വര്‍ഗാസ് x റോഡ്രിഗസ്

ചികാഗോ: കളിമികവും താരപ്പകിട്ടുംകൊണ്ട് ലോക ഫുട്ബാളിലെ ‘ന്യൂജനായി’ കാണികളെ ആവേശംകൊള്ളിച്ച രണ്ട് ടീമുകള്‍ വ്യാഴാഴ്ച മുഖാമുഖം. കോപ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയും കരുത്തരായ കൊളംബിയയും കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ആവേശപ്പോരാട്ടത്തിന്. ചികാഗോയിലെ സോള്‍ജ്യര്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് മത്സരം.

കൊളംബിയ നമ്പര്‍ 3

സമീപകാലത്ത് എടുത്തുപറയാന്‍ കിരീടമൊന്നുമില്ളെങ്കിലും ലോകറാങ്കിങ്ങില്‍ അര്‍ജന്‍റീനക്കും ബെല്‍ജിയത്തിനും പിന്നാലെ മൂന്നാമതാണ് കൊളംബിയ. വമ്പന്മാരെ അട്ടിമറിക്കാനും തെക്കനമേരിക്കന്‍ സൗന്ദര്യം കളത്തില്‍ വരഞ്ഞുകാട്ടാനും മിടുക്കരാണ് കൊളംബിയ. പക്ഷേ, പ്രവചനാതീതമാണ് കാര്യങ്ങള്‍. വലിയ ജയം പോലെ തന്നെ ആരോടും തോല്‍ക്കാനും സാധ്യതയുണ്ട്. അത്തരത്തിലൊരു തോല്‍വിയാണ് ഗ്രൂപ് റൗണ്ടില്‍ കോസ്റ്ററീകയോട് പിണഞ്ഞത്. അമേരിക്കയെയും (2-0), പരഗ്വേയെയും (2-1) വീഴ്ത്തി ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിച്ചവരെ കോസ്റ്ററീക (3-2)ന് അട്ടിമറിച്ചതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫോമിലേക്കുയര്‍ന്ന കൊളംബിയന്‍ പടയോട്ടം പെറുവിനെ ഷൂട്ടൗട്ടില്‍ (4-2) തകര്‍ത്താണ് സെമിയിലത്തെുന്നത്.

പെകര്‍മാന്‍ എന്ന ഐശ്വര്യം

മുന്‍ അര്‍ജന്‍റീന പരിശീലകന്‍ കൂടിയായ ഹൊസെ പെകര്‍മാനാണ് കൊളംബിയന്‍ കോച്ച്. ലോകഫുട്ബാളില്‍ ഏറെ ആദരിക്കപ്പെടുന്ന പരിശീലകന്‍. ഓരോ മത്സരങ്ങളിലും സ്വന്തം ഫോര്‍മേഷനാണ് ഈ അര്‍ജന്‍റീനക്കാരന്‍െറ പ്രത്യേകത. കോസ്റ്ററീകയോട് തോറ്റ മത്സരത്തിലെ പ്ളെയിങ് ഇലവന്‍െറ പേരില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനെന്ന ന്യായമുണ്ട്. പെറുവിനെതിരെ പ്രയോഗിച്ച 4-2-3-1 ഫോര്‍മേഷന്‍ ടീമിന്‍െറ മുഴുവന്‍ കരുത്തും ഉപയോഗപ്പെടുത്തിയായിരുന്നു. 2012 മുതല്‍ ദേശീയ ടീം പരിശീലകനായ പെകര്‍മാനു കീഴിലാണ് കൊളംബിയയുടെ ഓരോ ഉയര്‍ച്ചയും. കഴിഞ്ഞ ലോകകപ്പിലും കോപയിലും കണ്ണീരോടെ മടങ്ങിയ കൊളംബിയ ഇക്കുറി  വെറുംകൈയോടെ മടങ്ങില്ളെന്ന് വിശ്വസിക്കാനാണ് നാട്ടുകാര്‍ക്ക് താല്‍പര്യം.
താരത്തിളക്കം
ക്യാപ്റ്റന്‍ ഹാമിഷ് റോഡ്രിഗസാണ് ടീമിലെ സൂപ്പര്‍ താരം. ചാമ്പ്യന്‍ഷിപ്പില്‍ നേടിയത് രണ്ട് ഗോളുകള്‍. കാര്‍ലോസ് ബാക, മര്‍ലോസ് മൊറീനോ, ക്രിസ്റ്റ്യന്‍ സപാറ്റ എന്നിവരും ശ്രദ്ധേയ സാന്നിധ്യം.

