???? ????????????? ?????????? ???? ?????????? ???????

കണ്ണീര്‍ കോപ

ന്യൂജെഴ്സി (അമേരിക്ക): രണ്ടു വര്‍ഷം മുമ്പ് ബര്‍മുഡയിലെ ഗ്രാമീണരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ വീശിയടിച്ച ചുഴലിക്കാറ്റിന് ഗോണ്‍സാലോ എന്നായിരുന്നു പേര്. രണ്ട് വര്‍ഷമായി അര്‍ജന്‍റീനക്കും കപ്പിനുമിടയില്‍ അബദ്ധങ്ങളുടെ കെട്ടഴിച്ച് തടസ്സമായി നില്‍ക്കുന്നുണ്ട് മറ്റൊരു ഗോണ്‍സാലോ. പുറത്തേക്ക് പാഞ്ഞ പെനാല്‍റ്റി കിക്കിന്‍െറ പേരില്‍ ലയണല്‍ മെസ്സിയെ കുരിശിലേറ്റുന്നവര്‍ക്കുപോലുമറിയാം, അര്‍ജന്‍റീനക്ക് വിധിക്കപ്പെടാതെ പോയ കപ്പുകള്‍ക്ക് പിന്നില്‍ ഗോണ്‍സാലോ ഹിഗ്വെ്ന്‍ എന്ന സ്ട്രൈക്കറുടെ കാലുകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന്.
മെറ്റ്ലൈഫിലെ പുല്‍മൈതാനത്ത് ആദ്യ പകുതിയില്‍ ഹിഗ്വെ്ന് പിഴച്ചില്ലായിരുന്നുവെങ്കില്‍ കോപയുടെ ചരിത്രം മറ്റൊന്നാവുമായിരുന്നു. ഗോളി മാത്രം മുന്നില്‍നില്‍ക്കെ ലക്ഷ്യംതെറ്റിയലഞ്ഞ ഹിഗ്വെ്നിന്‍െറ ഷോട്ട് അടുത്തകാലത്തൊന്നും അര്‍ജന്‍റീന മറക്കില്ല. കഴിഞ്ഞ കോപയിലെയും ലോകകപ്പിലെയും കലാശക്കളിയിലെ പിഴവ് മെറ്റ്ലൈഫിലും ആവര്‍ത്തിച്ച് ഹിഗ്വെ്ന്‍ വില്ലന്‍ പരിവേഷം അണിഞ്ഞിരിക്കുന്നു. ശതാബ്ദി കോപയില്‍ അര്‍ജന്‍റീനയുടെ കണ്ണീര്‍വീഴ്ത്തിയവരെ തേടുമ്പോള്‍ ആദ്യം തെളിയുന്ന പേര് ഹിഗ്വെ്നിന്‍െറതാണ്. ഇതിന് ശേഷമെ മെസ്സിയും ബിഗ്ലിയയും ഹെബര്‍ റോബര്‍ട്ടോ ലോപസ് എന്ന ബ്രസീലിയന്‍ റഫറിയും വരൂ.

