ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്: ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍

ഹൈദരാബാദ്: തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന ഇന്ത്യന്‍ പുരുഷ ടീം ബാഡ്മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലിലേക്ക് കുതിച്ചു. ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍ മലേഷ്യക്കെതിരെ പൊരുതിനേടിയ 3-2 ജയവുമായാണ് ആതിഥേയര്‍ അവസാന നാലു ടീമുകളില്‍ ഇടംപിടിച്ചത്. 2-2ന് സമനിലയില്‍ നില്‍ക്കെ നിര്‍ണായക സിംഗ്ള്‍സ് പോരാട്ടം ജയിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് ആണ് ഇന്ത്യക്ക് സെമിയിലേക്കുള്ള വഴിയൊരുക്കിയത്. ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടെക് സി സൂവിനെ 21-12, 22-20 എന്ന സ്കോറിനാണ് പ്രണോയ് മുട്ടുകുത്തിച്ചത്. 27ാം ലോകറാങ്കുകാരനായ പ്രണോയ് ആദ്യ ഗെയിം അനായാസം നേടിയെങ്കിലും രണ്ടാം ഗെയിമില്‍ മലേഷ്യന്‍ താരം ശക്തമായി തിരിച്ചടിച്ചു. എന്നാല്‍, തന്നെക്കാള്‍ താഴ്ന്ന റാങ്കുകാരനായ എതിരാളിക്കെതിരെ കരുത്തുമുഴുവന്‍ പുറത്തെടുത്ത പ്രണോയ് അവസാന പോയന്‍റും നേടി ഗെയിമും മത്സരവും സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പിരിമുറുക്കം മാഞ്ഞ് ആഹ്ളാദനിമിഷങ്ങളത്തെി.

നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ. ശ്രീകാന്ത് ആദ്യ സിംഗ്ള്‍സ് മത്സരം അനായാസം ജയിച്ചുകയറി. ഗ്രൂപ് ഘട്ടത്തില്‍ തോല്‍വിയറിയാതെ കുതിച്ച ശ്രീകാന്ത്, മലേഷ്യയുടെ ലോക 38ാം നമ്പര്‍ താരമമായ സുല്‍ഫാദ്ലി സുല്‍കിഫ്ലിക്കെതിരെ 21-14, 21-15നാണ് ജയിച്ചത്. തുടര്‍ന്ന് നടന്ന ഡബ്ള്‍സ് പോരില്‍ മനു അത്രി-സുമീത് റെഡ്ഡി ജോടിയും ജയം നേടിയതോടെ ഇന്ത്യ 2-0ത്തിന് മുന്നിലത്തെി. എന്നാല്‍, 25ാം റാങ്കുകാരനായ അജയ് ജയറാം വീണത് ഇന്ത്യക്ക് തിരിച്ചടിയായി. നിരവധി അണ്‍ഫോഴ്സ് എററുകള്‍ വരുത്തിയ ജയറാം, 39ാം റാങ്കുകാരനായ സുല്‍കര്‍നെയ്ന്‍ സൈനുദ്ദീനോട് 21-17, 12-21, 16-21നാണ് തോറ്റത്. പിന്നാലെ രണ്ടാം ഡബ്ള്‍സ് മത്സരവും ഇന്ത്യയുടെ കൈവിട്ടുപോയി. പ്രണവ് ജെറി ചോപ്ര-അക്ഷയ് ദെവല്‍കര്‍ സഖ്യം യു സിന്‍ ഒങ്-ഈ യി ടിയോ ജോടിയോട് 14-21, 21-14, 12-21നാണ് തോല്‍വി വഴങ്ങിയത്. ഇതോടെയാണ് എല്ലാ പ്രതീക്ഷയും പ്രണോയ്യുടെ ചുമലിലായത്. ജയവുമായി ആ പ്രതീക്ഷ കാക്കാനും മലയാളി താരത്തിന് കഴിഞ്ഞതോടെ അവസാന പുഞ്ചിരി ആതിഥേയരുടേതായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.