ഷികാഗോ:  സെമിഫൈനലില്‍ തുടക്കംതന്നെ ചിലിയുടെ വക രണ്ടു ഗോളുകള്‍. ഇടവേളക്ക് പിരിഞ്ഞപ്പോള്‍ കാറ്റും മഴയും ഇടിമിന്നലും. ഒടുവില്‍ രണ്ടര മണിക്കൂര്‍ വൈകി മത്സരം പുനരാരംഭിച്ചപ്പോള്‍ ഗോള്‍ നിലയില്‍ മാറ്റമുണ്ടായില്ല. 2-0ത്തിന് കൊളംബിയയെ മറികടന്ന നിലവിലെ ജേതാക്കളായ ചിലി കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റിന്‍െറ ഫൈനലിലേക്ക് കുതിച്ചു. ഞായറാഴ്ചത്തെ ഫൈനലില്‍ കാത്തിരിക്കുന്നത്  ലയണല്‍ മെസ്സിയുടെ അര്‍ജന്‍റീന. കഴിഞ്ഞവര്‍ഷം ഫൈനലില്‍ അര്‍ജന്‍റീനയെ കീഴടക്കി ജേതാക്കളായ ചിലിയുടെ മനസ്സില്‍ മറ്റൊരു അട്ടിമറിയാണ് ലക്ഷ്യം. എന്നാല്‍, ഒത്തൊരുമയോടെ കളിക്കുന്ന മെസ്സിയും കൂട്ടരും ഗ്രൂപ് മത്സരത്തില്‍ ചിലിയെ തോല്‍പിച്ചത് ആവര്‍ത്തിക്കാനാണ് ബൂട്ടുകെട്ടുന്നത്. ശനിയാഴ്ച കൊളംബിയയും ആതിഥേയരായ അമേരിക്കയും മൂന്നാം സ്ഥാനത്തിനായി മാറ്റുരക്കും. ഷികാഗോയിലെ സോള്‍ജ്യര്‍ ഫീല്‍ഡില്‍ കൊളംബിയക്കെതിരെ ഏഴാം മിനിറ്റില്‍ ചാള്‍സ് അരാന്‍ഗ്വിസാണ് ചിലിയുടെ സ്കോര്‍ബോര്‍ഡ് തുറന്നത്. നിലയുറപ്പിക്കുന്നതിനുമുന്നേ ഗോള്‍ വഴങ്ങിയതില്‍ പതറിയ കൊളംബിയക്കാരുടെ വലയിലേക്ക്11ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി പിറന്നു. ജോസ് പെഡ്രോ ഫുന്‍സാലിഡയാണ് രണ്ടാം ഗോളിനുടമ. ഇടവേളക്കായി റഫറി വിസിലൂതിയ ഉടനാണ് കനത്ത മഴയും കാറ്റും ഒപ്പം ഇടിമിന്നലും താണിറങ്ങിയത്. ഇടിമിന്നലുള്ളതിനാല്‍ കാണികളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറിയിരിക്കാന്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചു. കളി മാറ്റിവെക്കുമെന്ന ഘട്ടമത്തെിയെങ്കിലും മഴ തോര്‍ന്നയുടന്‍ ഗ്രൗണ്ട് സ്റ്റാഫ് മൈതാനത്തിലെ വെള്ളം ഏറക്കുറെ വറ്റിച്ചതോടെ രണ്ടാം പകുതിയിലെ പോരാട്ടത്തിന് തുടക്കമായി.

മെക്സികോയെ 7-0ത്തിന് ക്വാര്‍ട്ടറില്‍ തകര്‍ത്ത ചിലി അന്ന് അവസാനിപ്പിച്ചിടത്തുനിന്നാണ് തുടങ്ങിയത്. അര്‍തുറോ വിദാല്‍ സസ്പെന്‍ഷനിലായതിന്‍െറ ക്ഷീണം ടീമിനുണ്ടായില്ല. ഏഴാം മിനിറ്റില്‍ ഫുന്‍സാലിഡയുടെ പാസില്‍നിന്നുള്ള പന്ത്് അകറ്റാനുള്ള ശ്രമത്തിനിടെ കൊളംബിയന്‍ താരം യുവാന്‍ ക്വഡ്രാഡോക്ക് പിഴച്ചു. നിനച്ചിരിക്കാതെ മുന്നില്‍ കിട്ടിയ പന്ത് അരാന്‍ഗ്വിസ് വലയിലത്തെിച്ചു. 11ാം മിനിറ്റില്‍ അലക്സിസ് സാഞ്ചസിന്‍െറ ഷോട്ടില്‍നിന്നുള്ള റീബൗണ്ടാണ് ഫുന്‍സാലിഡ ഗോളാക്കി മാറ്റിയത്. ഹാമിഷ് റോഡ്രിഗസിന്‍െറ നേതൃത്വത്തിലിറങ്ങിയ കൊളംബിയ പന്ത് കൈവശം വെക്കുന്നതില്‍ മികച്ചു നിന്നെങ്കിലും ഗോളടിക്കാന്‍ പലപ്പോഴും മറന്നുപോയി.  രണ്ടാം പകുതിയില്‍ കൊളംബിയ ശക്തമായ തിരിച്ചുവരവിനൊരുങ്ങിയെങ്കിലും 57ാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയത് ടീമിന് തിരിച്ചടിയായി. 66ാം മിനിറ്റില്‍ ചിലിയുടെ എറിക് പുള്‍ഗാറിന്‍െറ ഹെഡര്‍ കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന അതിഗംഭീരമായി രക്ഷപ്പെടുത്തി.

 

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.