കളത്തിലിറങ്ങിയ കാര്‍ഡുകള്‍

കലാശപ്പോരിന്‍െറ ആവേശത്തിന് കടിഞ്ഞാണിട്ടതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് റഫറി റോബര്‍ട്ടോ ലോപസിന് ഒഴിഞ്ഞുമാറാനാവില്ല. അത്രയൊന്നും അപകടകരമല്ലാതെ മത്സരം മുന്നേറുന്നതിനിടെയാണ് 28ാം മിനിറ്റില്‍ ചിലിയുടെ മധ്യനിരതാരം മാഴ്സലോ ഡയസിന് നേരെ ചുവപ്പുകാര്‍ഡുമായി റഫറി ഓടിയടുത്തത്. കലാശക്കളിയുടെ മഹത്ത്വവും പ്രാധാന്യവും മുന്‍നിര്‍ത്തി ഡയസിന് ചുവപ്പുകാര്‍ഡ് കൊടുക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ഫുട്ബാള്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 16ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച ഡയസ് അടങ്ങിയിരിക്കാത്തത് കൊണ്ടാണ് ചുവപ്പ് കൊടുത്ത് പറഞ്ഞയച്ചതെന്ന് വേണമെങ്കില്‍ ന്യായീകരിക്കാം.
പക്ഷേ, ഈ ന്യായങ്ങള്‍ക്കപ്പുറമാണ് 43ാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ ആര്‍ബെര്‍ട്ട് റോജോക്ക് നേരെ വീശിയ ചുവപ്പുകാര്‍ഡ്. അത്ര വലിയ ഫൗള്‍ അല്ലാതിരുന്നിട്ടുകൂടി, കാര്‍ഡിലെ കളിയില്‍ തുല്യതപാലിക്കാനാണ് റോജോയെ പുറത്തേക്ക് പറഞ്ഞയച്ചതെന്ന് വ്യക്തം. ഇതോടെ കളിയുടെ താളം തെറ്റി. രണ്ട് ടീമുകളും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ശതാബ്ദി കോപ്പയിലെ ഏറ്റവും മോശം കളികളുടെ പട്ടികയിലേക്ക് കലാശപ്പോരത്തെിയത് അങ്ങനെയാണ്. കണ്ണില്‍കണ്ടവര്‍ക്ക് നേരെയെല്ലാം കാര്‍ഡ് വീശിയ റഫറി മത്സരത്തിലുടനീളം എട്ട് തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. ഇതിലേറെയും ആദ്യ പകുതിയിലായിരുന്നു. ചിലിയുടെ ബോക്സിനുള്ളില്‍ വീണ മെസ്സിക്കും കിട്ടി ‘അഭിനയത്തിന്‍െറ’ പേരില്‍ മഞ്ഞക്കാര്‍ഡ്.

പാഴാക്കിയ അവസരങ്ങള്‍

രണ്ട് മണിക്കൂര്‍ കളിച്ചിട്ടും വിരലിലെണ്ണാവുന്ന അവസരങ്ങള്‍ മാത്രമാണ് ഇരുടീമുകള്‍ക്കും ഒരുങ്ങിക്കിട്ടിയത്. 23ാം മിനിറ്റില്‍ ഹിഗ്വെ്നാണ് ഏറ്റവും വലിയ അവസരം കിട്ടിയത്. വഴിതെറ്റിയത്തെിയ പാസ് സ്വീകരിച്ച് മുന്നേറുമ്പോള്‍ ഹിഗ്വെ്ന് മുന്നില്‍ ഗോളി ക്ളോഡിയോ ബ്രാവോ മാത്രമാണുണ്ടായിരുന്നത്. ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്‍െറ വലതുമൂലയില്‍ പ്ളേസ് ചെയ്യാനായിരുന്നു ശ്രമമെങ്കിലും പോസ്റ്റിലുരുമി പുറത്തേക്ക് പോയി. ഇന്‍ജുറി ടൈമില്‍ അര്‍ജന്‍റീനന്‍ പോസ്റ്റില്‍ കൂട്ടപ്പൊരിച്ചില്‍ നടന്നെങ്കിലും ഗോളിലത്തെിക്കാന്‍ ചിലിയുടെ മുന്നേറ്റനിരക്കായില്ല. 100ാം മിനിറ്റില്‍ അഗ്യൂറോയുടെ ഗോളെന്നുറപ്പിച്ച ഹെഡര്‍ പറക്കും സേവിലൂടെ ബ്രാവോ തട്ടിയകറ്റി.

