ന്യൂജഴ്സി: റെനെ ഹിഗ്വിറ്റയുടെ സ്കോര്‍പിയോണ്‍ കിക്കിനുമുന്നില്‍ അതിശയിച്ച ഫുട്ബാള്‍ ലോകത്തെ വീണ്ടും അദ്ഭുതപ്പെടുത്തി മറ്റൊരു കൊളംബിയന്‍ ഗോളി. കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പില്‍ കൊളംബിയക്ക് സെമി ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ച് ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നടത്തിയ അതിശയ സേവ് അടുത്തെങ്ങും ഒരു ഫുട്ബാള്‍ ആരാധകനും മറക്കില്ല. നിശ്ചിത സമയത്ത് ഗോള്‍രഹിതമായി പിരിഞ്ഞ കളി വിധിനിര്‍ണായകമായ ഷൂട്ടൗട്ടിലേക്ക് കടന്നപ്പോഴും ഒപ്പത്തിനൊപ്പം. കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ്, ക്വഡ്രാഡോയും ആദ്യ രണ്ട് സ്പോട്ട് കിക്കുകള്‍ വലയിലത്തെിച്ചപ്പോള്‍ പെറുവിന്‍െറ റുയിഡിയാസും റെനറ്റോ ടാപിയയും വലകുലുക്കി. സ്കോര്‍ 2-2. പെറുവിനായി മൂന്നാം കിക്കെടുക്കാനത്തെിയ മിഗ്വേല്‍ ട്രവുകോയിലായിരുന്നു എല്ലാവരുടെയും കണ്ണ്. പോസ്റ്റിന് ഒത്തനടുവിലേക്ക് പന്ത് പായിച്ചപ്പോള്‍ കൊളംബിയയുടെ ആഴ്സനല്‍ ഗോളി വലതുമൂലയിലേക്ക് ചാടി. പക്ഷേ, വലതു ബൂട്ടുമായി 90 ഡിഗ്രി ലെവലില്‍ നടത്തിയ തൊഴിയില്‍ പന്ത് വന്നവഴിയിലേക്ക് തെറിച്ചു. ശ്വാസമടക്കിപ്പിടിച്ച ഗാലറി പൊട്ടിത്തെറിച്ച സമയം. പിന്നെ, എല്ലാം പ്രതീക്ഷിച്ചപോലെയായി. ആത്മവിശ്വാസം നഷ്ടമായ പെറുവിന്‍െറ ക്രിസ്റ്റ്യന്‍ ക്യൂവയുടെ കിക്ക് പോസ്റ്റിന് മുകളിലേക്ക് പറന്നപ്പോള്‍ കൊളംബിയയുടെ ഡയ്റോ മൊറീനോയും സെബാസ്റ്റ്യന്‍ പെരസും മനോഹരമായി ലക്ഷ്യം കണ്ടു. 4-2ന്‍െറ ജയവുമായി കൊളംബിയ സെമിയിലേക്ക്. ഗ്രൂപ് റൗണ്ടില്‍ ബ്രസീലിനെ ‘ഹാന്‍ഡ്ബാള്‍ ഗോളിലൂടെ’ മടക്കിയയച്ച പെറുവിന് മടക്കടിക്കറ്റും. മെക്സികോ- ചിലി ക്വാര്‍ട്ടര്‍ റൗണ്ടിലെ വിജയികളാവും സെമിയിലെ കൊളംബിയന്‍ എതിരാളി.
ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയത്തെിയ മുക്കാല്‍ ലക്ഷം കാണികള്‍ക്കുമുന്നില്‍ ഉജ്ജ്വലമായ കളിയാണ് ഇരുനിരയും ആദ്യ മിനിറ്റ് മുതല്‍ പുറത്തെടുത്തതെങ്കിലും ഗോള്‍ മാറിനിന്നു. പാബ്ളോ ഗരീറോയും ക്രിസ്റ്റ്യന്‍ ക്യൂവയും നടത്തിയ മുന്നേറ്റങ്ങളെ ഒസ്പിന തകര്‍പ്പന്‍ സേവുകളിലൂടെയാണ് കുത്തിയകറ്റിയത്. മറുപാതിയിലും സംഭവിച്ചത് അങ്ങനത്തെന്നെ. കാര്‍ലോസ് ബാക്കയും ഹാമിഷ് റോഡ്രിഗസുമായിരുന്നു കൊളംബിയന്‍ മുന്നേറ്റങ്ങളുടെ തുരുപ്പുശീട്ട്. പക്ഷേ, പെഡ്രോ ഗാലെസ് എന്ന പെറു ഗോളിയുടെ തുടരന്‍ സേവുകള്‍ കളിയില്‍നിന്നും ഗോളകറ്റി നിര്‍ത്തി. ഇഞ്ചുറി ടൈമില്‍ കൊളംബിയ ഗോള്‍വഴങ്ങിയെന്ന് ഉറപ്പിച്ചപ്പോഴായിരുന്നു ഒസ്പിനയുടെ മികവുകണ്ട മറ്റൊരു നിമിഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.