ചിലി നമ്പര്‍ 5

കോപ ചാമ്പ്യന്മാരായ ചിലി ജര്‍മനിക്കു പിന്നിലായി അഞ്ചാം റാങ്കുകാരാണ്. പക്ഷേ, ചാമ്പ്യന്‍പദത്തിനൊത്ത തുടക്കമായിരുന്നില്ല കോപയില്‍. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ് അര്‍ജന്‍റീനയോട് തോല്‍വി (1-2). അടുത്ത രണ്ട് മത്സരങ്ങളിലും ജയം. ബൊളീവിയയെയും (2-1), പാനമയെയും (4-2) വീഴ്ത്തിയവര്‍ പതിവ് ഫോമിലേക്കുയര്‍ന്നു. എഴുതിത്തള്ളിയവര്‍ക്കെല്ലാം ക്വാര്‍ട്ടര്‍ ഫൈനലിലെ ഗോള്‍മഴയോടെ മറുപടിയും നല്‍കി. തുടര്‍ച്ചയായി തോല്‍വിയറിയാത്ത 22 കളിയും കഴിഞ്ഞത്തെിയ മെക്സിക്കന്‍ പടയെ മറുപടിയില്ലാത്ത ഏഴ് ഗോളിന് തകര്‍ത്തായിരുന്നു ചിലിയുടെ ചാമ്പ്യന്‍ വരവ്. എതിരാളികളെല്ലാം മൂക്കത്ത് വിരല്‍ വെച്ചപ്പോള്‍ സൂപ്പര്‍താരങ്ങളായ എഡ്വേര്‍ഡോ വര്‍ഗാസും അലക്സിസ് സാഞ്ചസും അര്‍തുറോ വിദാലുമെല്ലാം വരവറിയിച്ചു.

വിദാലിന്‍െറ അസാന്നിധ്യം

ഏഴ് ഗോള്‍ ജയത്തിന്‍െറ മേനിയുമായി സെമിയിലിറങ്ങുമ്പോള്‍ മധ്യനിരയിലെ പവര്‍ഹൗസ് അര്‍തുറോ വിദാലിന്‍െറ അസാന്നിധ്യമാണ് ചിലിക്ക് ആശങ്ക സൃഷ്ടിക്കുന്നത്. രണ്ടു മഞ്ഞക്കാര്‍ഡുമായി വിദാല്‍ സെമിയിലേക്ക് അയോഗ്യനായത് കൊളംബിയക്ക് വലിയ ആശ്വാസമാവും. സെന്‍ട്രല്‍ സര്‍ക്കിളില്‍ നിറഞ്ഞുനില്‍ക്കുന്ന വിദാലിലൂടെയായിരുന്നു വര്‍ഗാസിലേക്കും സാഞ്ചസിലേക്കും നിര്‍ബാധം പന്തത്തെിയിരുന്നത്. ഒപ്പം, എതിരാളിയുടെ മുന്നേറ്റം തടയാനുള്ള മസില്‍ പവറുമായി വിദാല്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ പ്രതിരോധക്കാര്‍ക്കും ഗോളിക്കും വരെ ആശ്വാസം. അവശ്യഘട്ടത്തില്‍ എതിര്‍ പെനാല്‍റ്റി ബോക്സില്‍ അപകടംവിതക്കാന്‍ കരുത്തുള്ള നീക്കങ്ങളും വിദാല്‍ സ്പെഷല്‍. ഈ അസാന്നിധ്യത്തിന് പകരക്കാരനെ കണ്ടത്തെുകയാവും ചിലി കോച്ച് അന്‍േറാണിയോ പിസ്സിയുടെ വലിയ വെല്ലുവിളിയും. പാബ്ളോ ഹെര്‍ണാണ്ടസ്, ചാള്‍സ് അരാങ്കിസ്, ഫ്രാന്‍സിസ്കോ സില്‍വ അതുമല്ളെങ്കില്‍ ഗാരി മെഡല്‍. ഇവരിലാരെങ്കിലും ചേര്‍ന്ന് വിദാലിന്‍െറ ജോലി ചെയ്യേണ്ടിവരും.

താരത്തിളക്കം

ആറ് ഗോളുമായി മുന്നിലുള്ള എഡ്വേര്‍ഡോ വര്‍ഗാസ്, മൂന്ന് ഗോളടിച്ച അലക്സിസ് സാഞ്ചസ്, രണ്ട് ഗോളുമായി ഒപ്പമുള്ള എഡ്സന്‍ പുച് എന്നിവരാണ് ചിലിയുടെ പടക്കുതിരകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.