വെനിസ്വേലയെ തകർത്തു; അർജൻറീന സെമിയിൽ (4-1)- വിഡിയോ

മസാചൂസറ്റ്സ്: 23 വര്‍ഷത്തെ കാത്തിരിപ്പിന് ശുഭാന്ത്യം കുറിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട അര്‍ജന്‍റീനക്ക് മോഹിച്ചപോലൊരു സെമി പ്രവേശം. കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലയെ 4-1ന് തകര്‍ത്ത് കിരീടത്തിലേക്കുള്ള ദൂരം കുറച്ചപ്പോള്‍ ആരാധകര്‍ക്കും കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോക്കും ആശ്വാസമായി സ്റ്റാര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ മിന്നലാട്ടം. രണ്ടു ഗോളുമായി സ്കോര്‍ബോര്‍ഡില്‍ താരമായത് ഗോണ്‍സാലോ ഹിഗ്വെ്നാണെങ്കിലും കളിയുടെ കടിഞ്ഞാണേറ്റെടുത്ത് മെസ്സി കളംവാണു. ടൂര്‍ണമെന്‍റില്‍ ആദ്യമായി പ്ളെയിങ് ഇലവനിലിറങ്ങിയ മെസ്സി വിങ്ങില്‍നിന്നും വിങ്ങിലേക്ക് മാറിമാറി അര്‍ജന്‍റീനയുടെ ആത്മവിശ്വാസമേറ്റി. ഒരു ഗോള്‍ സ്കോര്‍ ചെയ്തതിനൊപ്പം രണ്ടു ഗോളിനുപിന്നില്‍ തിരക്കഥയുമൊരുക്കി ലോകഫുട്ബാളര്‍ സൂപ്പര്‍താരമായി മാറി. കളിയുടെ എട്ട്, 28 മിനിറ്റുകളിലായിരുന്നു നാപോളി താരം ഹിഗ്വെ്ന്‍ അര്‍ജന്‍റീനക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന്‍െറ ലീഡുമായി കളംവിട്ട അര്‍ജന്‍റീന രണ്ടാം പകുതിയില്‍ ശേഷിച്ച ഗോളുകള്‍കൂടി സ്കോര്‍ ചെയ്തു. 60ാം മിനിറ്റില്‍ ഹിഗ്വെ്നെ ഒപ്പംപിടിച്ച് മെസ്സി വലകുലുക്കി. അര്‍ജന്‍റീന കുപ്പായത്തിലെ 54ാം ഗോള്‍. ഒപ്പം, ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പവും. 71ാം മിനിറ്റില്‍ എറിക് ലമേല മെസ്സിയുടെ അസിസ്റ്റില്‍ വലകുലുക്കിയതോടെ പട്ടിക പൂര്‍ത്തിയായി. ഇതിനിടെ 70ാം മിനിറ്റില്‍ ജോസ് സാല്‍മന്‍ റോണ്‍ഡന്‍ വെനിസ്വേലയുടെ ആശ്വാസ ഗോള്‍ കുറിച്ചിരുന്നു. ആദ്യപകുതി പിരിയുംമുമ്പ് കളിയിലേക്ക് തിരിച്ചുവരാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയതാണ് വെനിസ്വേലക്ക് തിരിച്ചടിയായത്.

Full View

43ാം മിനിറ്റില്‍ അര്‍ജന്‍റീന ഗോള്‍കീപ്പര്‍ റൊമീറോയുടെ ഫൗളിന് റഫറി അനുവദിച്ച പെനാല്‍റ്റി ലൂയി മാനുവല്‍ സീയാസ് തോണ്ടിയിട്ടത് ഇളക്കമില്ലാതെ നിന്ന റൊമീറോയുടെ കൈകളില്‍. ലയണല്‍ മെസ്സിയെ തളച്ചിടാന്‍ ലക്ഷ്യമിട്ടായിരുന്നു വെനിസ്വേലയുടെ ഗെയിം പ്ളാന്‍. ആദ്യ മിനിറ്റ് മുതല്‍ മെസ്സിയുടെ കാലില്‍ പന്തുലഭിക്കുമ്പോഴെല്ലാം മാരക ടാക്ളിങ്ങിന് മുതിര്‍ന്ന വെനിസ്വേലന്‍ താരങ്ങള്‍ മഞ്ഞക്കാര്‍ഡുകള്‍ വാങ്ങികൂട്ടുകയും ചെയ്തു. ഇതിനിടയിലായിരുന്നു എട്ടാം മിനിറ്റിലെ കണ്ണഞ്ചിപ്പിക്കുന്ന ഗോള്‍. വിങ്ങില്‍നിന്നും മഴവില്ല് കണക്കെ മെസ്സി നല്‍കിയ ക്രോസിന് മുന്നോട്ടാഞ്ഞ് വലതുകാല്‍കൊണ്ട് വഴിതിരിക്കേണ്ട പണിയേ ഹിഗ്വെ്നുണ്ടായിരുന്നുള്ളൂ. 20 മിനിറ്റിനകം ഹിഗ്വെ്ന്‍ വീണ്ടും വലകുലുക്കിയത് വെനിസ്വേലയുടെ ബാക്പാസ് റാഞ്ചിയെടുത്ത്. മാര്‍ക് ചെയ്യാന്‍ ആരുമില്ലാതിരുന്ന താരം, അനായാസം പന്ത് പ്ളേസ് ചെയ്യുകയും ചെയ്തു.

രണ്ടാം പകുതിയില്‍ മെസ്സിയുടെ ഗോളിലേക്കുള്ള നീക്കവും പിറന്നത് എതിരാളിയുടെ കൈവിട്ടുപോയ മൈനസ് പാസില്‍നിന്നായിരുന്നു. അര്‍ജന്‍റീന മധ്യനിരയില്‍ നികളസ് ഗെയ്റ്റാനും എവര്‍ ബനേഗയും നിര്‍ണായക റോളില്‍ നിറഞ്ഞുനിന്നപ്പോള്‍ പ്രതിരോധത്തില്‍ റോഹോയും ഒടമെന്‍ഡിയും നിറഞ്ഞുനിന്നു.
എങ്കിലും യുര്‍ഗന്‍ ക്ളിന്‍സ്മാന്‍െറ അമേരിക്കയെ നേരിടുമ്പോള്‍ അര്‍ജന്‍റീനക്ക് കൂടുതല്‍ മികവും കരുതലും ആവശ്യമായി വരും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.