????????? ???????????? ??.???. ????? ????????????

സൂപ്പർ പോരാട്ടം ഇന്ന് മുതൽ; വിജയിച്ച് തുടങ്ങാന്‍ ഇന്ത്യ

നാഗ്പുര്‍: ഇനി ക്രിക്കറ്റ് ലോകം ഇന്ത്യയിലാണ്. ബാറ്റും ബാളുംകൊണ്ട് 10 ടീമുകള്‍ തീര്‍ക്കുന്ന ആവേശം അതിര്‍ത്തികള്‍ ഭേദിക്കും. ഓരോ ആരാധകനും സ്വന്തം ടീമിനുവേണ്ടി ആര്‍ത്തുവിളിക്കും. അതിര്‍ത്തി തേടി പായുന്ന ഓരോ പന്തും ആഘോഷത്തിന്‍െറ കൊടുമുടികള്‍ തീര്‍ക്കും. ഏറെനാളായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന 20 ദിവസത്തെ ക്രിക്കറ്റ് വസന്തത്തിന് ചൊവ്വാഴ്ച മുതല്‍ തുടക്കമാകും. ട്വന്‍റി20 ലോകകപ്പ് സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തിലാണ് തുടങ്ങുക. ആതിഥേയരായ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ പോരാട്ടം. രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. യോഗ്യതാമത്സരങ്ങളുടെയും സന്നാഹമത്സരങ്ങളുടെയും ആവേശത്തില്‍നിന്ന് അത്യാവേശമായ സൂപ്പര്‍ ടെന്‍ പോരാട്ടപ്പിച്ചിലേക്ക് ലോകകപ്പ് കടന്നതിന്‍െറ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യക്കു പുറമെ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇംഗ്ളണ്ട്, വെസ്റ്റിന്‍ഡീസ്, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് രണ്ടു ഗ്രൂപ്പുകളിലായി കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് ഫൈനല്‍ പോരാട്ടം.

വിജയിച്ച് തുടങ്ങാന്‍ ഇന്ത്യ
കഴിഞ്ഞ തവണ കൈയില്‍നിന്ന് വഴുതിപ്പോയ ലോകകിരീടം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയാണ് മഹേന്ദ്രസിങ് ധോണി എന്ന പരിചയസമ്പന്നനായ ക്യാപ്റ്റനു കീഴില്‍ ചൊവ്വാഴ്ച ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. 2007ലെ പ്രഥമ കിരീടനേട്ടത്തിനുശേഷം കപ്പുയര്‍ത്തുക എന്നത് ധോണിയുടെ അഭിമാന നേട്ടമായിരിക്കും. സമീപകാലത്തെ മികച്ച ഫോമും ഒരുപിടി ലോകതാരങ്ങളുടെ പ്രകടനവുമാണ് ഇന്ത്യക്ക് തുണയാകുന്നത്. മറുതലക്കല്‍, ബ്രണ്ടന്‍ മക്കല്ലത്തിനു ശേഷമുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റിന്‍െറ പരീക്ഷണമാണ്. അതിവേഗ ക്രിക്കറ്റില്‍ അവിഭാജ്യഘടകമായിരുന്ന മക്കല്ലം, തന്‍െറ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനത്തിലൂടെ സൃഷ്ടിച്ച വിടവ് നികത്തുകയായിരിക്കും കിവികള്‍ ലക്ഷ്യമിടുന്നത്.

മുന്‍തൂക്കം ഇന്ത്യക്ക്
സമീപകാല പ്രകടനങ്ങളും ഹോം ഗ്രൗണ്ട് ആനുകൂല്യങ്ങളും പരിഗണിക്കുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. കരുത്തരായ ആസ്ട്രേലിയയെ അവരുടെ നാട്ടിലും ശ്രീലങ്കയെ സ്വന്തം നാട്ടിലും തോല്‍പിച്ചു. പിന്നാലെ നടന്ന ഏഷ്യാ കപ്പില്‍ അപരാജിതരായി കിരീടം. അവസാനമായി കളിച്ച 11 മത്സരങ്ങളില്‍ പത്തിലും ഇന്ത്യന്‍ സംഘം വിജയക്കൊടി പാറിച്ചു. സന്നാഹമത്സരത്തിലും മോശമായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. വെസ്റ്റിന്‍ഡീസിനെ തോല്‍പിച്ചപ്പോള്‍ മൂന്നു റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നപ്പോള്‍ ഇടറിയത്. സ്വന്തം നാട്ടില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ലാത്ത ഇന്ത്യക്ക് ഒരു നല്ല തുടക്കത്തിന് വിജയം അനിവാര്യം.
 

