അര്‍ജന്‍റീനയുടെ പ്രതികാരം


സാന്‍റിയാഗോ: പലിശയും കൂട്ടുപലിശയുമായി സാന്‍റിയാഗോയിലെ നാഷനല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്‍റീന കണക്കുതീര്‍ത്തു. എട്ടുമാസങ്ങള്‍ക്കുമുമ്പ് കോപ ഫൈനലില്‍ ചിലിയോട് തോറ്റ് അര്‍ജന്‍റീന കണ്ണീരോടെ മടങ്ങുമ്പോള്‍ ആര്‍ത്തലച്ച അതേ ഗാലറിയെയും ആരാധകരെയും നിശബ്ദമാക്കി ലയണല്‍ മെസ്സിയും കൂട്ടരും പകരംവീട്ടി. പക്ഷേ, കൂട്ടുവരാന്‍ ഒരു കപ്പില്ളെന്നു മാത്രം. 2018 ഫിഫ ലോകകപ്പ് തെക്കനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ അഞ്ചാം അങ്കം കോപ ഫൈനലിന്‍െറ ‘റീപ്ളേ’ മാച്ചായി മാറിയപ്പോള്‍ 2-1നാണ് അര്‍ജന്‍റീന ജയിച്ചുകയറിയത്. കളിയുടെ 11ാം മിനിറ്റില്‍ ഫിലിപ് ഗ്വിറ്റിറസിലൂടെ ചിലി അര്‍ജന്‍റീനയുടെ വലകുലുക്കിയപ്പോള്‍ ഇളകിമറിയുകയായിരുന്നു നാഷനല്‍ സ്റ്റേഡിയം. ലയണല്‍ മെസ്സിയും സെര്‍ജിയോ അഗ്യൂറയും എയ്ഞ്ചല്‍ ഡി മരിയയും അടക്കുമുള്ള വമ്പന്മാര്‍ നിരന്ന അര്‍ജന്‍റീനക്ക് കളമുണരുംമുമ്പേ ലഭിച്ച ഷോക്കായി കോര്‍ണര്‍ കിക്കിന് തലവെച്ച് നേടിയ ഗോള്‍. തിരിച്ചടിക്കുള്ള കാത്തുനില്‍പ് വെറുതെയുമായില്ല. 20ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയും 25ാം മിനിറ്റില്‍ ഗബ്രിയല്‍ മെര്‍കാഡോയും ചേര്‍ന്ന് ചിലി ഗോളി ക്ളോഡിയോ ബ്രാവോയുടെ ചോര്‍ച്ചയില്ലാത്ത കൈകള്‍ പൊട്ടിച്ചു.ആദ്യ മിനിറ്റുകളില്‍ പിറന്ന ഈ ഗോള്‍ മതിയായിരുന്നു മത്സരഫലം നിര്‍ണയിക്കാന്‍. പിന്നീടുള്ള ഒരു മണിക്കൂറിലേറെ സമയം പോരാട്ടം തുടര്‍ന്നതല്ലാതെ ഇരുവര്‍ക്കും പന്ത് വലയിലത്തെിക്കാനായില്ല.ഇതോടെ അഞ്ചു കളിയില്‍ രണ്ടാം ജയവുമായി അര്‍ജന്‍റീന നാലാം സ്ഥാനത്തത്തെി.

