വാഷിങ്ടണ്‍: കോപക്ക് ഇനി വേറൊരു മുഖമാണ്. സമ്മര്‍ദത്തിന്‍െറയും അതിജീവനത്തിന്‍െറയും അട്ടിമറികളുടെയും മുഖം. ഇനിയൊന്ന് പിഴച്ചാല്‍ പുറത്തായിരിക്കും സ്ഥാനം. കപ്പ് തേടിയുള്ള നോക്കൗട്ട് പ്രയാണത്തിന് വാഷിങ്ടണിലെ സെഞ്ചുറി ലിങ്ക് ഫീല്‍ഡില്‍ വെള്ളിയാഴ്ച വിസില്‍ മുഴങ്ങുമ്പോള്‍ അര്‍ജന്‍റീനയും ചിലിയും കൊളംബിയയുമെല്ലാം മനസ്സിലുറപ്പിക്കുന്നതും ഇതാണ്. ചുരുങ്ങിക്കൂടിയ അവസാന എട്ടില്‍ വമ്പന്മാരും കൊമ്പന്മാരും കരിങ്കുതിരകളുമൊക്കെയുണ്ട്. സുവാരസും കുട്ടീന്യോയും ഡാനി ആല്‍വസും വീടണഞ്ഞെങ്കിലും തലയെടുപ്പോടെ മെസ്സിയും ഡീമരിയയും റോഡ്രിഗസും ബാക്കിനില്‍ക്കുന്നു.കിരീടക്ഷാമം തീര്‍ക്കാന്‍ അര്‍ജന്‍റീനയും കൊമ്പുകുലുക്കാന്‍ കൊളംബിയയും വമ്പത്തരം കാണിക്കാന്‍ മെക്സികോയും അട്ടിമറിക്കാന്‍ അമേരിക്കയുമുണ്ട്. ഇവര്‍ക്കൊപ്പം ഫേവറിറ്റുകളായ ചിലിയും വെനിസ്വേലയും എക്വഡോറും പെറുവും പോരിനിറങ്ങുമ്പോള്‍ കോപയില്‍ ഇനി തീപിടിക്കുമെന്നുറപ്പ്. ക്വാര്‍ട്ടര്‍ ദിനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങുമ്പോള്‍ ആകെ ചിത്രം ഇതാണ്.
ആദ്യ പോരില്‍ ആതിഥേയരുടെ എതിരാളികള്‍ എക്വഡോറാണ്. തുല്യശക്തികളുടെ പോരാട്ടം എന്ന വിശേഷണമായിരിക്കും ഏറ്റവും യോജിച്ചത്. പ്രാഥമിക റൗണ്ടില്‍ ബ്രസീലിനെ സമനിലയില്‍ തളച്ചതിന്‍െറ ആത്മവിശ്വാസത്തിലേറിയാണ് എക്വഡോറിന്‍െറ വരവ്.
പെറുവിനെതിരെ സമനിലയില്‍ കുരുങ്ങിയെങ്കിലും ഹെയ്തിയുടെ വലനിറച്ചാണ് എക്വഡോര്‍ അവസാന എട്ടിലത്തെിയത്. ജെഫേഴ്സണും ജയ്മി അയോവിയും മികച്ച ഫോമിലാണെന്നതും ഇവര്‍ക്ക് പ്രതീക്ഷയേകുന്നു.മറുതലക്കല്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഗ്രൂപ് ചാമ്പ്യന്മാരായാണ് യു.എസ്.എയുടെ വരവ്. ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റെങ്കിലും കോസ്റ്ററീകയെയും പരഗ്വേയെയും തകര്‍ത്തെറിഞ്ഞാണ് ആതിഥേയര്‍ ഗ്രൂപ് തലക്കല്‍ എത്തിയത്. നാട്ടുകാരുടെ ആരവം മൈതാനത്തും ഊര്‍ജം പകര്‍ന്നാല്‍ ജയം അമേരിക്കക്കൊപ്പമാകാനാണ് സാധ്യത.
ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ പെറുവിന് മറുപടി കൊളംബിയയാണ്. ഹാന്‍ഡ്ബാള്‍ കളിച്ചിട്ടാണെങ്കിലും ബ്രസീലിനെ വീഴ്ത്തിയത് പെറുവിന് ചെറുതല്ലാത്ത ആത്മവിശ്വാസം പകരുന്നു. പക്ഷേ, റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കൊളംബിയയെ തോല്‍പിക്കാന്‍ ഈ ആത്മവിശ്വാസം മാത്രം പോരെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം. മൂന്നാം ക്വാര്‍ട്ടറില്‍ അട്ടിമറി നടന്നില്ളെങ്കില്‍ അര്‍ജന്‍റീന വിയര്‍പ്പൊഴുക്കാതെ സെമിയിലത്തെും. കോപയില്‍ തോല്‍വിയറിയാതെയാണ് വെനിസ്വേലയും അര്‍ജന്‍റീനയും ക്വാര്‍ട്ടറിലത്തെിയത്.
വെനിസ്വേലയെ എഴുതിത്തള്ളാന്‍ കഴിയില്ളെന്ന മെസ്സിയുടെ വാക്കുകള്‍ മികച്ചൊരു പോരാട്ടത്തിന്‍െറ സൂചനയാണ് നല്‍കുന്നത്. അവസാന ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിക്ക് മെക്സികോയാണ് എതിരാളികള്‍. ക്വാര്‍ട്ടറിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടമായിരിക്കും ഇത്. അര്‍ജന്‍റീനയോട് തോറ്റെങ്കിലും വീര്യമൊട്ടും ചോരാതെയാണ് മെക്സികോയെ ചിലി എതിരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.