വിധിയെഴുതിയ ഷൂട്ടൗട്ട്

ചിലിക്ക് വേണ്ടി ആദ്യ ഷോട്ടെടുത്തത് വിദാല്‍. പോസ്റ്റിന്‍െറ ഇടതുമൂലയിലേക്ക് വിദാല്‍ തൊടുത്ത കിക്ക് തട്ടിയകറ്റി ഗോളി റൊമേരോ അര്‍ജന്‍റീനന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നു. പക്ഷേ, അര്‍ജന്‍റീനക്കായി തുടങ്ങിയ മെസ്സിക്ക് പിഴച്ചു. ബാഴ്സയിലെ സഹതാരമായ ചിലിയുടെ ഗോളി ബ്രാവോയെ കബളിപ്പിക്കാനായി വലതുമൂലയിലേക്കായിരുന്നു മെസ്സിയുടെ കിക്ക്. മെസ്സി പ്രതീക്ഷിച്ച പോലെ ബ്രാവോ ഇടത്തേക്ക് ചാടിയെങ്കിലും പന്ത് പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി. പിന്നീട് ചിലിക്കായി പെനാല്‍റ്റി സ്പോട്ടിലത്തെിയ നികോളാസ് കാസ്റ്റിലോയും ചാള്‍സ് അറാന്‍ഗിസും ലക്ഷ്യം കണ്ടപ്പോള്‍ അര്‍ജന്‍റീനക്ക് വേണ്ടി മഷറാനോയും അഗ്യൂറോയും ഗോള്‍ നേടി. അടുത്ത ഊഴവുമായത്തെിയ ലൂകാസ് ബിഗ്ലിയയുടെ ഷോട്ട് ബ്രാവോയുടെ കൈകളിലൊതുങ്ങി. ചിലിക്കായി അവസാന കിക്കെടുക്കാനത്തെിയ ഫ്രാന്‍സിസ്കോ സില്‍വ പന്ത് ഗോള്‍വര കടത്തിയതോടെ കോപ അമേരിക്കയില്‍ ചിലി പുതുചരിത്രമെഴുതി.

കണ്ണീര്‍കാഴ്ചയായി ലിയോ

എട്ട് പെനാല്‍റ്റികള്‍ക്കൊടുവില്‍ ചിലിയുടെ ആരവമുയരുമ്പോള്‍ മെറ്റ്ലൈഫിലെ 82,000 കാണികള്‍ക്ക് നടുവില്‍ കണ്ണീര്‍കാഴ്ചയായി ലയണല്‍ മെസ്സിയുണ്ടായിരുന്നു. കണ്ണീര്‍പൊടിച്ചും പൊട്ടിക്കരഞ്ഞും തലകുനിച്ചിരുന്ന മെസ്സിയുടെ വികാരങ്ങള്‍ക്കൊപ്പമായിരുന്നു മെറ്റ്ലൈഫിലെ ഗാലറിയും ബ്യൂണസ്ഐറിസിലെ തെരുവുകളും. കിരീടമുയര്‍ത്തിയ ചിലിയുടെ ആരവങ്ങളെക്കാള്‍ കാമറക്കണ്ണുകള്‍ക്ക് താല്‍പര്യം മെസ്സിയുടെ കണ്ണീര്‍മുഖമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ബ്രസീലിലെ മാറക്കാനയില്‍ കണ്ട വിഷാദ മുഖം ഒരിക്കല്‍ കൂടി ഈറനണിഞ്ഞപ്പോള്‍ ആരും പ്രതീക്ഷിച്ചില്ല, മനസ്സിലത്രയും കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനമായിരുന്നുവെന്ന്. എങ്കിലും, ഇനിയും പ്രതീക്ഷയിലാണ് ആരാധകര്‍. മനംമാറി മെസ്സി തിരിച്ചത്തെുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇതിനായി സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.
മെസ്സിയുടെ വിരമിക്കലിനെക്കുറിച്ച് അര്‍ജന്‍റീന കോച്ച് ജെറാഡോ മാര്‍ട്ടിനോ മത്സരശേഷമുളള വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചില്ല.  
1987 ജൂണ്‍ 24ന് ജനിച്ച ലയണല്‍ ആന്ദ്രെ മെസ്സി 13ാം വയസ്സില്‍ സ്പെയിനിലെ ബാഴ്സലോണയിലേക്ക് ചേക്കേറിയതോടെയാണ് ഫുട്ബാളില്‍ ഉയരങ്ങളിലത്തെിയത്. ബാഴ്സലോണയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തുടക്കം. 2005ല്‍ ഹംഗറിക്കെതിരെയാണ് അര്‍ജന്‍റീനയുടെ  നീലക്കുപ്പായത്തിലെ അരങ്ങേറ്റം. ലോകത്തിലെ മികച്ച താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടി.  ബാഴ്സലോണക്ക് വേണ്ടി എട്ടുവട്ടം സ്പാനിഷ് ലീഗ് കിരീടവും നാല് ചാമ്പ്യനസ് ലീഗ് കിരീടവും ചൂടി.  

