മെക്സിക്കൻ വല നിറച്ച് ചിലി സെമിയിൽ (7-0) -വിഡിയോ

സാന്‍റക്ളാര (കാലിഫോര്‍ണിയ): മെക്സിക്കന്‍ തിരമാലകളെ ഗോള്‍സൂനാമിയില്‍ തരിപ്പണമാക്കി ചിലിയുടെ പടയോട്ടം. തോല്‍വിയറിയാത്ത 22 മത്സരങ്ങളുമായി കോപ അമേരിക്ക ക്വാര്‍ട്ടര്‍ഫൈനലില്‍ ഇറങ്ങിയ മെക്സികോയെ മറുപടിയില്ലാത്ത ഏഴു ഗോളിന് തകര്‍ത്ത് ചിലി ചാമ്പ്യന്മാരുടെ തിളക്കവുമായി സെമിയില്‍ കടന്നു. കിരീടത്തിലേക്കുള്ള യാത്രയില്‍ അടുത്ത എതിരാളി കൊളംബിയ.

ഹാവിയര്‍ ഹെര്‍ണാണ്ടസ്, മാനുവല്‍ കൊറോണ, ഗോള്‍കീപ്പര്‍ ഗിയേര്‍മോ ഒച്ചോവ തുടങ്ങിയ പ്രമുഖരുമായിറങ്ങിയ മെക്സിക്കന്‍ വലയിലേക്ക് ചാമ്പ്യന്മാരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ എഡ്വേഡോ വര്‍ഗാസ് നാല് ഗോളടിച്ചുകയറ്റിയപ്പോള്‍, എഡ്സണ്‍ പുച് ഇരട്ട ഗോളും അലക്സിസ് സാഞ്ചസ് ഒരു ഗോളും നേടി.
കളിയുടെ ആദ്യ മിനിറ്റ് മുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് ആത്മവിശ്വാസമില്ലാതെ കളിച്ച മെക്സികോക്കെതിരെ 16ാം മിനിറ്റിലാണ് ചിലി ആദ്യ ഗോള്‍ കുറിച്ചത്. കിക്കോഫിന് പിന്നാലെ കളംനിറഞ്ഞ ചെമ്പട കാത്തിരുന്ന ഗോള്‍ പിറന്നത് വലതുവിങ്ങില്‍ കാത്തിരുന്ന എഡ്സന്‍ പുചിന്‍െറ ബൂട്ടില്‍നിന്നായിരുന്നു. വര്‍ഗാസിന്‍െറ ഷോട്ട് മെക്സിക്കന്‍ ഗോളി ഒച്ചാവോ തട്ടിയകറ്റിയപ്പോള്‍ അവസരംകാത്തിരുന്ന പുചിന് പിഴച്ചില്ല. പന്ത് വലയില്‍. 44ാം മിനിറ്റില്‍ സാഞ്ചസിന്‍െറ അസിസ്റ്റിലൂടെ വര്‍ഗാസ് ലീഡുയര്‍ത്തി. ആദ്യ പകുതി പിരിയുമ്പോള്‍ രണ്ട് ഗോളിന്‍െറ ലീഡുമായി കളംവിട്ട ചിലി ഊര്‍ജവും ആവേശവുംനിറച്ചായിരുന്നു തിരിച്ചത്തെിയത്.

Full View

പിന്നെ ഒന്നും പിഴച്ചില്ല. തോല്‍വിയറിയാതെ കുതിച്ചുപാഞ്ഞ് കോപയുടെ ക്വാര്‍ട്ടര്‍വരെയത്തെിയ മെക്സികോ സ്കൂള്‍ ടീമിന്‍െറ നിലവാരത്തിലേക്ക് താഴ്ന്നപ്പോള്‍ കളത്തില്‍ പ്രതിരോധവും മുന്നേറ്റവും ഗോള്‍കീപ്പറുമൊന്നും ഇല്ലാതായി. 49ാം മിനിറ്റില്‍ അര്‍തുറോ വിദാലിന്‍െറ അസിസ്റ്റില്‍ സാഞ്ചസാണ് ഗോള്‍മഴക്ക് തുടക്കമിട്ടത്. പിന്നാലെ വര്‍ഗാസ് മൂന്ന് ഗോള്‍ കൂടി നേടുമ്പോള്‍ (52, 57, 74) എതിരാളികളുടെ പ്രതിരോധം പേരിനുപോലുമില്ലായിരുന്നു. സ്വന്തം പാതിയില്‍ ചോര്‍ന്നുപോവുന്ന പന്ത് തിരിച്ചുപിടിക്കാന്‍പോലും എതിരാളികള്‍ മനസ്സുകാട്ടാതായതോടെ ചിലി ഗോളടി നിര്‍ത്തിയപോലെയായി. 88ാം മിനിറ്റില്‍ വിദാലിന്‍െറ ക്രോസിലൂടെ പുച് രണ്ടാംവട്ടം വലകുലുക്കിയതോടെ ചിലിയുടെ വേട്ട അവസാനിപ്പിച്ചു. അതേസമയം, ഹാവിയര്‍ ഹെര്‍ണാണ്ടസ് നടത്തിയ ഒറ്റപ്പെട്ട നീക്കങ്ങളെ ചിലി തടുത്തു. തോറ്റെങ്കിലും തങ്ങളുടെ വലിയ തോല്‍വിയെന്ന റെക്കോഡ് മെക്സികോ തിരുത്തിയില്ല. 1961ല്‍ ഇംഗ്ളണ്ടിനെതിരെയായിരുന്നു 8-0ത്തിന്‍െറ റെക്കോഡ് തോല്‍വി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.