റിയോ ഡെ ജനീറോ: സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ മികവില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന സാനിയ മിര്‍സയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സഖ്യം വനിതാ ഡബ്ള്‍സ് ആദ്യ റൗണ്ടില്‍ പുറത്തായതോടെ ടെന്നിസില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍. സാനിയയും പ്രാര്‍ഥന തൊംബാരെയുമടങ്ങിയ ജോടി 7-6 (8-6), 5-7, 7-5 എന്ന സ്കോറിനാണ് ഷുവായ് സാങ്-ഷുവായ് പെങ് ടീമിനോട് കീഴടങ്ങിയത്. കഴിഞ്ഞദിവസം ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയുമടങ്ങിയ സഖ്യം പുരുഷ ഡബ്ള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. സാനിയ-പ്രാര്‍ഥന ടീം കൂടി തോറ്റതോടെ ഇനി മിക്സഡ് ഡബ്ള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യത്തില്‍ മാത്രമാണ് പ്രതീക്ഷ ബാക്കിയുള്ളത്.
ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരങ്ങേറിയത്. ഡബ്ള്‍സില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം സമീപകാലത്ത് വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ സാനിയയുടെ പെരുമയില്‍ ഭയക്കാതെ റാക്കറ്റേന്തിയ ചൈനീസ് സഖ്യം ഒപ്പത്തിനൊപ്പം നിന്നു. ഇരു ടീമുകളും സര്‍വ് നിലനിര്‍ത്താന്‍ പാടുപെട്ട സെറ്റ് ടൈബ്രേക്കറില്‍ 8-6നാണ് ചൈനക്കാര്‍ സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ മികവ് കണ്ടത്തെിയ ഇന്ത്യന്‍ സഖ്യം 2-0ത്തിനും 3-1നും ലീഡ് നേടിയശേഷം 5-5ന് തുല്യത വഴങ്ങി. എന്നാല്‍, അവസരത്തിനൊത്തുയര്‍ന്ന സാനിയയുടെ കരുത്തില്‍ വീണ്ടും എതിരാളികളുടെ സര്‍വിസ് ബ്രേക് ചെയ്ത ഇന്ത്യ 7-5ന് സെറ്റ് പിടിച്ച് തുല്യതയിലത്തെി. മൂന്നാം സെറ്റില്‍ 3-3നും 5-5നും ഒപ്പംനിന്ന ശേഷം പ്രാര്‍ഥനയുടെ സര്‍വ് ബ്രേക് ചെയ്ത ഷുവായ് സാങ്-ഷുവായ് പെങ് സഖ്യം തങ്ങളുടെ സര്‍വിസ് നിലനിര്‍ത്തിയതോടെ ഇന്ത്യന്‍ ടീം പുറത്തേക്കുള്ള വഴിയിലേക്ക് നീങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.