ദോഹ: അണ്ടർ 23 ഏഷ്യൻ ഫുട്ബാൾ ടൂർണമെൻറ് സി ഗ്രൂപ് യോഗ്യത റൗണ്ടിന് ബുധനാഴ്ച ഖത്തറിൽ തുടക്കം. ഇന്ത്യ, ഖത്തർ, സിറിയ, തുർക്മെനിസ്താൻ ടീമുകളാണ് അടുത്ത വർഷം ചൈനയിൽ നടക്കുന്ന ടൂർണമെൻറിന് യോഗ്യത കരസ്ഥമാക്കാൻ ദോഹയിൽ നടക്കുന്ന ഗ്രൂപ് സി റൗണ്ടിൽ പോരടിക്കുന്നത്. ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിക്ക് നടക്കുന്ന ആദ്യ കളിയിൽ ഇന്ത്യ സിറിയയെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി എട്ടു മണിക്ക് ഖത്തറും തുർക്മെനിസ്താനും ഏറ്റുമുട്ടും.
ഇന്ത്യയുടേത് ഭാവിയിലേക്കുള്ള ടീമാണെന്നും ഇൗ ടീമിൽ തനിക്കേറെ പ്രതീക്ഷയുണ്ടെന്നും കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടീമിലെ ചിലരെങ്കിലും സമീപഭാവിയിൽ സീനിയർ ടീമിൽ ഇടംപിടിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കഴിഞ്ഞതവണ ഫൈനൽ റൗണ്ടിൽ കളിച്ച ടീമാണ് സിറിയ. ടൂർണമെൻറിന് ടീം ഏറെ പ്രാധാന്യം കൽപിക്കുന്നുവെന്നും മികച്ച കളിതന്നെ കെട്ടഴിക്കുമെന്നും സിറിയൻ കോച്ച് ഹുസൈൻ അഫാഷ് പറഞ്ഞു.
ന്യൂഡൽഹിയിൽ രണ്ടാഴ്ച നീണ്ട പരിശീലന ക്യാമ്പിനുശേഷം സിംഗപ്പൂരിൽ രണ്ടു സന്നാഹമത്സരങ്ങളും കളിച്ചാണ് ടീം ദോഹയിലെത്തിയത്. വെള്ളിയാഴ്ച ഖത്തറിനെതിരെയും (പ്രാദേശിക സമയം രാത്രി എട്ടു മണി) ഞായറാഴ്ച തുർക്മെനിസ്താനെതിരെയും (അഞ്ചു മണി) ആണ് ഇന്ത്യയുടെ മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.