ബെർലിൻ: കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ടെന്നിസ് താരങ്ങൾക്ക്. സെർബിയയുടെ നൊവാക് ദ്യോകോവിചും യു.എസിൻെറ സെറീന വില്യംസുമാണ് ഇത്തവണത്തെ മികച്ച പുരുഷ-വനിതാ കായിക താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. ഭിന്നശേഷിക്കാരിൽ മികച്ച താരമായി ബ്രസീലിൻെറ പാരലിമ്പിക് നീന്തൽ താരം ഡാനിയൽ ദിയാസിനെ തെരഞ്ഞെടുത്തു. പോയ വർഷത്തിലെ ഏറ്റവും മികച്ച കായിക പ്രകടനം നടത്തിയവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
കഴിഞ്ഞ വർഷം നാല് ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തിയ 28കാരനായ ദ്യോകോവിച് മൂന്നിലും ചാമ്പ്യൻമാരായി. 34കാരിയായ സെറീന വില്യംസ് മൂന്ന് ഗ്രാൻഡ് സ്ലാം കിരീടമാണ് നേടിയത്. 27 വയസ്സുള്ള ഡാനിയൽ ദിയാസ്, കഴിഞ്ഞ വർഷം നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഏഴ് സ്വർണമെഡലുകളാണ് സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് ഇദ്ദേഹം ലോറിയസ് പുരസ്കാരത്തിന് അർഹനാകുന്നത്. ഇതിന് മുമ്പ് 2009ലും 2013ലുമാണ് പുരസ്കാര നേട്ടം.
ന്യൂസിലൻഡിൻെറ റഗ്ബി ടീമിനാണ് മികച്ച ടീമിനുള്ള പുരസ്കാരം. കഴിഞ്ഞ വർഷത്തെ റഗ്ബി ലോകകപ്പ് കിരീടം കിവീസിനായിരുന്നു. കിവി റഗ്ബി ടീമിൻെറ ക്യാപ്റ്റൻ ഡാൻ കാർട്ടർ മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് മാച്ചായിരുന്നു അദ്ദേഹം.
ബാഴ്സലോണയുടെ സൂപ്പർ താരം ലിയോ മെസ്സി ആക്ഷൻ സ്പോർട്സ്മാൻ പുരസ്കാരം നേടി. തൻെറ 500ാം ഗോൾ നേടിയതിൻെറ പിറ്റേന്നാണ് മെസ്സിക്ക് പുരസ്കാരം ലഭിക്കുന്നത്. സ്പിരിറ്റ് ഓഫ് സ്പോർട്ട് അവാർഡ് മരണാനന്തര ബഹുമതിയായി ഡച്ച് ഫുട്ബാൾ ഇതിഹാസം യോഹൻ ക്രൈഫിന് നൽകി. അടിസ്ഥാന ജീവിത സാഹചര്യങ്ങൾ നിഷേധിക്കപ്പെട്ട കുട്ടികൾക്ക് കായികരംഗവമുായി ബന്ധപ്പെട്ട സഹായങ്ങൾ നൽകിയത് പരിഗണിച്ചാണ് ക്രൈഫിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസമാണ് ക്രൈഫ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.