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (വലത്) സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍
 

ബാറ്റിങ് നിര ശക്തം
ശക്തമായ ബാറ്റിങ് നിരയാണ് എക്കാലത്തും ഇന്ത്യയുടെ മുതല്‍ക്കൂട്ട്. ഇത്തവണയും വ്യത്യാസമില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, യുവരാജ് സിങ്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ വമ്പന്മാരില്‍ തന്നെയാണ് ക്യാപ്റ്റന്‍െറ പ്രതീക്ഷ. എല്ലാവരും ഫോമിലാണ്. ആരെയും അമിതമായി ആശ്രയിക്കേണ്ട എന്നത് ക്യാപ്റ്റന് സന്തോഷിക്കാനുള്ള വകയാണ്. ആദ്യ ഇലവനില്‍ അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തിയേക്കില്ല. രണ്ടു സന്നാഹമത്സരത്തിലും രഹാനെക്ക് അവസരം നല്‍കിയെങ്കിലും പരാജയമായിരുന്നു.

ബൗളിങ് നിരക്ക് പുതിയ മുഖം
പതിവിനു വിപരീതമായി ശക്തമായ ബൗളിങ് നിരയുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. വെറ്ററന്‍ ആശിഷ് നെഹ്റയുടെ നേതൃത്വത്തില്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് പേസ് ഡിപ്പാര്‍ട്മെന്‍റിന്‍െറ ചുമതല. മുന്‍ മത്സരങ്ങളില്‍ പേസ് ത്രയത്തിന്‍െറ വിക്കറ്റ് വേട്ട ഇന്ത്യക്ക് പ്രതീക്ഷയേകുന്നു. ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ എന്നിവര്‍ക്കാണ് സ്പിന്‍ ആക്രമണ ചുമതല. പാര്‍ട്ട്ടൈം ബൗളറായി യുവരാജ് സിങ്, റെയ്ന എന്നിവരെയും ക്യാപ്റ്റന്‍ ഉപയോഗിക്കും.

പുതിയ ഇന്നിങ്സിന് ന്യൂസിലന്‍ഡ്
ബ്രണ്ടന്‍ മക്കല്ലം എന്ന വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഇല്ലാതെ ആദ്യമായാണ് ന്യൂസിലന്‍ഡ് ട്വന്‍റി20 മത്സരത്തിനിറങ്ങുന്നത്. അന്തരിച്ച ഇതിഹാസ താരം മാര്‍ട്ടിന്‍ ക്രോക്ക് അനുശോചനമര്‍പ്പിച്ചായിരിക്കും ന്യൂസിലന്‍ഡ് കളത്തിലിറങ്ങുക. ട്വന്‍റി20 ക്രിക്കറ്റിന്‍െറ ഉപജ്ഞാതാക്കളിലൊരാളായ മാര്‍ട്ടിന്‍ ക്രോക്ക് കിരീടംകൊണ്ട് ആദരമര്‍പ്പിക്കാനായിരിക്കും അവരുടെ ശ്രമം. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗുപ്റ്റിലുമായിരിക്കും കുന്തമുനകള്‍. സന്നാഹമത്സരത്തില്‍ ശ്രീലങ്കയെ 74 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ളണ്ടിനോട് ആറു വിക്കറ്റിന് തോറ്റു. കോളിന്‍ മണ്‍റോയുടെയും കൊറി ആന്‍ഡേഴ്സന്‍െറയും അതിവേഗ സ്കോറിങ് പാടവം പ്രയോജനപ്പെട്ടാല്‍ ന്യൂസിലന്‍ഡിനെ തോല്‍പിക്കുക എളുപ്പമല്ല. പുറമെ റോസ് ടെയ്ലര്‍, ഗ്രാന്‍റ് എലിയട്ട് എന്നിവരും ബാറ്റിങ്ങില്‍ കരുത്താകും. മിച്ചല്‍ സാന്‍റ്നര്‍, ട്രെന്‍റ് ബോള്‍ട്ട് എന്നിവര്‍ക്കാണ് പേസ് ചുമതല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ സ്പിന്നര്‍മാരായ ഇഷ് സോധിയെയും നഥാന്‍ മക്കല്ലവും ഇറങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.