ഹെബര്‍ ലോപസ്; കാര്‍ഡുകളുടെ തോഴന്‍

ഹെബര്‍ റോബര്‍ട്ടോ ലോപസ് എന്ന ബ്രസീലിയന്‍ റഫറിക്ക് ചുവപ്പു കാര്‍ഡുകളോടുള്ള പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ 27 മത്സരങ്ങള്‍ നിയന്ത്രിച്ച ലോപസ് 14 തവണയാണ് ചുവപ്പുകാര്‍ഡ് വിതരണം ചെയ്തത്. കോപ അമേരിക്കയില്‍ ഫൈനല്‍ ഉള്‍പ്പെടെ നാല് കളികളിലാണ് ലോപസ് വിസിലൂതിയത്. ഈ കളികളിലായി 24 തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു.
മൂന്ന് ചുവപ്പ് കാര്‍ഡും. രൂപം കൊണ്ടും ഭാവം കൊണ്ടും പഴയ ഇറ്റാലിയന്‍ റഫറി പിയര്‍ലൂജി കോളിനയെ അനുസ്മരിപ്പിക്കുന്ന ലോപസ് സ്വഭാവം കൊണ്ടും അങ്ങനെയൊക്കെ തന്നെയാണ്. പലതവണ താരങ്ങള്‍ക്ക് നേരെ കൈയോങ്ങുകയും ചെയ്തു. ലോപസിന്‍െറ പല തീരുമാനങ്ങളും തെറ്റായിരുന്നുവെന്ന് ടി.വി റിപ്ളേകളില്‍ നിന്ന് വ്യക്തമാണ്. കോപ കലാശപ്പോരിന്‍െറ ആദ്യ പകുതിയില്‍ അഞ്ച് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡും വീശിയ റഫറി രണ്ടാം പകുതിയില്‍ ഒതുങ്ങി.

മികച്ചവരും ചിലി താരങ്ങള്‍തന്നെ
 
കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റില്‍ കിരീടത്തിനൊപ്പം മികച്ച താരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ ചിലി തൂത്തുവാരി. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ അലക്സി സാഞ്ചസിനാണ്. മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ളൗ അവാര്‍ഡ് ചിലി കാപ്റ്റന്‍ ക്ളോഡിയോ ബ്രാവോ തുടര്‍ച്ചയായി രണ്ടാംവട്ടവും സ്വന്തമാക്കി. ടോപ്സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് എഡ്വേര്‍ഡോ വര്‍ഗാസിനാണ്. ആറ് ഗോളുകളുമായാണ് വര്‍ഗാസ് ഈ പുരസ്കാരത്തിന് അര്‍ഹനായത്. മെക്സികോയെ 7-0ന് തോല്‍പ്പിച്ച മത്സരത്തില്‍ വര്‍ഗാസ് നാല് ഗോളുകള്‍ നേടിയിരുന്നു.
ഫൈനലില്‍ രണ്ടാം പകുതിയില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഹെഡര്‍ തകര്‍പ്പന്‍ സേവിലൂടെ അകറ്റിയ ബ്രാവോ പിന്നീട് ഷൂട്ടൗട്ടില്‍ ലുകാസ് ബിഗ്ളയയുടെ കിക്ക് തട്ടിയകറ്റി സൂപ്പര്‍താരമായി മാറി. ടൂര്‍ണമെന്‍റിലുടനീളം മികച്ച ഫോമിലായിരുന്ന സാഞ്ചസ് മൂന്ന് ഗോളുകള്‍ക്കുടമയായി. നാലെണ്ണത്തില്‍ സഹതാരങ്ങള്‍ക്ക് സഹായവുമേകി. ഫെയര്‍പ്ളേ അവാര്‍ഡ് അര്‍ജന്‍റീന സ്വന്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.