള്‍ വേട്ട മൂന്നായി. രണ്ട് ഗോളിന് പിന്നില്‍നിന്ന ശേഷം മൈക്കല്‍ അറോയോയുടെ 74ാം മിനിറ്റിലെ ബുള്ളറ്റ് ഷോട്ട് ഗോളില്‍ മഞ്ഞപ്പട തിരിച്ചത്തെിയെങ്കിലും മത്സരം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. പരുക്കനടവുകള്‍ അതിരുകടന്നപ്പോള്‍ 52ാം മിനിറ്റില്‍ റഫറി ഇരു ടീമുകളുടെയും താരങ്ങളെ മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കി പുറത്താക്കി. യു.എസ് മധ്യനിരതാരം ജെര്‍മയ്ന്‍ ജോണ്‍സും എക്വഡോറിന്‍െറ സ്റ്റാര്‍ വിങ്ങള്‍ അന്‍േറാണിയോ വലന്‍സിയയും ഒന്നിച്ചുമടങ്ങിയത് തിരിച്ചടിയായത് മഞ്ഞപ്പടക്കായിരുന്നു. അവസാന 40 മിനിറ്റും പത്തുപേരിലേക്ക് ചുരുങ്ങിയപ്പോള്‍ മുന്നേറ്റനിരയില്‍ എന്നര്‍വലന്‍സിയക്ക് കൂട്ടില്ലാതെ പോയത് എക്വഡോറിന് മത്സരത്തില്‍ തിരിച്ചത്തൊന്‍ തടസ്സമായി.

അര്‍ജന്‍റീന-വെനിസ്വേല ക്വാര്‍ട്ടറിലെ വിജയികളാവും സെമിയില്‍ അമേരിക്കയുടെ എതിരാളി. ഗ്രൂപ്പിലെ അവസനമത്സരത്തില്‍ പരഗ്വേയെ തോല്‍പിച്ച ടീമില്‍നിന്നും ഒരുമാറ്റം മാത്രമേ ക്ളിന്‍സ്മാന്‍ വരുത്തിയുള്ളൂ. ആന്ദ്രെ യെഡ്ലിനു പുകരം മാറ്റ്ബെസ്ലര്‍ കളത്തിലിറങ്ങി. എക്വഡോര്‍ നിരയില്‍ ജാമി അയോവിക്കു പകരം കോച്ച് ഗുസ്താവോ ക്വിന്‍െററോസ് അറോയോയെ കളത്തിലത്തെിച്ചു. കളിയുടെ ആദ്യ 15 മിനിറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. പിഴവുകളില്ലാതെ മൈതാനം നിറഞ്ഞൊഴുകിയ പന്തിലെ നിയന്ത്രണത്തിനായി ആതിഥേയരും എക്വഡോറും പോരടിച്ചു. ശ്രദ്ധേയമായ ഗോളവസരം പിറന്നത് 17ാം മിനിറ്റില്‍ അമേരിക്കയുടെ ബോബി വുഡിലൂടെ. തൊട്ടുപിന്നാലെ അറോയ എക്വഡോറിനും മികച്ചൊരു മുന്നേറ്റമൊരുക്കി. പക്ഷേ, 22ാം മനിറ്റില്‍ അമേരിക്ക ഗോള്‍വലകുലുക്കിയതോടെ കളിയുടെ ഗതിയും മാറി. ഇടുതുവിങ്ങിലൂടെ മുന്നേറിയ ജോണ്‍സ് എക്വഡോര്‍ പ്രതിരോധത്തിനിടയിലൂടെ നല്‍കിയ ക്രോസ് പിടിച്ചെടുത്ത വുഡിന് പിഴച്ചില്ല. ഉയര്‍ത്തിനല്‍കിയ പന്ത് ഡെംസി മനോഹരമായി ഹെഡറിലൂടെ വലയിലാക്കുമ്പോള്‍ ഗോളി അലക്സാണ്ടര്‍ ഡൊമിങ്കസിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഗോളിന്‍െറ ആത്മവിശ്വാസത്തില്‍ അമേരിക്കന്‍ മുന്നേറ്റം തന്നെയായി പിന്നെയും മൈതാനത്ത്. ആദ്യപകുതി പിരിയുംമുമ്പേ ഡെംസിയും ബോബി വുഡും മൂന്ന് തവണയെങ്കിലും എക്വഡോര്‍ ഗോളിയെ പരീക്ഷിച്ചു.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകുംമുമ്പേ ഇരുടീമുകളുടെ താരങ്ങള്‍ ചുവപ്പുകാര്‍ഡുമായി പുറത്തായി. ഏഴു മിനിറ്റിനകം അമേരിക്ക രണ്ടാം ഗോളടിച്ച് വിജയവുമുറപ്പിച്ചു. വിങ്ങില്‍നിന്നും സാര്‍ഡസ് ഹെഡറിലൂടെ മറിച്ചുനല്‍കിയ പന്ത് ഡെംസി സ്വീകരിക്കുമ്പോള്‍ ഗോള്‍ഷോട്ട് പ്രതീക്ഷയിലായിരുന്നു ഗോളി. പക്ഷേ, ഹെഡര്‍ ബാള്‍ നിലംപറ്റെയുള്ള ഷോട്ടിലൂടെ ഡെംസി സാര്‍ഡസിനുതന്നെ തിരിച്ചുനല്‍കി, സ്ഥാനംതെറ്റിയ ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക്. 2-0ത്തിന് അമേരിക്കക്ക് ലീഡ്. തളരാതെ പോരാടിയ എക്വഡോര്‍ ഫ്രീകിക്കിലൂടെ പിറന്ന അവസരം ഗോളാക്കിമാറ്റി. ഇഞ്ചുറി ടൈമിലടക്കം എന്നര്‍ വലന്‍സിയ നടത്തിയ മുന്നേറ്റങ്ങളെ കരുത്തുറ്റ പ്രതിരോധത്തിലൂടെ തളച്ച് അമേരിക്ക സെമി ബര്‍ത്തുറപ്പിച്ചു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.