കോപ അമേരിക്കയിൽ കൊളംബിയക്ക് മൂന്നാം സ്ഥാനം

അരിസോണ: സെമിയില്‍ വീണുപോയവരുടെ പോരാട്ടത്തില്‍ അമേരിക്കയെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ച് കോപ അമേരിക്കയില്‍ കൊളംബിയ മൂന്നാം സ്ഥാനം പിടിച്ചു. 31ാം മിനിറ്റില്‍ എ.സി മിലാന്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ബക്ക നേടിയ ഗോളിന് മറുപടിയില്ലാതെ വന്നതോടെയാണ് അമേരിക്കക്ക് സ്വന്തം നാട്ടുകാരുടെ മുന്നില്‍ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. കോപ അമേരിക്കയില്‍ കൊളംബിയയുടെ ഏറ്റവുംമികച്ച സ്ഥാനമാണിത്.
പരുക്കന്‍ അടവുകള്‍ ഏറെ കണ്ട പോരാട്ടത്തില്‍ ഏഴുതവണ മഞ്ഞക്കാര്‍ഡും രണ്ട് തവണ ചുവപ്പുകാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടിവന്നു. ആദ്യപകുതി പൊതുവെ സമാധാനപരമായിരുന്നു. 31ാം മിനിറ്റില്‍ കാര്‍ലോസ് ബക്കയുടെ ഗോളത്തെിയതോടെയാണ് മൈതാനവും ഗാലറിയും ഉണര്‍ന്നത്.

പ്രതിരോധനിരയില്‍നിന്ന് ഓടിക്കയറിയ സാന്‍റിയാഗോ ഏരിയാസിന്‍െറ ഹെഡറില്‍ കാലുവെക്കുക എന്ന കടമ മാത്രമേ കാര്‍ലോസ് ബക്കക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. അമേരിക്കന്‍ പ്രതിരോധനിരയിലെ ആന്ദ്രേ യെഡ്ലിനെ മറികടന്ന ബക്ക മനോഹരമായി കടമ നിറവേറ്റി. അഞ്ചുമിനിറ്റിനകം അമേരിക്കക്ക് അര്‍ഹമായ പെനാല്‍റ്റി റഫറി നിഷേധിച്ചു. ജെര്‍മെയ്ന്‍ ജോണ്‍സിന്‍െറ ഗോള്‍ ശ്രമം ക്രിസ്റ്റ്യന്‍ സപാറ്റയുടെ കൈയില്‍ തട്ടിയെങ്കിലും റഫറിയുടെ കണ്ണില്‍പെട്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡേവിഡ് ഓസ്പിനയുടെ കൈകള്‍ കൊളംബിയയുടെ രക്ഷക്കത്തെി. ഡെംപ്സിയുടെ മാരിവില്‍ കിക്കിനൊപ്പം പറന്നുയര്‍ന്ന ഓസ്പിന അമേരിക്കന്‍ പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ചു.

60ാം മിനിറ്റില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞു. ജുവാന്‍ കുവാര്‍ഡാവോയുടെ ഷോട്ട് കൊളംബിയയുടെ ലീഡുയര്‍ത്തുമെന്ന് തോന്നിച്ചെങ്കിലും ബാറില്‍ തട്ടിയശേഷം ഗോള്‍വരക്കരികെ പതിച്ചു. തൊട്ടടുത്തനിമിഷം അമേരിക്കയെയും ഭാഗ്യം കൈവിട്ടു. ബോബി ഷോവുഡിന്‍െറ ഇടങ്കാലന്‍ പ്രഹരം പോസ്റ്റില്‍ തട്ടി തെറിച്ചു. തൊട്ടുപിന്നാലെ കൊളംബിയന്‍ ബോക്സില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് പുറത്തത്തെി. 79ാം മിനിറ്റില്‍ ബക്കക്ക് പകരം മാര്‍ട്ടിനസ് ടോബിന്‍സണ്‍ എത്തി.

കാര്‍ഡുകളുടെ കളി നടന്നത് ഇഞ്ച്വറി ടൈമിലാണ്. അഞ്ച് മിനിറ്റിനിടെ നാലുതവണയാണ് റഫറി കാര്‍ഡ് പുറത്തെടുത്തത്. ഇതില്‍ രണ്ടെണ്ണം ചുവപ്പും. മൈക്കള്‍ ഒര്‍സക്കോയെ ഫൗള്‍ ചെയ്തതിന് കൊളംബിയന്‍ താരം സാന്‍റിയാഗോ ഏരിയാസാണ് ആദ്യം മഞ്ഞക്കാര്‍ഡ് വാങ്ങിയത്. വീണിടത്തുനിന്ന് ചാടിയെണീറ്റ ഒര്‍സക്കോയെ തലകൊണ്ടിടിച്ച് ഏരിയാസ് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡും സ്വന്തമാക്കി. തലക്കിടിയേറ്റയുടന്‍ ഏരിയാസിനെ പിടിച്ചുതള്ളി ഒര്‍സകോയും ചുവപ്പുകാര്‍ഡിനുടമയായി. മത്സരം തീരാന്‍ ഒരുമിനിറ്റ് മാത്രം ബാക്കിനില്‍ക്കെയായിരുന്നു കാര്‍ഡുകള്‍ കളിച്ചത്. ടൂര്‍ണമെന്‍റില്‍ രണ്ടാംതവണയാണ് കൊളംബിയയോട് അമേരിക്ക  പരാജയപ്പെടുന്നത്. പ്രാഥമിക റൗണ്ടില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് കൊളംബിയ ജയിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ഇരുടീമുകളും ലൂസേഴ്സ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോഴും ജയം കൊളംബിയക്കൊപ്പമായിരുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.