മെസ്സി വിരമിച്ചു

ന്യൂജഴ്സി: കോപ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കുന്നതായി സൂപ്പർതാരം ലയണൽ മെസ്സി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത പുറത്തു വിട്ടത്. ടൂർണമെൻറിൽ മെസ്സിയുടെ മികവിലാണ് അർജൻറീന കലാശപ്പോരാട്ടം വരെയെത്തിയത്. ചിലി തീർത്ത പ്രതിരോധപ്പൂട്ടിൽ മെസ്സി കുരുങ്ങിപ്പോയിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടെത്തിയപ്പോൾ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെനിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. ദേശീയ ടീമിൽ തൻെറ കാലം കഴിഞ്ഞതായും അർജൻറീനക്കായി കിരീടം നേടാത്തതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സിക്കു പിറകേ പ്രതിരോധ താരം യാവിയർ മഷറാനോയും വിരമിക്കൽ പ്രഖ്യാപനം നടത്തി.

അഞ്ചുതവണ മികച്ച ലോക ഫുട്ബാളറായിട്ടും അര്‍ജന്‍റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായിട്ടും ക്ലബ് കുപ്പായത്തില്‍ കിരീടങ്ങള്‍ ഏറെ വെട്ടിപ്പിടിച്ചിട്ടും ഇതിഹാസങ്ങളുടെ പട്ടികയില്‍ മെസ്സിയുടെ പേര് അപൂര്‍ണമായിരുന്നു. പെലെ, മറഡോണ, റൊണാള്‍ഡോ, സിദാന്‍ തുടങ്ങിയ മഹാരഥന്മാര്‍ അലങ്കരിക്കുന്ന വിശ്വതാരങ്ങളുടെ പട്ടികയില്‍ ചോദ്യംചെയ്യപ്പെടാതിരിക്കാന്‍ മെസ്സിക്ക് ഇത്തവണ കിരീടം അനിവാര്യമായിരുന്നു.

Full View

രണ്ടുവര്‍ഷം മുമ്പ് ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലും ഒരുവര്‍ഷം മുമ്പ് ചിലിയിലെ സാന്‍റിയാഗോ സ്റ്റേഡിയത്തിലും കണ്ട കാഴ്ചകളുടെ തനിയാവർത്തനമായിരുന്നു ന്യൂജഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലും ഇന്നുണ്ടായത്. ബ്രസീൽ ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ഏറ്റുവാങ്ങി മടങ്ങുമ്പോഴും ലയണല്‍ മെസ്സിയുടെ നിറഞ്ഞുതുളുമ്പിയ കണ്ണുകള്‍ ആ കിട്ടാതെപോയ സ്വര്‍ണകപ്പിലായിരുന്നു. ഒരുവര്‍ഷത്തിനിപ്പുറം ചിലിയില്‍ നടന്ന കോപ ഫൈനലില്‍ കൂടുതല്‍ വികാരതീവ്രമായി. ചിലിയോട് അന്നും പെനാല്‍റ്റിഷൂട്ടൗട്ടില്‍ കീഴടങ്ങിയ മെസ്സി മികച്ച താരത്തിനുള്ള അവാര്‍ഡുപോലും സ്വീകരിക്കാതെ നടന്നകന്നപ്പോള്‍ ആരാധകലോകത്തിന്‍െറ കണ്ണുകളും തുളുമ്പി. ഇക്കുറി കിരീടധാരണം ഉറപ്പിച്ചായിരുന്നു നീലപ്പട ടൂർണമെൻറിൽ കളിക്കാനെത്തിയത്. ടീമിലെ മിക്ക താരങ്ങളും കോപയിൽ താടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. കിരീടം നേടിയാലെ താടിവടിക്കൂ എന്ന് ചില അർജൻറീന താരങ്ങൾ പ്രതിഞ്ജ എടുത്തതായും വാർത്തകളുണ്ടായിരുന്നു. കോപ ഫൈനലിലേക്കുള്ള അർജൻറീനയുടെ കുതിപ്പിൽ ചിലിയോടുള്ള മധുര പ്രതികാരവും അതുവഴി കീരീടനേട്ടവും ആരാധക ലോകം പ്രതീക്ഷിച്ചിരുന്നു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.