അര്‍ജന്‍റീന നിരയില്‍ യാവിയര്‍ മഷറാനോയും ചിലിയുടെ മുന്‍ നിരയില്‍ അര്‍തുറോ വിദാലുമായിരുന്നു ശ്രദ്ധേയമായ അസാന്നിധ്യങ്ങള്‍. അലക്സിസ് സാഞ്ചസും മത്യാസ് ഫെര്‍ണാണ്ടസും ചേര്‍ന്ന് ആതിഥേയര്‍ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ഏഴാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് പരിക്കേറ്റ് കളംവിട്ടത് മുര്‍ച്ചകുറച്ചു. അതേസമയം, ത്രിമൂര്‍ത്തികളിലൂടെയായിരുന്നു അര്‍ജന്‍റീന ആക്രമണം. മെസ്സി-അഗ്യൂറോ-ഡിമരിയ കൂട്ടിന്‍െറ മുന്നേറ്റം തടയാന്‍ ഇസ്ലയും മെനയും പാടുപെട്ടു. സന്ദര്‍ശകരുടെ കുതിപ്പിനിടെയായിരുന്നു ഗ്വിറ്ററസ് അര്‍ജന്‍റീനയെ പിന്നിലാക്കി സ്കോര്‍ ചെയ്തത്. പക്ഷേ, ഡി മരിയ നല്‍കിയ മറുപടി ഗോളില്‍ എല്ലാമുണ്ടായിരുന്നു. ചിലിയുടെ മധ്യവരയിലേക്കുള്ള ലോങ് ക്രോസ് പിടിച്ചെടുത്ത റോഹോയിലൂടെ പന്ത് അര്‍ജന്‍റീനയുടെ ഇടതു വിങ്ങിലേക്ക്. അഗ്യൂറോയിലൂടെ എവര്‍ ബനേഗയിലേക്കും പിന്നീട് മരിയയിലേക്കും. സ്റ്റോപ് ചെയ്ത് തൂക്കിയെടുത്ത ഷോട്ട് ക്ളോഡിയോ ബ്രാവോയെയും ഞെട്ടിച്ച് വലകുലുക്കിയ അര്‍ജന്‍റീന താരങ്ങളും അന്തംവിട്ടു. ഡി മരിയ മാത്രം വിശ്വാസിച്ച മാജിക്കിലൂടെ അര്‍ജന്‍റീന ഒപ്പത്തിനൊപ്പം 1-1.
അഞ്ചു മിനിറ്റിനുള്ളില്‍ വീണ്ടും ഗോള്‍. ഇക്കുറി പെനാല്‍റ്റി ബോക്സിനു പുറത്ത് ഒടമെന്‍ഡി നല്‍കിയ ഹെഡറിലൂടെ പന്തത്തെിയത് മെസ്സിയുടെ ബൂട്ടില്‍. നിമിഷ വേഗത്തില്‍ പന്ത് പിറകിലേക്ക് ഫ്ളിക് ചെയ്ത മെസ്സിയില്‍നിന്നും ഗബ്രിയേല്‍ മെര്‍കാഡോ ഫുള്‍വോളിയിലൂടെ വലയിലേക്ക്്. ബാലന്‍സ് തെറ്റിയ ഗോളി ബ്രാവോയെ കാഴ്ചക്കാരനാക്കി അര്‍ജന്‍റീനക്ക് വിജയം. രണ്ടാം പകുതിയില്‍ സാഞ്ചസിലൂടെ ചിലിക്ക് ചില അവസരങ്ങള്‍ പിറന്നെങ്കിലും ഗോള്‍ വല കുലുക്കാന്‍ കഴിഞ്ഞില്ല. മഷറാനോയുടെ അസാന്നിധ്യത്തിലും കുറ്റിയുറപ്പുള്ള പ്രതിരോധം തീര്‍ത്തായിരുന്നു അര്‍ജന്‍റീനയുടെ പോരാട്ടം.
കൊളംബിയക്ക് ജയം
മറ്റൊരു മത്സരത്തില്‍ കൊളംബിയ 3-2ന് ബൊളീവിയയെ തോല്‍പിച്ചു. ഹാമിഷ് റോഡ്രിഗസ്, കാര്‍ലോസ് ബാക്ക, എഡ്വിന്‍ കര്‍ഡോണ എന്നിവരാണ് കൊളംബിയക്കുവേണ്ടി വലുകുലുക്കിയത്. എക്വഡോര്‍-പരഗ്വേ  (2-2), പെറു-വെനിസ്വേല (2-2) മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. 13 പോയന്‍റുമായി എക്വഡോറാണ് ഒന്നാമതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.